എന്തുകൊണ്ട് തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഇടപെടുന്നില്ല?
ബി. ഗോപാലകൃഷ്ണന്‍ എന്ന സംഘ്പരിവാര്‍ നേതാവ് ബി.ജെ.പി ലേബലില്‍ സംസ്ഥാനത്തുടനീളം വര്‍ഗീയവിഷം വാരിവിതറാന്‍ തുടങ്ങിയത് ഇന്നോ ഇന്നലെയോ അല്ല. ചാനലുകളില്‍ കയറിയിരുന്നു വിഡ്ഢിത്തങ്ങള്‍ വിളമ്പിക്കൊണ്ടിരിക്കുന്ന ഇയാളെ തൃശൂരിലെ ജനങ്ങള്‍ തൃശൂര്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ തോല്‍പിച്ചുവിട്ടതാണ്. ബി.ജെ.പിക്ക് വോട്ടുണ്ടെന്ന് പറയുന്ന തൃശൂര്‍ ജില്ലയില്‍ സുരേഷ് ഗോപിയെ കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ജനം തോല്‍പിച്ചത് ബി. ഗോപാലകൃഷ്ണനു പാഠമായില്ല. മേയര്‍ കുപ്പായം തയ്പിച്ചുവച്ച് തൃശൂര്‍ കോര്‍പറേഷനിലേക്ക് മത്സരിച്ചു തോറ്റതും ഇയാള്‍ക്ക് പാഠമായില്ല. ഒല്ലൂര്‍ നിയോജക മണ്ഡലത്തിലെ എന്‍.ഡി.എ സ്ഥാനാര്‍ഥിയായ ഗോപാലകൃഷ്ണന്‍ മുസ്‌ലിം വിദ്വേഷവുമായി തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയിരിക്കുകയാണ്.
കേരളത്തില്‍ അടുത്തകാലത്തൊന്നും ബി.ജെ.പിക്ക് പച്ച തൊടാന്‍ കഴിയില്ലെന്നു പറഞ്ഞത് കേരളത്തിലെ ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവ് ഒ. രാജഗോപാല്‍ ആണ്. അന്താരാഷ്ട്ര പ്രശസ്തനായ പത്രപ്രവര്‍ത്തകന്‍ പി. സായ്‌നാഥും ഒ. രാജഗോപാലിന്റെ നിഗമനം ശരിവച്ചിരുന്നു. ഇതൊന്നും ബി. ഗോപാലകൃഷ്ണനെ പോലുള്ള വര്‍ഗീയ കോമരങ്ങളെ പിന്തിരിപ്പിക്കുന്നില്ല. ബി.ജെ.പി നേതൃത്വത്തിന് അഭികാമ്യനാകാനാണ് മറ്റൊന്നും പറയാനില്ലാതെ, ഗോപാലകൃഷ്ണനെ പോലുള്ളവര്‍ മുസ്‌ലിംകള്‍ക്കെതിരേ നിരന്തരം വര്‍ഗീയ വിഷം ചീറ്റുന്നത്. എന്നാല്‍ ബി. ഗോപാലകൃഷ്ണന്റെ വര്‍ഗീയ പ്രചാരണത്തിനെതിരേ മുഖ്യധാരാ രാഷ്ട്രീയപ്പാര്‍ട്ടികള്‍ പൊലിസിലോ, തെരഞ്ഞെടുപ്പ് കമ്മിഷനിലോ പരാതി കൊടുക്കാത്തതാണ് മതനിരപേക്ഷ ജനതയെ ആശങ്കപ്പെടുത്തുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ വര്‍ഗീയ പരാമര്‍ശം പാടില്ലെന്ന് കോടതികളുടെ വിലക്കുണ്ടായിട്ടും മുഖ്യതെരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കറാം മീണയ്ക്ക് സ്വമേധയാ നടപടിയെടുക്കാന്‍ അധികാരമുണ്ടായിട്ടും അനങ്ങാതെ ഇരിക്കുന്നത് കേരളം നാളിതുവരെ സൂക്ഷിച്ചുപോന്ന, മലയാളിയുടെ പൈതൃക സ്വത്തായ മത സാഹോദര്യം ഇല്ലാതാക്കാന്‍ മാത്രമേ ഉപകരിക്കൂ. സര്‍ക്കാര്‍ നല്‍കുന്ന റേഷനരിയില്‍ ബദ്ധശ്രദ്ധനായ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ക്ക് കേരളത്തിന്റെ സാമുദായിക സൗഹാര്‍ദം തകര്‍ക്കാന്‍ കച്ചകെട്ടിയിറങ്ങിയ ബി. ഗോപാലകൃഷ്ണനെ പോലുള്ള സംഘ്പരിവാര്‍ കുബുദ്ധികളെ നിലയ്ക്കുനിര്‍ത്താന്‍ ത്രാണിയില്ലെന്നാണോ ?
ഒല്ലൂരില്‍ നിയമസഭാ പ്രചാരണത്തിന്റെ ഭാഗമായി വോട്ടുതേടി സെന്റ് ആന്റണീസ് ഫൊറോന ദേവാലയത്തിലെ ഫാദര്‍ ജോസ് കോനിക്കരയെ സമീപിച്ചാണ് ബി. ഗോപാലകൃഷ്ണന്‍ തന്റെ കവിളിനുള്ളില്‍ സൂക്ഷിച്ച വിഷം മുഴുവന്‍ ചീറ്റിയത്. 'കുറേ കൊല്ലം മുന്‍പുവരെ തൃശൂര്‍ ടൗണില്‍ നിറയെ ക്രിസ്ത്യാനികളായിരുന്നു. ഇപ്പോള്‍ ടൗണില്‍ ഇസ്‌ലാമികവല്‍ക്കരണമാണ് നടക്കുന്നത്. കമ്യൂണിസ്റ്റുകാരെയും കോണ്‍ഗ്രസുകാരെയും നയിക്കുന്നത് മുസ്‌ലിംകളാണ്. ലൗ ജിഹാദാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇന്ത്യയില്‍ മാത്രമല്ല ലോകം മുഴുവന്‍ ഇസ്‌ലാമികവല്‍ക്കരണം നടന്നുകൊണ്ടിരിക്കുകയാണ്. ക്രൈസ്തവ രാജ്യങ്ങളൊക്കെ ഇസ്‌ലാമിക രാജ്യങ്ങളായി മാറിക്കൊണ്ടിരിക്കുകയാണ്'. ഇങ്ങനെ നൂറുകൂട്ടം 'പുതിയ അറിവുകള്‍' ഗോപാലകൃഷ്ണന്‍ ഫാദറിന് കൈമാറി. സാധാരണക്കാരോടാണ് ഈ വിഡ്ഢിത്തം ഗോപാലകൃഷ്ണന്‍ വിളമ്പുന്നതെങ്കില്‍ അത് കേള്‍വിക്കാരുടെ പരിമിതിയാണെന്ന് കരുതാം. എന്നാല്‍ ലോകത്ത് നടക്കുന്ന ചലനങ്ങള്‍ അപ്പപ്പോള്‍ അറിഞ്ഞുകൊണ്ടിരിക്കുന്ന പള്ളി വികാരിമാരുടെ അരികില്‍ പോയി യാതൊരു ലജ്ജയുമില്ലാതെ പച്ചയ്ക്ക് വര്‍ഗീയ വിദ്വേഷം പ്രചരിപ്പിക്കാന്‍ ബി. ഗോപാലകൃഷ്ണനെ പോലുള്ളവര്‍ക്കേ കഴിയൂ. ഉത്തരേന്ത്യയില്‍ കന്യാസ്ത്രീകളെ എ.ബി.വി.പിക്കാര്‍ ആക്രമിക്കാന്‍ കാരണം ആളുമാറിപ്പോയതുകൊണ്ടാണെന്നും ശിരോവസ്ത്രം കണ്ട് മുസ്‌ലിം സ്ത്രീകളുടെ തട്ടമാണെന്നു കരുതി ആക്രമിച്ചതാണെന്നും ഗോപാലകൃഷ്ണന് ഫാദര്‍ ജോസ് കോനിക്കരയോട് പറയാന്‍ തോന്നിയില്ല എന്നത് ഭാഗ്യം. ശത്രുവാര് മിത്രമാര് എന്ന് ഫാദര്‍ തിരിച്ചറിയണമെന്നും ഗോപാലകൃഷ്ണന്‍ ഉപദേശിക്കുന്നുണ്ട്. ഖുര്‍ആന്‍ ഓതുന്നവര്‍ക്ക് പെന്‍ഷന്‍ കൊടുക്കുന്നുണ്ടെന്ന് ഗോപാലകൃഷ്ണന്‍ പറഞ്ഞാല്‍ അത് തൊണ്ട തൊടാതെ വിഴുങ്ങാന്‍ വിവരം കെട്ടവരല്ല, ഒ. രാജഗോപാല്‍ പറഞ്ഞ സാക്ഷരരായ മലയാളികള്‍.
വിവരക്കേടും, വര്‍ഗീയ വിദ്വേഷവും, വിഡ്ഢിത്തവും പറഞ്ഞു കൊണ്ടിരിക്കുന്ന ബി. ഗോപാലകൃഷ്ണനെപ്പോലുള്ളവര്‍ക്ക് ചാനലുകള്‍ അമിത പ്രാധാന്യം നല്‍കിയതാണ് ഈ വിപത്തുകള്‍ക്കെല്ലാം കാരണം. വിഡ്ഢിത്തങ്ങള്‍ ഇത്തരം ആളുകള്‍ക്ക് അലങ്കാരമായിരിക്കാം. പക്ഷേ സമൂഹത്തിനാണ് അത് പരുക്കേല്‍പ്പിക്കുന്നത്. വ്യക്തികളെ മാത്രമല്ല, ചരിത്ര വസ്തുതകളെത്തന്നെ വക്രീകരിച്ചും കള്ളത്തരങ്ങള്‍ ആവര്‍ത്തിച്ചും ഇത്തരം ആളുകള്‍ നിറഞ്ഞാടിയതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് ചാനലുകള്‍ക്ക് മാറിനില്‍ക്കാനാവില്ല. എം.ടി വാസുദേവന്‍ നായര്‍ക്കെതിരേയും അടൂര്‍ ഗോപാലകൃഷ്ണനെതിരേയും അധിക്ഷേപങ്ങള്‍ ചൊരിയുവാന്‍ ബി. ഗോപാലകൃഷ്ണനു ചാനലുകളുടെ ശീതീകരണമുറി തുറന്നിട്ടവര്‍ എന്ത് മാധ്യമധര്‍മമാണ് നിര്‍വഹിച്ചുകൊണ്ടിരിക്കുന്നതന്ന് അറിഞ്ഞാല്‍ കൊള്ളാം. ടെലിവിഷന്‍ ചാനലുകളുടെ നാലയലത്തുപോലും വരാന്‍ യോഗ്യതയില്ലാത്തവരെ ചാനല്‍ മുറികളിലെ പതുപതുത്ത ഇരിപ്പിടങ്ങളില്‍ ആസനസ്ഥരാക്കിയ ചാനലുകാരാണ് ഇത്തരം കിരാതമൂര്‍ത്തികളെ പൊതുസമൂഹത്തില്‍ വര്‍ഗീയ വിഷം തുപ്പാന്‍ തുറന്നുവിട്ടതിന്റെ ഉത്തരവാദികള്‍. ഗാന്ധിജിയെ കൊന്ന ഗോഡ്‌സെക്ക് കമ്യൂണിസ്റ്റ് ബന്ധമുണ്ടെന്നും ഒരു അമ്പലം കത്തിനശിച്ചാല്‍ അത്രയും അന്ധവിശ്വാസം ഇല്ലാതാകുമെന്നും പറഞ്ഞത് ഇ.എം.എസ് ആണെന്ന പമ്പരവിഡ്ഢിത്തം എഴുന്നള്ളിച്ച വ്യക്തിയാണ് ഗോപാലകൃഷ്ണന്‍. കൊല്ലപ്പെട്ടിട്ടില്ലായിരുന്നെങ്കില്‍ ഗാന്ധിജിയും ബി.ജെ.പിയില്‍ ചേര്‍ന്നേനെയെന്നും ഇയാള്‍ തട്ടിവിട്ടിട്ടുണ്ട്.
ഇയാള്‍ പൊതുസമൂഹത്തില്‍ വര്‍ഗീയ വിഷം വിതറിക്കൊണ്ടിരിക്കുന്നതിനെതിരേ സംസ്ഥാന പൊലിസും തെരഞ്ഞെടുപ്പ് കമ്മിഷനും നടപടിയെടുക്കാത്തത് ഒരിക്കലും അംഗീകരിക്കാനാവില്ല. ഗോപാലകൃഷ്ണന്റെ വര്‍ഗീയ വിദ്വേഷ പ്രചാരണങ്ങള്‍ക്ക് മറുപടി പറഞ്ഞ് അയാളെ വലുതാക്കേണ്ട എന്ന് മുഖ്യധാരാ രാഷ്ട്രീയപ്പാര്‍ട്ടികളുടെ നേതാക്കള്‍ കരുതുന്നുണ്ടാവാം. എന്നാല്‍ ഇയാള്‍ക്കെതിരേ തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ ലംഘിച്ചതിന് എന്തുകൊണ്ട് തെരഞ്ഞെടുപ്പ് കമ്മിഷന്‍ നടപടിയെടുക്കുന്നില്ല ? എന്തുകൊണ്ട് പാര്‍ട്ടി നേതൃത്വങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കുന്നില്ല? എന്തുകൊണ്ട് സര്‍ക്കാര്‍ നടപടിയെടുക്കുന്നില്ല?
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."