ബദൽ നയമില്ലാതെ ബദൽ ഭരണമുണ്ടാവില്ല
കെ.എൻ.എ ഖാദർ
തെരഞ്ഞെടുപ്പിന്റെ തലേദിവസം, തലങ്ങും വിലങ്ങും ഓടി, തട്ടിക്കൂട്ടിയുണ്ടാക്കുന്ന മുന്നണി സമാനമായ സംവിധാനങ്ങൾക്ക്, മേലിലും തെരഞ്ഞെടുപ്പുകളിൽ ജയിക്കാനാവില്ല. ഒരു ട്രെയിൻ ലക്ഷ്യസ്ഥാനത്തെത്തുവാൻ സുശക്തവും കാര്യക്ഷമവുമായ എൻജിനും ഇന്ധനവും വിവരവും വിവേകവും പരിചയ സമ്പത്തുമുള്ള പൈലറ്റും നിർബന്ധമാണ്. അത് പ്രയോജനപ്പെടാൻ ആവശ്യാനുസരണം ബോഗികളും ബോഗികളിൽ വേണ്ടത്ര യാത്രികരും അനിവാര്യമാണ്. യന്ത്രവും മനുഷ്യരും ചേർന്നുള്ള ഈ കൂട്ടായ്മയാണ് ആധുനിക ലോകത്ത് കർമങ്ങൾക്കുള്ള കരുത്തു നൽകുന്നത്. രാഷ്ട്രീയരംഗത്തും ചില പാർട്ടികൾക്ക് എൻജിനും ചിലർക്ക് ബോഗികളും മാത്രമാണുള്ളത്. ഇതു രണ്ടുമുള്ളവർക്ക് യാത്രികരുമില്ല. എല്ലാം ചേരാതെയോടുന്ന വണ്ടികൾ രാജ്യത്തിനു പാഴ്ചിലവ് സൃഷ്ടിക്കുന്നു. ഇവയെല്ലാം തികഞ്ഞാലും എവിടെ നിന്നു എങ്ങോട്ടുപോവണം? എന്തിനു പോവണം, എപ്പോൾ എങ്ങിനെ പോവണം തുടങ്ങിയ കാര്യങ്ങളിൽ വ്യക്തതയും സുതാര്യതയും വേണം. ഇവയെല്ലാം കാര്യക്ഷമമായി കൂട്ടിയോജിപ്പിച്ച് ഒത്തൊരുമയോടെ പ്രവർത്തിക്കുന്ന ജീവനക്കാരും സഹായികളും വേറെയും ആവശ്യമാണ്.
ഭരണത്തിന്റെ കാലൊച്ച മാത്രം കാതോർത്തുകഴിയുന്ന കക്ഷികൾക്ക് അതു ലഭിച്ചുകൊള്ളണമെന്നില്ല. ബദൽ നയങ്ങൾ ഇല്ലാതെ ബദൽ ഭരണങ്ങൾ ഉണ്ടാവില്ല. ഉണ്ടായിട്ടു കാര്യവുമില്ല. നിലവിലുള്ള ഭരണനിർവഹണത്തിന്റെ തനിയാവർത്തനം മറ്റൊരു കൂട്ടർ വഴി നടത്തുന്നതിൽ കാര്യമില്ല. അതുകൊണ്ട് കൃത്യമായ ഒരു നയവും പരിപാടിയും മതേതര കക്ഷികൾക്കു വേണം. അവ ഏതെല്ലാം വിധത്തിൽ ഇപ്പോൾ ഭരണത്തിലുള്ള കക്ഷികളുടെ നയങ്ങളേക്കാൾ മികച്ചതാണെന്നും രാജ്യത്തിനും ജനങ്ങൾക്കും ഗുണകരമാണെന്നും ഈ നയങ്ങളുടെ ഉപജ്ഞാതാക്കൾക്ക് ബോധ്യമുണ്ടാവണം ആ വിവരം ജനങ്ങൾ അറിയണം. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന പാർട്ടികൾ പ്രഖ്യാപിച്ച നയവും പരിപാടികളും അവർ നടപ്പിലാക്കുമെന്നും ജനങ്ങൾക്ക് ബോധ്യപ്പെടണം.
പാർട്ടികളുടെയോ മുന്നണിയുടേയോ സംഘടനാപരമായ ശക്തിയും അതിനുനേതൃത്വം നൽകുന്നവരുടെ കരുത്തും വിശ്വാസ്യതയും സത്യസന്ധതയും വോട്ടർമാർക്ക് ബോധ്യപ്പെടുകയും വേണം. ആത്മവിശ്വാസം ജനങ്ങളിൽ സൃഷ്ടിക്കുവാൻ നേതൃത്വത്തിനും നയങ്ങൾക്കും സംഘടനക്കും സാധിക്കണം.
നയങ്ങളെക്കുറിച്ചുള്ള ചർച്ചകൾ ഇന്നത്തെ ഇന്ത്യയിൽ വിരളമാണ്. പാർട്ടികളും ജനങ്ങളും അതുസംബന്ധിച്ച് മൂർച്ചയേറിയ സംവാദങ്ങൾ നടത്തണം. അത്തരം രാഷ്ട്രീയ സംവാദങ്ങൾ മതേതര കക്ഷികൾക്ക് ഗുണം ചെയ്യും. ഇന്നത്തെ കേന്ദ്ര സർക്കാറിനെ അധികാരത്തിൽ നിന്നു നീക്കി, മതേതരത്വത്തിലും ജനാധിപത്യത്തിലും ബഹുസ്വരതയിലും വിശ്വസിക്കുന്ന, ഭരണഘടനയെയും രാജ്യത്തിന്റെ പാരമ്പര്യങ്ങളെയും മാനിക്കുന്ന ഒരു പുതിയ കൂട്ടായ്മ അധികാരത്തിലെത്തണം. വിവിധ സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന ജനസ്വാധീനമുള്ള പ്രാദേശിക കക്ഷികൾക്ക് ചിലപ്പോൾ ലക്ഷ്യം ഭരണ പങ്കാളിത്തം മാത്രമായിരിക്കും. ദേശീയ സ്വഭാവമുള്ള കക്ഷികൾക്കും അഭിനിവേശം അധികാരത്തോട് തന്നെയായിരിക്കാം അത് കുറ്റകരമാണെന്ന് കരുതാനാവില്ല. അതേസമയം പ്രാദേശികമായി പ്രവർത്തിക്കുന്ന ചെറുകക്ഷികൾ ഒരിക്കൽ പോലും ഒരു വിദേശനയത്തെക്കുറിച്ചോ ആഭ്യന്തരനയത്തെക്കുറിച്ചോ സാമ്പത്തിക നയത്തെകുറിച്ചോ പ്രത്യേക ധാരണകൾ ഉള്ളവരാവില്ല. മുഴുവൻ ജനങ്ങളെയും ബാധിക്കുന്ന ഒട്ടനേകം വിഷയങ്ങളെകുറിച്ച് സവിശേഷ കാഴ്ചപ്പാടുകൾ ഈ പാർട്ടികൾക്കു ഉണ്ടാവണമെന്നില്ല. മതനിരപേക്ഷ ജനാധിപത്യ മൂല്യങ്ങൾവച്ചു പുലർത്തുന്ന ഒരു മുന്നണി കെട്ടിപ്പടുത്ത് വർഗീയ-വംശീയ-ഏകാധിപത്യ വലതുപക്ഷ-ഫാസിസ്റ്റ്-കോർപ്പറേറ്റ് നിലപാടുകളുമായി മുന്നേറുന്ന എൻ.ഡി.എ സർക്കാറിനെയും ഭരണകക്ഷിയേയും തോൽപ്പിക്കണം. അത്തരം ഒരു മുന്നണിക്ക് വ്യക്തമായ ഒരു നയം ഉണ്ടാവണം. അതു മികച്ചതായിരിക്കണം. ഇന്ത്യൻ ജനതയുടെ ഭൗതിക ജീവിതം മെച്ചപ്പെടുത്തുന്നതും സമാധാനപരമായ സഹവർത്തിത്വം ജനങ്ങളിൽ ഉണ്ടാക്കുന്നതുമാവണം. ആശയപരമായ ഔന്നത്യം സർവ പ്രധാനമാണ്.
ആശയങ്ങളുടെ കരങ്ങളിൽ ഭൗതിക ശക്തിയാണ് മനുഷ്യൻ. മനുഷ്യകരങ്ങളിലെ ആത്മീയ ശക്തിയാണ് ആശയം. അതുകൊണ്ട് തന്നെ ഏത് വിധത്തിലെങ്കിലും അധികാരം പിടിച്ചെടുക്കുകയും അപ്പപ്പോൾ തോന്നുന്നതുപ്രവർത്തിക്കുകയും ചെയ്യുകയല്ലാ വേണ്ടത്. ഇന്ത്യ നിലനിൽക്കുവാൻ ബഹുസ്വര മൂല്യങ്ങൾ ഉയർത്തിപ്പിടിക്കണം. വർഗീയതയും വംശീയതയും പാടെ നിർമാർജനം ചെയ്യണം. ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കപ്പെടണം. എല്ലാ വിഭാഗം ഇന്ത്യക്കാരെയും തുല്യരായി കരുതണം. ഇത്തരം അടിസ്ഥാനപരമായ മൂല്യങ്ങളിൽ ഉറച്ചു വിശ്വസിക്കുന്നവർ ചേർന്നതാകണം മതേതര സഖ്യം. നിലപാടുകളിലെ വ്യത്യസ്തത ജനങ്ങൾക്കു ബോധ്യപ്പെടണം. ഇന്നത്തെ ഭരണാധികാരികൾ പിന്തുടരുന്ന നയങ്ങളിൽ അന്തർലീനമായ ആപത്തുകൾ തുറന്നു പറയണം. 2014 മുതൽ ഇന്ത്യയിലാകെയും അതിനുമുമ്പ് ഗുജറാത്തിലും നടന്ന ഹിന്ദുത്വ-ഫാസിസ്റ്റ് പരീക്ഷണങ്ങൾ രാജ്യത്തെ തകർക്കുകയാണ്. ഇന്ത്യൻ ജനതയെ മാനസികമായ പരിവർത്തനത്തിനും മസ്തിഷ്‌ക പ്രക്ഷാളനത്തിനും അവർ വിധേയമാക്കി. ഈ നീക്കങ്ങൾക്കെതിരെ ജനങ്ങളെ അണി നിരത്തുവാൻ മതേതര ശക്തികൾ വേണ്ടത്ര മെനക്കെട്ടതായി തോന്നുന്നില്ല. വർഗീയതയെയും, വംശീയതയേയും സാംസ്‌കാരിക അധിനിവേശങ്ങളെയും ആൾക്കൂട്ടക്കൊലകളെയും കലാപങ്ങളേയും ദലിത് പീഡനങ്ങളേയും പൗരത്വ നിയമങ്ങളെയും ഒക്കെ എതിർക്കുവാൻ ഇറങ്ങി പുറപ്പെട്ടവർ അധികവും രാഷ്ട്രീയ കക്ഷികളുടെ ആഹ്വാനത്തിനുകാതോർത്തുനിന്നവരല്ല. മുഖ്യധാരാപാർട്ടികളെപോലും കാത്തിരിക്കാതെ അനീതിക്കെതിരായി പൊരുതുവാൻ പുറപ്പെട്ട യുവാക്കളായിരുന്നു. തെരഞ്ഞെടുപ്പുകൾ ലക്ഷ്യമാക്കിയല്ല നമ്മുടെ ജനത അനീതിക്കെതിരെ ശബ്ദമുയർത്തിയത്. അവൻ സത്യത്തിന്റെയും നീതിയുടെയും ഭരണഘടനയുടെയും കാവൽക്കാരായി പോരാട്ടങ്ങളുടെ പ്രത്യാഘാതങ്ങൾ അവർ പരാതികളില്ലാതെ സഹിക്കുകയും ചെയ്തു. ദേശീയ പ്രസ്ഥാനം കാണിച്ച മാതൃകയും അതായിരുന്നു.
എല്ലാം കൈവിട്ടു പോകുന്നതിനുമുമ്പ് രാജ്യത്തിനുവേണ്ടി പ്രവർത്തിക്കുവാൻ മതേതര കക്ഷികൾ ഈ വഴി തെരഞ്ഞെടുക്കണം. ഡി.എം.കെയും തൃണമൂൽ കോൺഗ്രസും സമാജ്‌വാദി പാർട്ടിയും ആംആദ്മി പാർട്ടിയും ഐക്യജനാധിപത്യ മുന്നണിയും ഇന്ത്യൻ നാഷണൽ കോൺഗ്രസും ഇടതുപക്ഷവും ഒരുമിച്ച് നിന്ന് ദേശീയതലത്തിലുള്ള പോരാട്ടങ്ങൾ വളർത്തിയെടുക്കണം. സംസ്ഥാനങ്ങളിൽ പാർട്ടികൾ തമ്മിൽ നിലനിൽക്കുന്ന ശത്രുതയും ഭിന്നതയും ദേശീയ തലത്തിൽ ഉപേക്ഷിച്ച്
ഒരുമിക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."