മുഖ്യമന്ത്രി ഇന്ന് പ്രധാനമന്ത്രിയെ കാണും; സന്ദര്‍ശനം സില്‍വര്‍ ലൈന്‍ പദ്ധതിക്കുള്ള കേന്ദ്രാനുമതി വേഗത്തിലാകുന്നതുള്‍പെടെ ലക്ഷ്യമിട്ടെന്ന് സൂചന
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. സില്‍വര്‍ ലൈന്‍ പദ്ധതിക്കായുള്ള കേന്ദ്രാനുമതി വേഗത്തിലാക്കണമെന്ന ആവശ്യമുള്‍പെടെയുള്ള കാര്യങ്ങള്‍ ഉന്നയിക്കാനാണ് കൂടിക്കാഴ്ചയെന്നാണ് റിപ്പോര്‍ട്ട്. രാവിലെ പതിനൊന്ന് മണിക്ക് പാര്‍ലമെന്റിലാണ് കൂടിക്കാഴ്ച. പ്രതിഷേധങ്ങള്‍ വ്യാപകമാകുന്നെങ്കിലും പദ്ധതിയില്‍ നിന്ന് പിന്നോട്ടില്ലെന്ന വ്യക്തമാക്കുന്നതാണ് മുഖ്യമന്ത്രിയുടെ തിരക്കിട്ട ഡല്‍ഹി യാത്ര.
കേന്ദ്രാനുമതി ലഭിച്ചാല്‍ വിദേശവായ്പയടക്കമുള്ള കാര്യങ്ങള്‍ക്ക് തടസ്സമുണ്ടാകില്ലെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടുന്നത്. പ്രതിഷേധ സമരങ്ങള്‍ വ്യാപകമാവുകയും പ്രതിപക്ഷം സമരത്തിന് പ്രത്യക്ഷമായി ഇറങ്ങുകയും ചെയ്തതോടെ കെ റെയില്‍ വിരുദ്ധ പ്രക്ഷോഭം കേരളത്തില്‍ ശക്തിപ്പെട്ടിട്ടുണ്ട്. കെറെയില്‍ കല്ലിടല്‍ ഒരു ക്രമസമാധാന പ്രശ്‌നമായി വളര്‍ന്നിട്ടും സര്‍ക്കാരും മുന്നണിയും പിന്നോട്ട് പോകുന്നില്ല. പദ്ധതിയില്‍ നിന്ന് ഒരടി പിന്നോട്ടില്ലെന്ന് കഴിഞ്ഞ ദിവസം വ്യക്തമാക്കിയ മുഖ്യമന്ത്രി മറ്റൊരു നിര്‍ണ്ണായക നീക്കം കൂടിയാണ് നടത്തുന്നത്. ഇന്ന് പ്രധാനമന്ത്രിയെ കാണുമ്പോള്‍ കെ റെയില്‍ പ്രധാനവിഷയമായി അവതരിപ്പിക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമം.
കെറെയിലിന്റെ സാമൂഹ്യാഘാത പഠനം അടക്കമുള്ള മറ്റ് നടപടികള്‍ പൂര്‍ത്തീകരിക്കാനുള്ള ശ്രമം സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പ്രധാനമന്ത്രിയെ അറിയിക്കും. കെ റെയില്‍ എംഡിയും കൂടിക്കാഴ്ചയില്‍ പങ്കെടുത്തേക്കുമെന്നാണ് വിവരം. പദ്ധതിക്കെതിരെ കേരളത്തില്‍ നടക്കുന്ന പ്രതിഷേധങ്ങളെ കുറിച്ച് പ്രധാനമന്ത്രി ചോദിക്കാന്‍ സാധ്യതയുണ്ട്. സമരങ്ങള്‍ രാഷ്ട്രീയലാഭം നേടാന്‍ വേണ്ടി നടത്തുന്നതാണെന്ന നിലപാടായിരിക്കും മുഖ്യമന്ത്രി അറിയിക്കുക. ദേശീയ പാത വികസനവും, വിവിധ കാര്യങ്ങളില്‍ കേന്ദ്രത്തിന്റെ സാമ്പത്തിക സഹായം വര്‍ധിപ്പിക്കണമെന്നാവശ്യവും മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് മുന്നില്‍ വയ്ക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."