തിരുവനന്തപുരത്ത് സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തുന്നു; കോഴിക്കോട് ഇന്ന് കെ.എസ്.ആര്.ടി.സി അധിക സര്‍വീസ് ഇല്ല
തിരുവനന്തപുരത്ത്: തിരുവനന്തപുരം നഗരത്തില്‍ സ്വകാര്യബസുകള്‍ സര്‍വീസ് നടത്തുന്നു. മുഴുവന്‍ സ്വകാര്യ ബസുകളും നിരത്തിലറങ്ങിയിട്ടുണ്ട്. ബസ് ഉടമകളുടെ നിര്ദേദശമനുസരിച്ചാണ് സര്‍വീസ് നടത്തുന്നതെന്ന് ജീവനക്കാര്‍ അറിയിച്ചു.
ബസ് സമരം ജനങ്ങളെ ബാധിക്കാതിരിക്കാന്‍ കെ.എസ്.ആര്.ടി.സി കൂടുതല്‍ സര്‍വീസ് നടത്തും. യൂണിറ്റുകളിലുള്ള മുഴുവന്‍ ബസുകളും സര്‍വീസിനിറക്കാനാണ് കെ.എസ്.ആര്.ടി.സിയുടെ തീരുമാനം. ആശുപത്രി, എയര്‍പോര്‍ട്ട്, റെയില്‍വേ സ്റ്റേഷന് എന്നിവിടങ്ങളിലേക്ക് പ്രത്യേക സര്‍വീസുണ്ടാവും. ജീവനക്കാര്‍ അവധിയെടുക്കുന്നതില്‍ നിയന്ത്രണം വരുത്തിയിട്ടുണ്ട്. സ്വകാര്യ ബസുടമകള്‍ ക്രമസമാധന പ്രശ്നമുണ്ടാക്കിയാല്‍ പൊലിസ് സഹായം തേടാനും നിര്‍ദേശമുണ്ട്.
എന്നാല്‍ കോഴിക്കോട് ജില്ലയില്‍ ഇന്ന് അധിക സര്‍വീസ് ഉണ്ടാകില്ലെന്ന് കെ.എസ്.ആര്.ടി.സി അറിയിച്ചു. തിരക്കേറിയ റൂട്ടുകളില്‍ സര്‍വീസ് പുനഃക്രമീകരിച്ച് കൂടുതല്‍ ബസ്സുകള്‍ ഓടുമെന്നും കെ.എസ്.ആര്.ടി.സി അറിയിച്ചു.
ബസ് ചാര്‍ജ് വര്‍ധന ആവശ്യപ്പെട്ടാണ് സ്വകാര്യബസ് ഉടമകള്‍ സമരം പ്രഖ്യാപിച്ചത്. മിനിമം ചാര്‍ജ് എട്ട് രൂപയില്‍ നിന്ന് പന്ത്രണ്ട് രൂപയാക്കണമെന്നാണ് ബസ്സുടമകളുടെ ആവശ്യം. വിദ്യാര്‍ഥികളുടെ കണ്സഷന് നിരക്ക് ആറ് രൂപയാക്കണമെന്നും ബസ് ഉടമകള്‍ ആവശ്യപ്പെട്ടിരുന്നു. ചാര്‍ജ് വര്‍ധന ഉണ്ടാകുമെന്ന് സര്‍ക്കാര്‍ അറിയിച്ചെങ്കിലും എത്ര രൂപ കൂട്ടുമെന്നോ എപ്പോള്‍ കൂട്ടുമെന്നോ അറിയിക്കാത്തതിനെ തുടര്‍ന്നാണ് അനിശ്ചിതകാല സമരത്തിലേക്ക് പോകാന്‍ സ്വകാര്യ ബസ് ഉടമകള്‍ തീരുമാനിച്ചത്. ബസുടമകളുടെ നഷ്ടം സര്‍ക്കാരിന് അറിയാമെന്നും നിരക്ക് നിശ്ചയിക്കുന്നതിന് സമയം വേണ്ടി വരുമെന്നുമാണ് ഗതാഗത മന്ത്രി പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."