കോടികളുടെ സാമ്പത്തിക ക്രമക്കേട് കേരള ബാര്‍ കൗണ്‍സില്‍ സെക്രട്ടറിയെ പിരിച്ചുവിട്ടു
കൊച്ചി
അഭിഭാഷക ക്ഷേമനിധിയിലെ കോടികളുടെ സാമ്പത്തിക ക്രമക്കേടുകളുമായി ബന്ധപ്പെട്ട് കേരള ബാര്‍ കൗണ്‍സില്‍ സെക്രട്ടറി കെ. അജയനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു. ക്ഷേമനിധിയിലെ കണക്കുകള്‍ ഓഡിറ്റ് ചെയ്യുന്നതില്‍ വീഴ്ച വരുത്തിയെന്നു കണ്ടെത്തിയാണ് എക്സിക്യൂട്ടീവ് കമ്മിറ്റി പിരിച്ചുവിട്ടത്. ബാര്‍ കൗണ്‍സില്‍ എക്സിക്യൂട്ടീവ് കമ്മിറ്റിയും വെല്‍ഫെയര്‍ കമ്മിറ്റിയും നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് നടപടി. അഭിഭാഷക ക്ഷേമനിധിയുമായി ബന്ധപ്പെട്ടു കഴിഞ്ഞ പത്തു വര്‍ഷത്തെ കണക്കുകള്‍ പരിശോധിച്ചാല്‍ 7.5 കോടി രൂപയുടെ ക്രമക്കേടു നടന്നതായി കാണാനാവുമെന്ന് വ്യക്തമാക്കി നേരത്തെ ഹൈക്കോടതി സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഇതില്‍ കൂടുതല്‍ തുകയുടെ തട്ടിപ്പ് വിശദമായ പരിശോധനയില്‍ കണ്ടെത്താനാവുമെന്ന് അഭിപ്രായപ്പെട്ട ഹൈക്കോടതി മൂവാറ്റുപുഴ വിജിലന്‍സ് കോടതിയിലെ കേസ് ഫയല്‍ സി.ബി.ഐയ്ക്കു കൈമാറാനും 2021 ഡിസംബറില്‍ ഉത്തരവിട്ടിരുന്നു. ഇതിനു പിന്നാലെയാണ് സെക്രട്ടറിയെ പിരിച്ചുവിടാന്‍ ബാര്‍ കൗണ്‍സില്‍ തീരുമാനിച്ചത്. 2008 മുതല്‍ സെക്രട്ടറിയായി തുടരുന്ന അജയനെ സാമ്പത്തിക ഇടപാടുകള്‍ കൃത്യമായി പരിശോധിക്കുന്നതില്‍ വീഴച സംഭവിച്ചെന്ന് വിലയിരുത്തി ഭരണപരമായ ചുമതലയില്‍ നിന്ന് നേരത്തെ ഒഴിവാക്കിയിരുന്നു. ബാര്‍ കൗണ്‍സിലിലെ അക്കൗണ്ടന്റായിരുന്ന ചന്ദ്രനെ ക്രമക്കേടുമായി ബന്ധപ്പെട്ട് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."