പ്രണയബന്ധം ചോദ്യം ചെയ്തു; അച്ഛനെ പോക്‌സോ കേസില്‍ കുടുക്കി മകള്‍; പരാതിയില്‍ അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി
തൃശ്ശൂര്‍: മറ്റൊരാളുമായുള്ള മകളുടെ ബന്ധം ചോദ്യം ചെയ്തതിന് മകള്‍ അമ്മയോടൊപ്പം ചേര്‍ന്ന് അച്ഛനെ പോക്‌സോ കേസില്‍ കുടുക്കിയെന്ന പരാതിയില്‍ അന്വേഷണത്തിന് മുഖ്യമന്ത്രി ഉത്തരവിട്ടു. ഇരയാക്കപ്പെട്ട അച്ഛന്റെ പരാതിയില്‍ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്ന് കണ്ടെത്തിയാണ് നടപടി. സംഭവത്തില്‍ പൊലിസ്‌കൂടി ആരോപണ നിഴലിലാണ്.
വാടാനപ്പള്ളി പൊലിസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. പൊതുപ്രവര്‍ത്തകന്‍കൂടിയായ, കുട്ടിയുടെ അച്ഛനുമായി പിണങ്ങിക്കഴിയുകയാണ് ഭാര്യ. വിവാഹമോചനക്കേസും നടക്കുകയാണ്. 14 വയസ്സുള്ള മകള്‍ അഞ്ചാം വയസ്സുമുതല്‍ അച്ഛനോടൊപ്പമായിരുന്നു താമസം.
കേന്ദ്രസര്‍ക്കാരിന്റെ വിദ്യാഭ്യാസസ്ഥാപനത്തിലാണ് മകള്‍ പഠിച്ചിരുന്നത്. ഒരു ദിവസം രാത്രി മകളെ കാണാതായപ്പോള്‍ അന്വേഷിച്ച അച്ഛന്‍ വീട്ടുപറമ്പില്‍ മകളെയും ഒരു യുവാവിനെയും ദുരൂഹസാഹചര്യത്തില്‍ കണ്ടെത്തി. ഇത് ചോദ്യംചെയ്തതില്‍ കുപിതയായ മകള്‍ അടുത്ത ദിവസം അമ്മ താമസിക്കുന്ന ഇരിങ്ങാലക്കുടയിലെ വീട്ടിലേക്ക് പോയി.
കുട്ടിയെ ഫോണില്‍ ബന്ധപ്പെടാന്‍ അച്ഛന്‍ പലതവണ ശ്രമിച്ചെങ്കിലും കിട്ടിയില്ല. പിന്നീട് വാടാനപ്പള്ളി പൊലിസില്‍ പരാതിപ്പെടാനെത്തിയപ്പോഴാണ് മകള്‍ പരാതി നല്‍കിയിട്ടുണ്ടെന്നു പറഞ്ഞ് പോക്‌സോ കേസില്‍ അറസ്റ്റ് ചെയ്തത്.
മകള്‍ നല്‍കിയ പരാതിയില്‍ അറസ്റ്റിലായി ജയിലില്‍ക്കഴിഞ്ഞ അച്ഛന്‍ ഇപ്പോള്‍ ജാമ്യത്തിലാണ്.
നേരത്തെ വാടാനപ്പള്ളി പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ ഡിവൈ.എഫ്.ഐ. പ്രവര്‍ത്തകനെ മര്‍ദിച്ച കേസില്‍ പൊലിസിനെതിരേ സാക്ഷി പറഞ്ഞയാളാണ് പോക്‌സോ കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ടയാള്‍.
കുട്ടിയുടെ പരാതി കിട്ടിയ ഉടന്‍ പൊലിസ് അന്വേഷണമൊന്നും നടത്താതെ അറസ്റ്റുചെയ്ത് ക്രൂരമായി മര്‍ദിക്കുകയായിരുന്നു. സ്റ്റേഷനില്‍ മര്‍ദനമേറ്റെന്ന ഇയാളുടെ പരാതി കോടതി രേഖപ്പെടുത്തി. കള്ളക്കേസാണെന്നും പൊലിസും ഇതിന് കൂട്ടുനിന്നെന്നും തെളിവുകള്‍ സഹിതം ഇയാള്‍ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയിലാണ് ഇപ്പോള്‍ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. അന്വേഷണം നടത്തി ഉടന്‍ റിപ്പോര്‍ട്ട് വേണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."