ആയുർവേദത്തിലെ പി.സി.ഒ.ഡി ചികിത്സ
ഡോ. ഹൃദ്യ ആർ.എസ്
എം.ഡി (ആയു), സ്ത്രീരോഗ ചികിത്സാ വിഭാഗം മേധാവി, സഞ്ജീവനം ആയുർവേദ ഹോസ്പിറ്റൽ, കൊച്ചി
ആധുനിക യുഗത്തിൽ ആരോഗ്യരംഗം നേരിടുന്ന ഏറ്റവും വലിയ ഒരു പ്രതിസന്ധിയാണ് ജീവിതശൈലീ രോഗങ്ങൾ. ഇവയിൽ ഏറ്റവും പ്രധാനമായി പ്രതിപാദിക്കേണ്ട ഒന്നാണ് സ്ത്രീകളെ ബാധിക്കുന്ന പി.സി.ഒ.ഡി എന്ന രോഗാവസ്ഥ. ആരോഗ്യരംഗത്ത പഠനങ്ങളുടെ അടിസ്ഥാനത്തിൽ അഞ്ച് സ്ത്രീകളെ എടുക്കുമ്പോൾ അതിൽ ഒരാൾക്ക് പി.സി.ഒ.ഡി അനുബന്ധ രോഗങ്ങൾ കണ്ടുവരാറുണ്ട്. ഇന്നത്തെ യുവ തലമുറയിലെ പെൺകുട്ടികളിൽ പി.സി.ഒ.ഡി സർവ സാധാരണമായി കണ്ടുവരുന്ന ഒരു അവസ്ഥയാണ്. പി.സി.ഒ.ഡിയെ നിസാരമായി കാണേണ്ട ഒരു രോഗമല്ല. കൃത്യമായ ചികിത്സ നൽകിയില്ലെങ്കിൽ ഗുരുതരമായ അവസ്ഥയിലേക്ക് അത് എത്തിച്ചേർന്നേക്കാം. ആയുർവേദം പി.സി.ഒ.ഡിയെ ഒരു 'വാത- കഫ' ആർത്തവ ദൃഷ്ടിയായാണ് പരിഗണിക്കുന്നത്. ശരീരത്തിൽ ത്രിദോഷങ്ങളുടെ സന്തുലിതാവസ്ഥ നഷ്ടപ്പെടുകയും അഗ്നിമാന്ദ്യംമൂലം ആമാവസ്ഥയിലേക്ക് ശരീരത്തിനെ കൊണ്ടെത്തിക്കുകയും ചെയ്യുന്നു. ആയുർവേദ ചികിത്സയിലൂടെ അഗ്നിബലത്തെ കൂട്ടി ആമത്വത്തിനെ ഉന്മൂലനം ചെയ്ത് ശരീരത്തിന്റെ പ്രവർത്തന ക്ഷമത വർധിപ്പിച്ച് അണ്ഡാശയങ്ങളെ അവയുടെ പ്രകൃത കർമങ്ങളിലേക്ക് എത്തിക്കുകയാണ് ചെയ്യുന്നത്. ആയുർവേദത്തിന്റെ അടിസ്ഥാന ചികിത്സയായ പഞ്ചകർമം-വമനം-വിരേചനം, വസ്തികൾ, നസ്യം മുതലായവയാണ് പ്രധാനമായും ചെയ്യുന്നത്. ഇതിലൂടെ ശരീര ശുദ്ധി കൈവരിച്ചതിനു ശേഷം നിർദേശിക്കപ്പെട്ട കാലയളവിൽ വ്യാധിഹര ഔഷധങ്ങൾ സേവിക്കുകയും പഥ്യം പാലിക്കുകയും അനാരോഗ്യപരമായ ജീവിതശീലങ്ങൾ ഒഴിവാക്കിയും ചെയ്താൽ രോഗാവസ്ഥ ഒരുപരിധിവരെ ഇല്ലാതാക്കാം. പ്രാരംഭഘട്ടത്തിൽ നിർണയിക്കപ്പെടുന്ന പി.സി.ഒ.ഡി കൃത്യമായ ചികിത്സകൊണ്ടും ജീവിതശൈലികൊണ്ടും ഒരു പരിധിവരെ ഭേദമാക്കാവുന്നതാണ്.
എന്നാൽ പി.സി.ഒ.ഡിയെ നിസാരവൽക്കരിച്ചു കഴിഞ്ഞാൽ അമിതഭാരം, ഗർഭകാലത്തുണ്ടാകുന്ന പ്രമേഹം, രക്തസമ്മർദം, ഗർഭം അലസിപ്പോകുക, വന്ധ്യത, എന്റോ മെട്രിയൽ കാർസിനോമ തുടങ്ങിയ പ്രശ്‌നങ്ങളിലേക്ക് എത്തിച്ചേരുന്നതാണ്.
കൃത്യമായ ആഹാര ശൈലി, പോഷക സംപുഷ്ടമായ ഭക്ഷണക്രമം, ദിവസവും രണ്ട് മുതൽ മൂന്ന് ലിറ്റർവരെ ചെറു ചൂടുവെള്ളം കുടിക്കുക, ദൈനംദിന ആഹാരത്തിൽ ഇലക്കറികളും പഴക്കറികളും പച്ചക്കറികളും ഉൾപ്പെടുത്തുക, ദിവസേന ആറുമുതൽ ഏഴു മണിക്കൂർവരെ കൃത്യമായി ഉറങ്ങുക. നിഷ്ടയോട് കൂടി വ്യായാമം ചെയ്യുക എന്നിവയാണ് പഥ്യങ്ങൾ. സംസ്‌കരിച്ച ഭക്ഷ്യവസ്തുക്കൾ (പഞ്ചസാര, മൈദ തുടങ്ങിയവ), വറുത്തതും പൊരിച്ചതുമായ ആഹാര സാധനങ്ങളുടെ അമിത ഉപയോഗം, ബേക്കറി, ജങ്ക്ഫുഡ്, കോള, പകലുറക്കം എന്നിവ ഒഴിവാക്കുന്നതും അനിവാര്യമാണ്.
കാരണങ്ങൾ
ജനിതക പാരമ്പര്യ കാരണങ്ങൾ
തെറ്റായ ജീവിത ശൈലി (വ്യായാമം ഇല്ലായ്മ, ആയാസ രഹിതമായ പ്രവർത്തന മേഖലകൾ)
മാനസിക സംഘർഷങ്ങളും പിരിമുറുക്കവും
തെറ്റായ ആഹാര ശൈലി (ക്രമം തെറ്റിയ ആഹാരം. അമിതാഹാരം. ബേക്കറി, ജങ്ക് ഫുഡ്, കോള തുടങ്ങിയ മധുര പാനീയങ്ങളുടെ ഉപയോഗം. വറുത്തതും പൊരിച്ചതുമായ സാധനങ്ങളുടെ അമിതമായ ഉപയോഗം)
ഹോർമോൺ സംബന്ധമായ രോഗങ്ങളുള്ളവർ
ഗർഭനിരോധന ഗുളികകളുടെ അമിത ഉപയോഗം
ലക്ഷണങ്ങൾ
ആർത്തവ ക്രമക്കേടുകൾ (അമിത രക്തസ്രാവം. ആർത്തവ രക്തം തീരെക്കുറവ്. നീണ്ട ഇടവേളകൾ കഴിഞ്ഞ്. ദീർഘനാൾ നീണ്ടു നിൽക്കുന്ന രക്തസ്രാവം. മാസങ്ങളോളം ആർത്തവം ഇല്ലാതിരിക്കുക)
ശരീരത്തിലുണ്ടാകുന്ന മറ്റ് മാറ്റങ്ങൾ (അമിതമായി ശരീരഭാരം കൂടുക. അമിതമായി മുഖക്കുരു. പുരുഷന്മാരുടേത് പോലുള്ള രോമ വളർച്ച. തലമുടി അമിതമായി കൊഴിയുക. കഴുത്തിന് ചുറ്റും കറുപ്പ്‌നിറം. ക്ഷീണം. തളർച്ച.
ഗർഭവതിയാകാനുള്ള കാലതാമസം, ഉണ്ടായാൽതന്നെ അലസിപ്പോകുക.
രോഗനിർണയം
പി.സി.ഒ.ഡി ഒരു പരിധിവരെ ബാഹ്യമായ ലക്ഷണങ്ങൾ കൊണ്ടുതന്നെ മനസിലാക്കാവുന്നതാണ്. രോഗ സ്ഥിരീകരണത്തിനായി അൾട്രാ സൗണ്ട് സ്‌കാനിങ്ങും രക്തപരിശോധനയും അവലംബിക്കാവുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."