ഭീതി പരത്തിയ ഒറ്റയാൻ പി.ടി.ഏഴാമനെ മയക്കുവെടിവച്ചു
പാലക്കാട്: നാലുവർഷമായി നാടിനെ നട്ടം തിരിക്കുകയും ഭീതിയിലാഴ്ത്തുകയുംചെയ്ത പിടി സെവൻ എന്ന കാട്ടുകൊമ്പനെ മയക്കുവെടി വച്ചു. മുണ്ടൂരിനും ധോണിക്കുമിടയിലെ വനാതിർത്തിക്കടുത്ത് കണ്ടെത്തിയ ഒറ്റയാൻ വനംവകുപ്പിന്റെ നിരീക്ഷണവലയത്തിലായിരുന്നു. ചീഫ് ഫോറസ്റ്റ് വെറ്റിനറി സർജൻ അരുൺ സഖറിയ ആണ് 75 അംഗ ദൗത്യസംഘത്തിന് നേതൃത്വം നൽകുന്നത്.
ആന മയങ്ങാൻ 45 മിനിറ്റ് എടുക്കുമെന്നും ഈ സമയം നിർണായകമെന്നുമാണ് ദൗത്യസംഘം പറയുന്നത്. ആനയെ ദൗത്യസംഘം നിരീക്ഷിച്ച് വരികയാണ്. പി.ടി.ഏഴാമനെ ഉടനെ ധോണിയിലെ കൂട്ടിലെത്തിക്കും. കൂട്ടിലെത്തിക്കാനുള്ള ലോറിയും ക്രെയ്‌നും കാട്ടിലേക്ക് പുറപ്പെട്ടു. മുത്തങ്ങയിൽ നിന്ന് വിക്രം, ഭരതൻ, സുരേന്ദ്രൻ എന്നീ കുങ്കിയാനകളെയും ഇതിനായി സ്ഥലത്ത് എത്തിച്ചിട്ടുണ്ട്. രണ്ട് കുങ്കികൾ രണ്ടു വശത്തു നിന്നു തള്ളുകയും മറ്റൊന്ന് പിന്നിൽ നിന്ന് ഉന്തിയുമാണു ലോറിയിൽ കയറ്റുക. ചെങ്കുത്തായ മലയിടുക്കിൽ നിലയുറപ്പിച്ചതിനെ തുടർന്ന് പി.ടി.ഏഴാമനെ പിടികൂടാനുള്ള ശ്രമം ഇന്നലെ അവസാനിപ്പിക്കുകയായിരുന്നു.
ഇന്ന് രാവിലെ തന്നെ ധോണിയിൽ കാട്ടുകൊമ്പൻ എവിടെയാണ് എന്നതിനെ കുറിച്ച് കൃത്യമായ വിവരം വനംവകുപ്പിന് ലഭിച്ചിരുന്നു. മുണ്ടൂരിനും ധോണിക്കുമിടയിലെ വനാതിർത്തിക്കടുത്ത് അകലെയല്ലാതെയാണ് കാട്ടാനയെ ദൗത്യസംഘം കണ്ടെത്തിയത്. വനം ചീഫ് ഫോറസ്റ്റ് വെറ്ററിനറി സർജൻ അരുൺ സക്കറിയുടെ നേതൃത്വത്തിൽ കൂടുതൽ ഉദ്യോഗസ്ഥർ സ്ഥലത്തെത്തുകയും മയക്കുവെടി വയ്ക്കുകയുമായിരുന്നു. ദൗത്യത്തിന്റെ ഭാഗമായി മൂന്ന് കുങ്കിയാനകളെയും എത്തിച്ചിരുന്നു.
ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിൽ റേഞ്ച് ഓഫീസർ എൻ രൂപേഷ് അടങ്ങുന്ന ഇരുപത്തഞ്ചംഗ ദൗത്യസംഘമാണ് ആനയെ മയക്കുവെടിവച്ച് പിടികൂടാൻ ചുക്കാൻ പിടിച്ചത്. നിലവിലെ സ്ഥലത്ത് തന്നെ പിടി സെവൻ തുടർന്നാൽ രാവിലെ തന്നെ പിടികൂടാൻ കഴിയുമെന്നായിരുന്നു ദൗത്യസംഘത്തിന്റെ കണക്കുകൂട്ടൽ. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പ്രവർത്തനങ്ങൾക്ക് ഒടുവിലാണ് ആനയെ മയക്കുവെടി വച്ചത്.
കഴിഞ്ഞ ഏഴുമാസമായി പാലക്കാട് ധോണി നിവാസികളുടെ പേടി സ്വപ്‌നമായിരുന്നു പി.ടി ഏഴാമൻ. കഴിഞ്ഞ വർഷം ജൂലൈ എട്ടിന് പ്രഭാതസവാരിക്കിറങ്ങിയ പ്രദേശവാസി ശിവരാമനെ കൊലപ്പെടുത്തിയ ആന, നിരവധി കൃഷിയിടങ്ങൾ ഇതിനോടകം തകർത്തു. മയക്കുവെടിവച്ച് ആനയെ പിടികൂടാനുള്ള തീരുമാനം മാസങ്ങൾക്കു മുൻപേ എടുത്തിരുന്നെങ്കിലും പിന്നീടു വനംവകുപ്പ് നിലപാട് മാറ്റി. ജനരോഷം ശക്തമായതിനെ തുടർന്നാണ് വീണ്ടും ആനയെ തളയ്ക്കാൻ ദൗത്യസംഘം ഇറങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."