ശബരിമലയില്‍ തീകോരിയിട്ട് മോദി: സ്വപ്നം കാണാനാവാത്ത തിരിച്ചടി നല്‍കുമെന്ന മുന്നറിയിപ്പുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: ശബരിമല വിഷയം ആളിക്കത്തിച്ച് പ്രധാനമന്ത്രിയുടെ കേരള പര്യടനം. കോന്നിയിലും കഴക്കൂട്ടത്തുമായിരുന്നു ഇന്ന് മോദി ഇരു മുന്നണികളേയും കടന്നാക്രമിച്ചത്. ഇടതു സര്‍ക്കാര്‍ അയ്യപ്പഭക്തരെ ആക്രമിച്ചെന്നും പുണ്യ കേന്ദ്രങ്ങള്‍ തകര്‍ക്കാന്‍ ഏജന്റുമാരെ വിടുകയാണെന്നും മോദി ആരോപിച്ചു.
അതേ സമയം ത്രിപുരയിലേതു പോലെ തെരഞ്ഞെടുപ്പില്‍ അട്ടിമറി നടത്തിക്കളയാമെന്നു കരുതിയിട്ടാണ് സംഘ്പരിവാറിന്റെ പുറപ്പാടെങ്കില്‍ അവര്‍ സ്വപ്നം കാണാത്ത തിരിച്ചടി നല്‍കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ മുന്നറിയിപ്പു നല്‍കി. കേരളത്തിന്റെ മതനിരപേക്ഷ മനസ് പുത്തന്‍ അവസരവാദ സഖ്യത്തിന്റെയും വ്യാമോഹങ്ങള്‍ അറബിക്കടലിലേക്കു വലിച്ചെറിയുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
കേരളത്തില്‍ ഒരു സീറ്റില്‍പോലും വിജയസാധ്യത ഉറപ്പിക്കാന്‍ പറ്റാത്ത പാര്‍ട്ടിയാണ് ബി.ജെ.പി. എന്നിട്ടും ഇവരുടെ പ്രധാന നേതാക്കള്‍ കേരളത്തില്‍ തമ്പടിക്കുന്നതും ഭീഷണികള്‍ മുഴക്കുന്നതും എന്ത് ഉദ്ദേശത്തിലാണ്? ത്രിപുരയില്‍ കോണ്‍ഗ്രസിനെ മുഴുവനായി വിഴുങ്ങിയാണ് ബി.ജെ.പി തടിച്ചുചീര്‍ത്തത്. ഇവിടെ കോണ്‍ഗ്രസും ലീഗുമായി ചേര്‍ന്ന് അത്തരം നീക്കങ്ങള്‍ നടത്തിയപ്പോള്‍ ജനങ്ങള്‍ ഇടതുപക്ഷത്തിനോടൊപ്പം നിന്ന ചരിത്രമാണുള്ളത്.
വികസനകാര്യങ്ങളില്‍ കഴിഞ്ഞ അഞ്ചുവര്‍ഷത്തെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ പ്രതിപക്ഷവും ബി.ജെ.പിയും തയാറാകുന്നില്ല. രണ്ടുകൂട്ടരും ഒളിച്ചോടുകയാണ്. വികസനം വേണ്ട ഇരട്ടവോട്ട് ചര്‍ച്ച ചെയ്യാമെന്നാണ് പ്രതിപക്ഷനേതാവ് പറയുന്നത്. ഒറ്റ വോട്ടുപോലും ഇരട്ടവോട്ടായി ചെയ്യരുതെന്നാണ് തങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെടുന്നത്.
ആശുപത്രികള്‍, കാര്‍ഷികരംഗത്തെ ഉല്‍പാദന വര്‍ധനവ്, വിശപ്പുരഹിത കേരളം തുടങ്ങി ജന ജീവിതത്തെ സ്പര്‍ശിക്കുന്ന ഒന്നായി നാടിന്റെ വികസനത്തെ മാറ്റാനായി എന്നതാണ് എല്‍.ഡി.എഫ് സര്‍ക്കാരിന്റെ അഭിമാനമെന്നു പറഞ്ഞ പിണറായി ബി.ജെ.പിയോ കോണ്‍ഗ്രസോ ഭരിക്കുന്ന ഏതെങ്കിലും സംസ്ഥാനത്ത് ഈ കാഴ്ചപ്പാട് കാണാനാകുമോ എന്നും ചോദിച്ചു.
അതേ സമയം വര്‍ഗീയതയ്ക്ക് കൂട്ടു നിന്നതടക്കം ഏഴു കുറ്റങ്ങള്‍ ചെയ്‌തെന്നു കാട്ടിയാണ് ഇടത് -വലത് മുന്നണികളെ പ്രധാനമന്ത്രി കടന്നാക്രമിച്ചത്. ഇടതുസര്‍ക്കാര്‍ പരാജയമാണ്. കേന്ദ്രം നല്‍കിയ സഹായം പോലും അവര്‍ കൃത്യമായി വിനിയോഗിച്ചില്ല. ആരോഗ്യം, പശ്ചാത്തല സൗകര്യവികസനം, ദുരന്തനിവാരണം എന്നീ മേഖലകളില്‍ വേണ്ട തരത്തില്‍ വിനിയോഗിക്കാത്ത സര്‍ക്കാരാണിതെന്നും മോദി ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."