എസ്.ഐ.സി വിശുദ്ധ മണ്ണില്‍ സംഘബോധത്തിന്റെ കരുത്ത്
ഇസ്മാഈല്‍ അരിമ്പ്ര
വിശുദ്ധിയുടെ തൂവെള്ള പ്രകാശം ചൊരിയുന്ന പരിശുദ്ധ ഹറമുകളുടെ നാട്ടില്‍ പ്രവാസി മലയാളികളുടെ ആദര്‍ശ കൂട്ടായ്മയായി സമസ്ത ഇസ്ലാമിക് സെന്റര്‍ അഞ്ചാം വര്‍ഷത്തിലേക്ക്. മക്കാ അല്‍ മുകര്റമയിലും മദീനാ മുനവ്വറയിലും എസ്.ഐ.സി പ്രവര്‍ത്തനം സജീവമാണ്. തിരുഗേഹങ്ങളുടെ പ്രവേശന നഗരിയായ ജിദ്ദ, രാജ്യതലസ്ഥാനമായ റിയാദ്,എണ്ണപ്പാടങ്ങളുടെ നാടായ ദമാം തുടങ്ങി പ്രധാന നഗരങ്ങളിലും പരസഹസ്രം ഗ്രാമങ്ങളിലും എസ്.ഐ.സി പ്രവര്‍ത്തിക്കുന്നു.
പരിശുദ്ധ ഖിബ്ലയുടെ ഭൂമിയില്‍ പവിത്രമായ ആശയചിന്തകളുടെ ഒത്തുചേരലും വൈജ്ഞാനിക, സേവന,കാരുണ്യ പ്രവര്‍ത്തനങ്ങളുടെ ചേര്‍ത്തുപിടിക്കലുമാണ് സമസ്തയുടെ കൊടിവാഹകരായി എസ്.ഐ.സിയുടെ സേവന മേഖല. വിദേശ മലയാളികള്‍ക്കിടയില്‍ ആദര്‍ശ കൂട്ടായ്മയൊരുക്കിയും വിദ്യാഭ്യാസ,സേവന പ്രവര്‍ത്തനങ്ങളും നടത്തിവരുന്ന പ്രാസ്ഥാനിക കുടുംബാംഗങ്ങള്‍ ഇന്ന് എസ്.ഐ.സിയുടെ കുടക്കീഴില് സംഘടിത പ്രവര്‍ത്തനങ്ങള്‍ നടത്തിവരികയാണ്. സമസ്ത കുടുംബത്തില്‍നിന്ന് വിവിധ പേരുകളില്‍ രാജ്യത്തിന്റെ വ്യത്യസ്ത പ്രവിശ്യങ്ങളിലും ചെറുതും വലുതുമായ പ്രദേശങ്ങളിലുമെല്ലാം നിലനിന്ന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയെന്ന സ്വപ്നത്തിന്റെ സാക്ഷാത്കാരമാണ് സമസ്ത ഇസ്ലാമിക് സെന്റര്‍.സമസ്തയുടെ പതിമൂന്നാമത് പോഷകഘടകമാണ് എസ്.ഐ.സി.
ആലപ്പുഴയില്‍ നടന്ന സമസ്ത തൊണ്ണൂറാം വാര്‍ഷിക സമ്മേളനത്തിലെ പ്രവാസി സെഷനിലെ പ്രധാന ആശയങ്ങളിലൊന്ന് ഈ ഏകീകൃത കൂട്ടായ്മയായിരുന്നു. ആ ചിന്തകളെ നട്ടുനനച്ച പ്രവാസി സംഘടനാ പ്രവര്‍ത്തകര്‍ കേരളാ മാതൃകയില്‍ സംഘടിത പ്രവര്‍ത്തനങ്ങളിലൂടെ ഇന്ന് എസ്.ഐ.സിയുടെ കര്‍മമണ്ഡലങ്ങളില്‍ സജീവമാണ്.
വിവിധ ജി.സി.സി രാഷ്ട്രങ്ങളില്‍ സംഘടനാ പ്രവര്‍ത്തനരംഗങ്ങള്‍ നിറസാന്നിധ്യമാണിന്ന്. സഊദി അറേബ്യയില്‍ 2018 നവംബര്‍ 23നാണ് സമസ്ത ഇസ്ലാമിക് സെന്റര്‍ (എസ്.ഐ.സി) ഏകീകൃത സംഘടനയായി രൂപം കൊള്ളുന്നത്. മദീനാ മുനവ്വറയില്വച്ച് സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ.കെ. ആലിക്കുട്ടി മുസ്ലിയാരാണ് എസ്.ഐ.സിയുടെ പ്രഖ്യാപനം നടത്തിയത്.
2021 നവംബര്‍ 21ന് മൂന്നാം സ്ഥാപക ദിനത്തില്‍ സമസ്ത അധ്യക്ഷന്‍ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ സഊദി നാഷനല്‍ കമ്മിറ്റിയുടെ പ്രഖ്യാപനവും നിര്‍വഹിച്ചു. അഞ്ചുവര്‍ഷം പിന്നിടുമ്പോള്‍ സഊദി അറേബ്യയില്‍ എസ്.ഐ.സിയുടെ പ്രവര്‍ത്തനങ്ങള്‍ സജീവമാണിന്ന്.
തിരുപ്രഭയില്‍
തിളങ്ങുന്ന മണ്ണില്‍
രാജ്യത്ത് വിവിധ തലങ്ങളില്‍ സംഘടനാ സമിതികള്‍ രൂപീകരിച്ചാണ് പ്രവര്‍ത്തന മേഖല. സഊദി നാഷനല്‍ കമ്മിറ്റിക്ക് കീഴില്‍ രാജ്യത്തെ 13 പ്രവിശ്യകളെ അടിസ്ഥാനമാക്കി പ്രൊവിന്‍സ് കമ്മിറ്റികളും അതിനു കീഴില്‍ 43 സെന്‍ട്രല്‍ കമ്മിറ്റിയും അതിനു കീഴില്‍ ഏരിയ കമ്മിറ്റിയും പ്രവര്‍ത്തിക്കുന്നു. അണി ചേരാം ഈ സംഘശക്തിയില്‍ എന്ന ശീര്‍ഷകത്തില്‍ നടന്ന അംഗത്വ കാംപയിനിലൂടെയാണ് കമ്മിറ്റികള്‍ നിലവില്‍ വന്നത്.
കര്‍മനിരതരായി
വിവിധ കൂട്ടായ്മകള്‍
തൊഴിലിടങ്ങളിലെ ഒഴിവുവേള ഫലപ്രദമായി വിനിയോഗിക്കുന്ന പ്രവാസികളുടെ സംഘബോധം പ്രശംസനീയമാണ്. ജോലി കഴിഞ്ഞു രാത്രി വൈകി റൂം അണയുന്ന ഇവര്‍ ഒത്തൊരുമിക്കുന്ന പല കൂട്ടായ്മകളും അര്‍ദ്ധരാത്രിയിലാണ്. സഊദി സമയം രാത്രി പന്ത്രണ്ടോടുക്കുമ്പോള് തുടങ്ങുന്ന സംഗമങ്ങള്‍ പുലര്‍ച്ചെ സുബ്ഹി വാങ്ക് വിളി കേള്‍ക്കുമ്പോഴായിരിക്കും സമാപിക്കുന്നത്. വെളിച്ചക്കീറ് എത്തിയാല്‍ വീണ്ടും തൊഴിലിടങ്ങളിലേക്ക്.
പ്രവാസികള്‍ മാത്രമല്ല, ഇവരുടെ കുടുംബാംഗങ്ങളും ഒത്തുചേരുന്ന പ്രോഗ്രാമുകള്‍ ഇവിടെ സജീവമാണ്. കൊവിഡിനുശേഷം പ്രവാസ ലോകത്തേക്കുള്ള തിരിച്ചുവരവ് എത്തിയതോടെ സജീവമായ കൂട്ടായ്മയില്‍ പ്രധാനമായിരുന്നു ഇക്കഴിഞ്ഞ റബീഉല്‍ അവ്വലിലെ പരിപാടികൾ. തിരുസ്നേഹത്തിന്റെ വസന്തം പെയ്തിറങ്ങിയ പുണ്യമാസത്തില്‍ രണ്ടുമാസം നീണ്ട കാംപയിനാണ് എസ്.ഐ.സി സംഘടിപ്പിച്ചത്. ആത്മീയ മജ്ലിസുകളും സര്ഗസംഗമങ്ങളും സാംസ്കാരികസദസുകളും ഇതില്‍ പ്രധാനമായിരുന്നു.
വിദേശത്ത് സമസ്തയുടെ മദ്റസകളില്‍ പഠനം നടത്തുന്ന വിദ്യാര്‍ഥികള്‍, വിവിധ മലയാളി,വിദേശ സ്കൂളുകളില്‍ പഠിക്കുന്ന മലയാളി വിദ്യാര്‍ഥികള്‍, വിസിറ്റിങ് വിസയില്‍ കുറഞ്ഞകാല വാസത്തിനെത്തിയ മലയാളി കുടുംബങ്ങളിലെ കുട്ടികള്‍ തുടങ്ങിയവരെല്ലാം ഒത്തുചേര്‍ന്ന മദ്ഹ് രാവുകള്‍ ഹൃദ്യമായിരുന്നു.
എസ്.ഐ.സിയുടെ വിഖായ സമിതി മക്ക, മദീന, ജിദ്ദ തുടങ്ങിയ സ്ഥലങ്ങളില്‍ ഹജ്ജ് വേളയില്‍ പുണ്യസ്ഥലങ്ങളില്‍ നടത്തുന്ന നിസ്വാര്‍ഥമായ സേവനങ്ങള്‍ ശ്രദ്ധേയമാണ്. ആതുരസേവനം, വിവിധ പ്രോഗ്രാമുകള്‍ക്കുള്ള സേവന പ്രവര്‍ത്തനം,എംബസി ഹെല്പ് ഡസ്ക് തുടങ്ങി പ്രവര്‍ത്തനങ്ങളില്‍ വിഖായ പങ്കാളികളാണ്. ദഅ്വ എന്ന പേരില്‍ ആത്മീയ വിങ് പ്രവര്‍ത്തിക്കുന്നു. ഖുര്‍ആന്‍-ഹദീസ് പഠന ക്ലാസുകള്‍, മജ്ലിസുന്നൂര്, സ്വലാത്ത് തുടങ്ങി ആത്മീയ സദസുകള്‍ സംഘടിപ്പിക്കുന്നു. ആത്മസംഘര്‍ഷത്തിന്റെ നീറ്റലുകളും വ്യഥകളും അകറ്റി ഹൃദയസാഫല്യത്തിന്റെ തെളിനീരു പകരുകയാണ് ഇത്തരം സദസുകള്‍.ഹജ്ജ്-ഉംറ പാക്കേജുകള്‍,വിശുദ്ധ മദീനയിലേക്കുള്ള സിയാറ യാത്രകള്‍,ചരിത്ര പ്രസിദ്ധ സ്ഥലങ്ങളിലേക്കുള്ള സന്ദര്‍ശനങ്ങള്‍ തുടങ്ങി ആത്മീയ സേവന മേഖലയില്‍ സജീവമാണ് എസ്.ഐ.സി. സഊദിയിലെ സമസ്ത മദ്റസകളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കുന്നു. ഇവിടെ സേവനം ചെയ്യുന്ന മലയാളി പണ്ഡിതന്മാര് ആത്മീയ,വൈജ്ഞാനിക സദസുകളില്‍ സഹപ്രവര്‍ത്തകര്‍ക്ക് വഴികാട്ടികളാണ്.
റിലീഫ്,എജ്യുവിങ്,ടാലന്റ്-മീഡിയ,ഫാമിലി-ടീനേജ് വിങ്ങുകള്‍ക്ക് കീഴില്‍ വിവിധ പഠന,പരിശീലന,സേവന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്.
സംഘടനാരംഗത്ത്
പുതിയ ഉള്‍ക്കരുത്ത്
നിരവധിവര്ഷങ്ങളായി സേവന രംഗത്തുള്ള പ്രവാസി സമസ്ത സംഘടനകള്‍ ഒരു കൂട്ടായ്മയായി നിലവില്‍ വന്നശേഷം കര്‍മരംഗത്ത് നവോന്മേഷത്തിലാണ്. സഊദിയുടെ വിശാല പ്രവിശ്യങ്ങളിലും ഗ്രാമങ്ങളിലും പരന്നുകിടക്കുന്ന സമസ്ത കുടുംബാംഗങ്ങള്‍ക്ക് ഏകോപനത്തിന് ഇത് അവസരമൊരുക്കുകയായിരുന്നു. മഹാമാരിക്കാലത്തിന് ശേഷം കര്‍മപരിപാടികള്‍ പുത്തനുണര്‍വോടെ സജീവമാക്കാനുള്ള തയാറാടെപ്പിലാണ് പ്രവാസി സംഘടനാപ്രവര്‍ത്തകര്‍.
ഇക്കഴിഞ്ഞ റബീഉല്‍ അവ്വല്‍-റബീഉല്‍ ആഖിര്‍ മാസങ്ങളില്‍ നടന്ന ദ്വൈമാസ കാംപയിന് ഈ രംഗത്ത് നവചലനം സൃഷ്ടിച്ചു. നീതി നീങ്ങുന്ന ലോകം,നീതി നിറഞ്ഞ തിരുനബി(സ്വ) എന്ന ശീര്‍ഷകത്തിലായിരുന്നു കാംപയിന്. ഇതിന്റെ ഭാഗമായാണ് സഊദിയിലെ സംഘടനാരംഗത്ത് പുത്തനുണര്‍വേകി സമസ്ത സന്ദേശ യാത്ര ആവിഷ്കരിച്ചത്. കേരളത്തില്‍ നിന്ന് എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദുസമദ് പൂക്കോട്ടൂരാണ് സഊദി അറേബ്യയില്‍ സന്ദേശ യാത്രക്ക് എത്തിയത്.
കേരളത്തിലും ഈയടുത്ത് തമിഴ്നാട്ടിലും സമസ്തയുടെ നേതൃത്വത്തില്‍ നടന്ന സന്ദേശ യാത്ര മാതൃകയില്‍ മലയാളികളുടെ കൂട്ടുകൂടലുകള്ക്ക് പുതിയ അനുഭൂതി പകര്‍ന്നായിരുന്നു പരിശുദ്ധ മണ്ണിലെ സന്ദേശ യാത്ര. അതേക്കുറിച്ച് അടുത്ത ആഴ്ച.
•
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."