ഹിജാബ് വിഷയത്തില്‍ സുപ്രീം കോടതിയെ സമീപിക്കും: സമസ്ത
കോഴിക്കോട്: ഹിജാബ് വിഷയത്തില്‍ കര്‍ണാടക ഹൈക്കോടതി നടത്തിയ വിധിക്കെതിരെ നീതി തേടി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ സുപ്രീം കോടതിയില്‍ ഹരജി ഫയല്‍ ചെയ്യുമെന്ന് സമസ്ത കേരള ജംഇയത്തുല്‍ ഉലമാ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളും ജനറല്‍ സെക്രട്ടരി പ്രൊഫ.കെ.ആലിക്കുട്ടി മുസ്ല്യാരും അറിയിച്ചു.
വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ശിരോവസ്ത്രത്തിനേര്‍പ്പെടുത്തിയ നിരോധനം ശരിവച്ച് കര്‍ണാടക ഹൈക്കോടതി കഴിഞ്ഞ ദിവസം ഉത്തരവിറക്കിയിരുന്നു.ഹിജാബ് ധരിക്കുന്നത് ഇസ് ലാമിക വിശ്വാസ പ്രകാരം നിര്‍ബന്ധമല്ലെന്ന നിരീക്ഷണത്തോടെയാണ് ചീഫ് ജസ്റ്റിസ് റിതു രാജ് അവസ്തി അധ്യക്ഷനായ മൂന്നംഗ ബെഞ്ച് ദേശീയ തലത്തില്‍ വിവാദമായ വിഷയത്തില്‍ വിധി പുറപ്പെടുവിച്ചിരുന്നത്.
വിധിക്കെതിരേ വിദ്യാര്‍ഥികള്‍ തന്നെയായിരുന്നു സുപ്രിംകോടതിയില്‍ അപ്പീല്‍ നല്‍കിയത്. കഴിഞ്ഞ മാസം അഞ്ചിനാണ് കര്‍ണാടക സര്‍ക്കാര്‍ സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ശിരോവസ്ത്രം ധരിക്കുന്നത് വിലക്കിയത്.
ഇതിനെതിരേ അഞ്ച് മുസ് ലിം വിദ്യാര്‍ഥിനികളാണ് കോടതിയെ സമീപിക്കുകയായിരുന്നു. സ്‌കൂള്‍ യൂനിഫോം തീരുമാനിക്കുന്നത് ഭരണഘടനാപരമായി അനുവാദമുള്ള കാര്യമാണെന്നും വിദ്യാര്‍ഥികള്‍ക്ക് അത് എതിര്‍ക്കാനാവില്ലെന്നും കോടതി വ്യക്തമാക്കുകയായിരുന്നു. ദേശീയതലത്തില്‍ കോളിളക്കം സൃഷ്ടിച്ച ശിരോവസ്ത്ര വിലക്ക് കര്‍ണാടകയില്‍ വിദ്യാഭ്യാസ മേഖലയെ സംഘര്‍ഷഭരിതമാക്കിയിരുന്നു.
കഴിഞ്ഞ ഡിസംബര്‍ 27ന് ഉഡുപ്പി ഗേള്‍സ് പി.യു കോളജ് അധികൃതര്‍ ശിരോവസ്ത്രം ധരിച്ചെത്തിയ ആറു വിദ്യാര്‍ഥിനികളെ തടഞ്ഞതോടെയാണ് കേസിനാസ്പദമായ സംഭവങ്ങളുടെ തുടക്കം. ഹിജാബ് അഴിച്ചുവച്ച് മാത്രമേ ക്ലാസില്‍ കയാറാവൂവെന്ന് അധികൃതര്‍ നിലപാടെടുക്കുകയായിരുന്നു. ഇതോടെ വിദ്യാര്‍ഥിനികള്‍ ക്ലാസ് ബഹിഷ്‌കരിച്ച് പ്രതിഷേധിച്ചു. തുടര്‍ന്ന് മറ്റു പല വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഹിജാബ് വിലക്കാന്‍ ശ്രമമുണ്ടായി. പ്രതിഷേധം സംസ്ഥാനമാകെ പടരുകയും ചെയ്തു. ഇതിനിടെ ഒരുവിഭാഗം വിദ്യാര്‍ഥികള്‍ വിഷയത്തെ വര്‍ഗീയവല്‍ക്കരിക്കുകയും കാവി ഷാള്‍ ധരിഞ്ഞ് ക്ലാസിലെത്തുകയും ജയ്ശ്രീറാം വിളിച്ച് ഹിജാബ് ധരിച്ച വിദ്യാര്‍ഥിനികളെ തടയുകയും ചെയ്തിരുന്നു.
തുടര്‍ന്ന് സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക സമിതി വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ശിരോവസ്ത്രം അനുവദിക്കേണ്ടെന്ന് ശുപാര്‍ശ നല്‍കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."