മാരുതിയുടെ ഇലക്ട്രിക് എസ്.യു.വി 2025ൽ
വീൽ
വിനീഷ്
ഒരുകാര്യം ഉറപ്പായി, ടാറ്റയോട് മുട്ടാൻ രണ്ടു വർഷത്തേക്കെങ്കിലും മാരുതിയുടെ ഇലക്ട്രിക് കാറുകൾ ഉണ്ടാകില്ല. 2025ൽ തങ്ങളുടെ ഇലക്ട്രിക് വാഹനം ഇന്ത്യൻ നിരത്തിൽ ഇറങ്ങുമെന്നാണ് മാരുതി ഇപ്പോൾ പറയുന്നത്. ഇതു കേൾക്കുമ്പോൾ മാരുതി ഇ.വിക്കായി കാത്തിരിക്കുന്നവർക്കെങ്കിലും ചെറിയ നിരാശ തോന്നാം. കാരണം രണ്ടു വർഷമെന്നത് ചെറിയൊരു കാലയളല്ല. അപ്പോഴേക്കും ഇന്ത്യയിലെ നിലവിലെ ഇ.വി രാജാവ് ടാറ്റ അതിവേഗം ബഹുദൂരം മുന്നേറും. ഇപ്പോൾ തന്നെ ടാറ്റയുടെ ടിയാഗോ ഇലക്ട്രിക്കിനായി എല്ലാവരും കണ്ണുനട്ട് കാത്തിരിക്കുന്നുണ്ട്. എന്നാൽ, ഇതിനിടയിൽ ടിയാഗോയോട് മുട്ടാൻ സി.3യുടെ ഇലക്ട്രിക് മോഡൽ സിട്രോൺ താമസിയാതെ ഇറക്കും. കൂടാതെ അതീവ രഹസ്യമായി റെനോയും തങ്ങളുടെ കൈഗർ ഇലക്ട്രിക് കാറിന്റെ പരീക്ഷണ ഓട്ടം ഇന്ത്യയിൽ നടത്തുന്നുണ്ട്.
കേട്ടവരെയെല്ലാം ഞെട്ടിച്ചതായിരുന്നു കൈഗറിന്റെ ഇലക്ട്രിക് പതിപ്പ് എത്തുന്നെന്ന വാർത്ത. ഇത്തരം സംഭവങ്ങൾ ഒരു വശത്തുള്ളപ്പോൾ പുതിയ മോഡലും ലോഞ്ചിങ്ങുകളുമൊക്കെയായി അങ്ങ് ഡൽഹിയിൽ 2023ലെ ഓട്ടോ എക്സ്പോയും പൊടിപൊടിക്കുന്നുണ്ട്. ഓട്ടോ എക്സ്പോയിൽ തന്നെയാണ് മാരുതി അവരുടെ ഇ.വി.എക്സ് എന്ന ഇലക്ട്രിക് കോൺസെപ്റ്റ് കാർ അവതരിപ്പിച്ചത്. കാർ എന്നതിലുപരി കോൺസെപ്റ്റ് എസ്.യു.വി എന്ന് പറയുന്നതായിരിക്കും ഒന്നുകൂടി ശരി.
പുതിയ ടെക്നോളജിയോ പ്ലാറ്റ്ഫോമോ അവതരിപ്പിക്കാനാണ് കോൺസെപ്റ്റ് കാറുകൾ വാഹന നിർമാതാക്കൾ ഉപയോഗിക്കുന്നത്. ഇവയെ അടിസ്ഥാനമാക്കിയായിരിക്കും നിർമിതി. റോഡിലെത്തുമ്പോൾ മോഡലിൽ നിരവധി മാറ്റങ്ങൾ ഉണ്ടായേക്കാം. 60 കിലോവാട്ട് ബാറ്ററിയുമായി എത്തുന്ന മാരുതി ഇ.വി.എക്സിന് 550 കി.മീ ആണ് റേഞ്ച്. 4,300 മില്ലിമീറ്റർ നീളമുള്ള ഒരു പ്രോപ്പർ എസ്.യു.വിയാണിത്. നീളം നാലു മീറ്ററിൽ ഒതുക്കാനുള്ള ശ്രമമൊന്നും മാരുതി നടത്തിയിട്ടില്ല. രണ്ട് വർഷത്തിനു ശേഷം എത്തുന്ന ഹ്യുണ്ടായി ക്രെറ്റ ഇലക്ട്രിക് എസ്.യു.വി അടക്കമുള്ളവയ്ക്കു ഭീഷണി ഉയർത്താനാണ് മാരുതി ലക്ഷ്യമിടുന്നത്. കാരണം ക്രെറ്റയുടേതിനു സമാനമാണ് ഇ.വി.എക്സിന്റെ നീളം.
ടൊയോട്ടയുമായി ചേർന്നാണ് മാരുതി സുസുകി ഇ.വി.എക്സ് പ്ലാറ്റ്ഫോം വികസിപ്പിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ ടൊയോട്ടയിലും സമാന മോഡൽ പ്രതീക്ഷിക്കാം. ടൊയോട്ടയ്ക്കു വേണ്ടി മാരുതിയും തിരിച്ചും വാഹനങ്ങൾ നിർമിച്ചു നൽകി ഈ സഹകരണം മുന്നേറിക്കൊണ്ടിരിക്കുകയാണല്ലോ. ഗ്രാൻഡ് വിറ്റാറയുടെ സ്ട്രോങ് ഹൈബ്രിഡ് മോഡൽ ടൊയോട്ടയാണ് മാരുതിക്ക് നിർമിച്ചു നൽകുന്നത്.
1,800 മില്ലിമീറ്റർ വീതിയും 1,600 മില്ലിമീറ്റർ ഉയരവമുള്ള എസ്.യു.വിയുടെ വീൽ ബേസ് 2,700 മില്ലിമീറ്റർ ആണ്. പൂർണമായും ഇലക്ട്രിക് ആയി ഡിസൈൻ ചെയ്തിരിക്കുന്നതിനാൽ ക്യാബിനിൽ ധാരാളം സ്ഥലസൗകര്യവും പ്രതീക്ഷിക്കാം. മുന്നിലെയും പിന്നിലെയും ടയറുകൾ കഴിഞ്ഞുള്ള ബോഡിയുടെ ഭാഗം (ഓവർ ഹാങ്) വളരെ ചെറുതാണ്. ഉള്ളിൽ പരമാവധി ക്യാബിൻ സ്പെയ്സ് ലഭിക്കാൻ ഇത് സഹായിക്കുന്നു. ഏറെക്കുറെ പരന്ന രീതിയിലുള്ള മുൻഭാഗവും നീളമേറിയ ബോണറ്റുമാണ് മോഡലിന്. പിന്നിലേക്കു ചെരിയുന്ന റൂഫ് ലൈനുകൾ പിറകിലെ ഗ്ലാസുമായി ചേരുന്ന രീതിയിലാണ് ഡിസൈൻ. ടെസ്ലയുടെ ചില മോഡലുകളെ അനുസ്മരിപ്പിക്കുന്നതാണ് അലോയ് വീൽ ഡിസൈൻ. ലോ പ്രൊഫൽ ടയറുകളാണ് പ്രദർശിപ്പിച്ച മോഡലിലുള്ളത്. വാഹനം നിരത്തിലിറങ്ങുമ്പോൾ സാധാരണ ടയറുകളിലേക്ക് മാറാനാണു സാധ്യത. 48 കിലോവാട്ട് ബാറ്ററിയുമായി 400 കി.മീ റേഞ്ചുള്ള മറ്റൊരു മോഡലും മാരുതിയുടെ പരിഗണനയിലുണ്ട്. ഇന്ത്യയിൽ ഇലക്ട്രിക് വാഹനങ്ങൾ നിർമിക്കുന്നതിനായി സുസുകി മോട്ടോർ കോർപറേഷൻ ആയിരം കോടിയാണ് മുടക്കുന്നത്. മറ്റൊരു കാര്യം കൂടി, വാഗൺ ആറിന്റെ ഇലക്ട്രിക് പതിപ്പ് വരുന്നുവെന്ന് കേട്ടിരുന്നു. ഇതിനിടയിൽ എന്തായോ എന്തോ...
•
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."