ഇരട്ട വോട്ടിനു ശ്രമിച്ചാല്‍ പിടിവീഴും: ഒരു വര്‍ഷം വരെ തടവുശിക്ഷ; മാര്‍ഗരേഖയുമായി ഇലക്ഷന് കമ്മിഷന്
തിരുവനന്തപുരം: ഇരട്ട വോട്ടുകളുടെ കാര്യത്തില്‍ ഇലക്ഷന് കമ്മിഷനും പ്രതിപക്ഷ നേതാവിനും രണ്ടഭിപ്രായമാണുള്ളതെങ്കിലും കള്ളവോട്ടിനു ശ്രമിക്കുന്നവരേ കുരുക്കാന്‍ നടപടിയുമായി ഇലക്ഷന് കമ്മിഷന്. ഇനി കള്ളവോട്ടിന് ശ്രമിച്ചാല്‍ പിടി വീഴും. ക്രിമിനല്‍ നടപടിപ്രകാരം കേസ് എടുക്കാനും ഒരു വര്‍ഷം വരെ തടവുശിക്ഷ ഉറപ്പാക്കാനുമുള്ള ഹൈക്കോടതി ഉത്തരവ് നടപ്പാക്കാനാണ് പുതിയ മാര്‍ഗരേഖയുമായി മുഖ്യ തെരെഞ്ഞടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ രംഗത്തെത്തിയിരിക്കുന്നത്.
കള്ള വോട്ട് തടയുന്നത് സംബന്ധിച്ച ഹൈക്കോടതി ഉത്തരവ് നടപ്പാക്കാനാണ് തെരഞ്ഞെടുപ്പ് കമ്മീഷന് മാര്‍ഗരേഖ പുറത്തിറക്കിയത്. ഇരട്ട വോട്ട് പട്ടിക എല്ലാ പ്രിസൈഡിംഗ് ഓഫിസര്‍മാര്‍ക്കും കൈമാറും. പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ ബൂത്തില്‍ വോട്ടിനു മുമ്പ് സത്യവാങ്മൂലം നല്‍കണമെന്നാണ് നിര്‍ദ്ദേശം. പട്ടികയിലുള്ളവരുടെ വിരലടയാളവും ഫോട്ടോയും എടുക്കുമെന്നും കമ്മീഷന്റെ മാര്‍ഗരേഖയില്‍ പറയുന്നു.
38586 ഇരട്ട വോട്ടുകള്‍ കണ്ടെത്തിയെന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷന് ഹൈക്കോടതിയെ അറിയിച്ചിരുന്നത്. എന്നാല്‍ നാല് ലക്ഷത്തി മുപ്പത്തിനാലായിരം ഇരട്ട വോട്ടുകളുണ്ടെന്നാണ് പ്രതിപക്ഷ നേതാവ് ചെന്നിത്തല വൈബ്സൈറ്റിലൂടെ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരിക്കുന്നത്.
ഇരട്ടവോട്ടുകളുടെ പട്ടിക രാഷട്രീയ പാര്‍ട്ടികള്‍ക്കും പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ക്കും നല്‍കണം എന്നായിരുന്നു ഹൈക്കോടതിയുടെയും നിര്‍ദ്ദേശം. എന്തായാലും നിര്‍ദേശം കര്ശനമാക്കണമെന്നുതന്നെയാണ് ഉയരുന്ന ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."