എട്ടാം ക്ലാസുകാരന്റെ ഇരട്ട എൻജിൻ ഹൈബ്രിഡ് കാർ മാതൃക സതേൺ ഇന്ത്യാ സയൻസ് ഫയറിലേക്ക്
കാസർകോട്: എട്ടാം ക്ലാസുകാരൻ സ്വയം വികസിപ്പിച്ചെടുത്ത ഇരട്ട എൻജിൻ ഹൈബ്രിഡ് കാർ മാതൃക സതേൺ ഇന്ത്യാ സയൻസ് ഫയറിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ചെർക്കള സെൻട്രൽ ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥി അഹമ്മദ് നിബ്രാസ് സ്വയം വികസിപ്പിച്ചെടുത്ത ഇരട്ട എൻജിനുള്ള ഹൈബ്രിഡ് കാറിന്റെ പ്രവർത്തന മാതൃകയാണ് തൃശ്ശൂർ കലേഡിയൻ സിറിയൻ ഹയർസെക്കൻഡറി സ്‌കൂളിൽ നടക്കുന്ന സതേൺ ഇന്ത്യ സയൻസ് ഫെയർ മത്സരത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. നിബ്രാസിന്റെ കാറിന്റെ മാതൃകയ്ക്ക് രണ്ട് എൻജിനാണുള്ളത്. ഒന്ന് പെട്രോളിൽ പ്രവർത്തിക്കുന്ന പ്രധാന എൻജിനും രണ്ടാമത്തേത് വൈദ്യുതിയിൽ പ്രവർത്തിക്കുന്ന എൻജിനുമാണ്. പെട്രോൾ തീർന്നാലോ പ്രധാന എൻജിൻ കേടായാലോ രണ്ടാമത്തെ എൻജിൻ ഉപയോഗിക്കാം. ചാർജ് ചെയ്യുന്നതിനായി സൗരോർജവും വാഹനം ഓടുമ്പോഴുള്ള കൈനെറ്റിക് എനർജിയും പ്രയോജനപ്പെടുത്തുന്നതിനാൽ ചാർജിങ് സ്റ്റേഷനിൽ പോയി സമയം കളയേണ്ടതില്ല. അപകടങ്ങൾ ഒഴിവാക്കാൻ സുരക്ഷയ്ക്കായി ഇതിൽ ഒരു സെൻസർ കൂടി ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ആളോ വാഹനമോ കാറിന് ഇടിക്കാൻ ഇടയാകുന്ന സന്ദർഭമുണ്ടായാൽ ഈ സെൻസർ പ്രവർത്തിച്ച് വണ്ടിയുടെ എൻജിൻ ഓട്ടോമാറ്റിക്കായി ഓഫ് ആവുകയും വാഹനം ബ്രേക്ക് ചെയ്യപ്പെടുകയും ചെയ്യും. മെക്കാനിക്കൽ എൻജിനീയറിങ് വിഭാഗത്തിൽ ഭാവിയുടെ വാഗ്ദാനമാണ് ഈ കുട്ടിശാസ്ത്രജ്ഞൻ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."