യു.എസില്‍ മാധ്യമ സ്ഥാപനങ്ങളിലും കൂട്ടപ്പിരിച്ചുവിടല്‍
ന്യൂയോര്‍ക്: ടെക് സ്ഥാപനങ്ങള്‍ക്കു പിന്നാലെ യു.എസില്‍ മാധ്യമസ്ഥാപനങ്ങളും തൊഴിലാളികളെ കൂട്ടത്തോടെ പിരിച്ചു വിടുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നാണ് നടപടി. ഇതു സംബന്ധിച്ച് മാധ്യമസ്ഥാപനങ്ങള്‍ ജീവനക്കാര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്.
വോക്സ്, ദി വെര്‍ജ് വെബ്സൈറ്റുകളുടെയും ന്യൂയോര്‍ക്ക് മാസികയുടെയും അതിന്റെ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളുടെയും ഉടമയായ വോക്സ് മീഡിയ ഏഴ് ശതമാനം ജീവനക്കാരെ പിരിച്ചുവിടുന്നതായി പ്രഖ്യാപിച്ചു. സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോള്‍ എല്ലാ വകുപ്പുകളിലെയും ജീവനക്കാരില്‍ ഏഴുശതമാനത്തെ പിരിച്ചുവിടുകയല്ലാതെ മറ്റു മാര്‍ഗങ്ങളില്ലെന്ന് വോക്സ് മീഡിയ സി.ഇ.ഒ ജിം ബാങ്കോഫ് വ്യക്തമാക്കി. 1900 ജീവനക്കാരാണ് വോക്സ് മീഡിയക്കു കീഴിലുള്ളത്. 130 പേര്‍ക്കാണ് ജോലി നഷ്ടപ്പെടുക.
വാഷിങ്ടണ്‍ പോസ്റ്റ്, സി.എന്‍.എന്‍, എന്‍.ബി.സി, എം.എസ്.എന്‍.ബി.സി, ബുസ്ഫീഡ് തുടങ്ങിയ സ്ഥാപനങ്ങളും സമാന പാതയിലാണ്.
പിരിച്ചുവിട്ടവരില്‍ താനുമുണ്ടെന്ന് അവാര്‍ഡ് ജേതാവും ഒമ്പതു വര്‍ഷമായി സ്ഥാപനത്തിന്റെ ഭാഗവുമായിരുന്ന മേഗന് മക് കാരന് ട്വീറ്റ് ചെയ്തു. 37 ആഴ്ച ഗര്‍ഭിണി കൂടിയാണ് അവര്‍. താനും തന്റെ പങ്കാളിയും മാതാപിതാക്കളാകാന്‍ പോകുന്നതിന്റെ ആകാംക്ഷയിലാണ്. അനിശ്ചിതത്വം നിറഞ്ഞ ഭാവിയാണ് ഞങ്ങളെ കാത്തിരിക്കുന്നത്മേഗന് പറഞ്ഞു. പിരിച്ചു വിടുന്നവര്‍ക്ക് നഷ്ടപരിഹാരവും കമ്പനി ഓഫര്‍ ചെയ്തിട്ടുണ്ട്.
യു.എസിലെ മാധ്യമ സ്ഥാപനങ്ങളില്‍ മാധ്യമപ്രവര്‍ത്തകരുടെ എണ്ണം ക്രമാധീതമായി കുറഞ്ഞു കൊണ്ടിരിക്കുകയാണ്. 2008ല്‍ 114,000 ജീവനക്കാര്‍ ഉണ്ടായിരുന്നത് 2021ല്‍ 85,000 ആയി ചുരുങ്ങിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."