ശ്രീലങ്കയില്‍ സ്ഥിതി മോശം: 40,000 ടണ്‍ ഡീസല്‍ നല്‍കാനൊരുങ്ങി ഇന്ത്യ
കൊളംബോ:കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ ഞെരുങ്ങുന്ന ശ്രീലങ്കയ്ക്ക് സഹായ ഹസ്തവുമായി ഇന്ത്യ. 40,000 ടണ്‍ ഡീസല്‍ ശ്രീലങ്കക്ക് നല്‍കുമെന്നാണ് ഇന്ത്യ അറിയിച്ചത്. ശ്രീലങ്കയുടെ അഭ്യര്‍ത്ഥനയെത്തുടര്‍ന്നാണ് തീരുമാനം.
ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ വൈകാതെ ശ്രീലങ്കക്ക് 40,000 ടണ്‍ ഡീസല്‍ നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മാസം തോറുമുള്ള ഏഴ് പെട്രോള്‍, ഡീസല്‍, ഏവിയേഷന്‍ ഇന്ധനം എന്നിവയുടെ ഷിപ്‌മെന്റുകള്‍ക്ക് പുറമെയായിരിക്കും ഇത്.
500 മില്യണ്‍ ഡോളര്‍ ലൈന്‍ ഓഫ് ക്രെഡിറ്റിനാണ് ഇന്ത്യ ലങ്കക്ക് ഇന്ധനം നല്‍കുന്നത്. ഉക്രൈന്‍ റഷ്യ സംഘര്‍ഷത്തിന്റെ സാഹചര്യത്തില്‍ അന്താരാഷ്ട്ര തലത്തില്‍ എണ്ണവില ഉയര്‍ന്നിരിക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് ലങ്കയുടെ അഭ്യര്‍ത്ഥന ഇന്ത്യ പരിഗണിച്ചത്.
പാചകവാതകമടക്കമുള്ള ഇന്ധനങ്ങള്‍ക്ക് കടുത്ത ക്ഷാമമാണ് ശ്രീലങ്ക നേരിടുന്നത്. ഈ സാഹചര്യത്തിലാണ് ഇന്ത്യ, ചൈന പോലുള്ള രാജ്യങ്ങളോട് ലങ്ക സഹായം അഭ്യര്‍ത്ഥിച്ചിരിക്കുന്നത്.
നേരത്തെ, മാര്‍ച്ച് 17ന് ശ്രീലങ്കക്ക് ഒരു ബില്യണ്‍ ഡോളറിന്റെ ഹ്രസ്വകാല കണ്‍സഷണല്‍ ലോണും ഇന്ത്യ അനുവദിച്ചിരുന്നു.
ശ്രീലങ്കയുടെ കാര്‍ഷിക, കയറ്റുമതി, ടൂറിസം മേഖലകള്‍ വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. കഴിഞ്ഞ രണ്ടാഴ്ചയിലധികമായി ജനങ്ങള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങിയിരിക്കുകയാണ്.
സാമ്പത്തിക പ്രതിസന്ധി പരിഹാരിക്കാനായി ശ്രീലങ്കന്‍ രൂപയുടെ മൂല്യം സര്‍ക്കാര്‍ 36 ശതമാനം കുറച്ചിരുന്നു. ഇതോടെ അവശ്യസാധനങ്ങളുടെ വില കുതിച്ചുയരുകയായിരുന്നു.
ഡോളറിന് വന്‍ ക്ഷാമമാണ് ശ്രീലങ്ക നേരിടുന്നത്. ഇതേത്തുടര്‍ന്ന് ശ്രീലങ്കന്‍ രൂപയുടെ മൂല്യം വലിയ തോതില്‍ ഇടിയുകയാണ്. രാജ്യത്ത് നിന്നുള്ള കയറ്റുമതി കുറഞ്ഞതും ഇറക്കുമതി കൂടിയതുമാണ് ശ്രീലങ്കയില്‍ ഡോളര്‍ ക്ഷാമത്തിന് വഴിവെച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."