ബൂത്ത് വീട്ടിലൊരുക്കുന്ന കാലത്തും പൂപ്പാറക്കാര്ക്ക് നടക്കണം വോട്ടുചെയ്യാന്‍ 14 കി.മീ
പറമ്പിക്കുളം: കടുവാ സങ്കേതത്തിനകത്തെ കൊടുംകാടിനുള്ളിലെ പൂപ്പാറ ആദിവാസി കോളനിക്കാര്‍ക്ക് വോട്ടുചെയ്യാന്‍ 14 കിലോമീറ്റര്‍ അകലെയുള്ള പറമ്പികുളത്തെത്തണം. ഗോത്രവിഭാഗമായ മുതുവാന്മാര് താമസിക്കുന്ന പൂപ്പാറ കോളനിയില്‍ പോളിങ് ബൂത്ത് അനുവദിക്കണമെന്ന ആവശ്യത്തിനു പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ ജില്ലാ ഭരണകൂടം മുന്‍കൈ എടുത്തു പോളിങ് ബൂത്ത് അനുവദിക്കുകയും 127 വോട്ടര്‍മാരില്‍ 108 പേര് വോട്ട് രേഖപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ പൂപ്പാറയില്‍ ബൂത്തില്ല.
കടുവയും പുലിയും ആനയുമുള്ള കാട്ടിലൂടെ മൂന്നര മണിക്കൂര്‍ സഞ്ചരിക്കണം പറമ്പിക്കുളത്തെത്താന്‍. കാടിനകത്തു വാഹന സൗകര്യമില്ലാത്തതിനാല്‍ നടന്നുവേണം പോകാന്‍. ഡാമിനുള്ളിലൂടെ മുളകൊണ്ട് നിര്‍മിച്ച ചങ്ങാടം ( പോണ്ടി) ഉപയോഗിച്ച് ഒന്നരമണിക്കൂര്‍ തുഴഞ്ഞ് പറമ്പിക്കുളത്തെ പോളിങ് സ്റ്റേഷനിലെത്താം. പ്രായമായവര്‍ക്കും സ്ത്രീകള്‍ക്കും ഡാമിനകത്തുകൂടിയുള്ള യാത്ര അപകടം പിടിച്ചതുമാണ്. വനംവകുപ്പിന്റെ വാഹനമല്ലാതെ സ്വകാര്യവാഹനങ്ങള്ക്ക്് ഇവിടേക്ക് അനുമതിയില്ല.
ഓരോ തെരഞ്ഞെടുപ്പ് വരുമ്പോഴും പൂപ്പാറയില്‍ ഒരു ബൂത്ത് വേണമെന്ന ആവശ്യവുമായി ഇവിടുത്തുകാര്‍ അധികാരികളെ സമീപിക്കും. വര്‍ഷങ്ങളായി ഈ ആവശ്യമുന്നയിച്ചിട്ടും നടപടിയായിട്ടില്ല. അതിനാല്‍ നടന്നുപോകാന്‍ കഴിയുന്നവര്‍ മാത്രമേ വോട്ടുചെയ്യാറുള്ളൂ. പ്രായമായവരും അസുഖങ്ങളുള്ളവരും വോട്ട് ചെയ്യാന്‍ എത്താറില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."