കാര്‍ ലോറിയിലേക്ക് ഇടിച്ചുകയറി; ആലപ്പുഴയിലുണ്ടായ അപകടത്തിന്റെ സി.സിടിവി ദൃശ്യങ്ങള്‍ പുറത്ത്
ആലപ്പുഴ: അമ്പലപ്പുഴ കാക്കാഴം ദേശീയപാതയില്‍ അഞ്ചുപേരുടെ മരണത്തിനിടയാക്കിയ അപകടത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്. തിരുവനന്തപുരം ഭാഗത്തുനിന്ന് അമിത വേഗത്തിലെത്തിയ കാര്‍ ആന്ധ്രാപ്രദേശില്‍നിന്ന് അരി കയറ്റിവരികയായിരുന്ന ലോറിയില്‍ ഇടിക്കുകയായിരുന്നു. നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ലോറിയിലേക്ക് ഇടിച്ചുകയറുന്നതാണ് ദൃശ്യങ്ങളില്‍ ഉള്ളത്.
അമിതവേഗവും അശ്രദ്ധയുമാണ് അപകടകാരണമെന്ന് പ്രാഥമിക പരിശോധനയ്ക്കുശേഷം മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഇന്ന് പുലര്‍ച്ചെ 1.30 നാണ് അമ്പലപ്പുഴ കാക്കാഴം ദേശീയപാതയില്‍ അപകടമുണ്ടായത്. തിരുവനന്തപുരം ആലത്തൂര്‍ യേശുദാസിന്റെ മകന്‍ ഷിജിന്‍ ദാസ് (24), ആലത്തൂര്‍ കുളത്തിന്‍കര കാപ്പുകാട്ടില്‍ മോഹനന്റെ മകന്‍ മനു (24), ആലത്തൂര്‍ തെക്കേക്കര പുത്തന്‍വീട്ടില്‍ ശ്രീകുമാറിന്റെ മകന്‍ പ്രസാദ് (25), കൊല്ലം മണ്‍ട്രോത്തുരുത്ത് അനു നിവാസില്‍ രാധാമണിയുടെ മകന്‍ അമല്‍ (28), തിരുവനന്തപുരം മുട്ടട അഞ്ജനയില്‍ ചാക്കോയുടെ മകന്‍ സുമോദ് എന്നിവരാണ് മരിച്ചത്. നാലുപേര്‍ സംഭവ സ്ഥലത്തും അമല്‍ മെഡിക്കല്‍ കോളജിലുമാണ് മരിച്ചത്.
ഐ.എസ്.ആര്‍.ഒയിലെ കണ്ടിജന്‍സി ജീവനക്കാരായ ഇവര്‍ വിവാഹത്തില്‍ പങ്കെടുക്കാന്‍ കാറില്‍ പോവുകയായിരുന്നു. കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."