അതിരുവിട്ട ആഘോഷം വേണ്ട, ഉത്തരവാദിത്വം സ്‌കൂൾ മേലധികാരികൾക്ക് നിർദേശവുമായി വിദ്യാഭ്യാസ വകുപ്പ്
സ്വന്തം ലേഖകൻ
കോഴിക്കോട്
വിദ്യാർഥികളുടെ അതിരുവിട്ട സെന്റ് ഓഫ് ആഘോഷം നിയന്ത്രിക്കാൻ അധ്യാപകർക്കും സ്‌കൂൾ മേലധികാരികൾക്കും വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശം. സ്‌കൂൾ കാംപസിനുള്ളിലേക്ക് വിദ്യാർഥികൾ വാഹനവുമായി വരരുതെന്നും അതിരുവിട്ട ആഘോഷങ്ങൾ അനുവദിക്കരുതെന്നും വിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ച സർക്കുലറിൽ പറയുന്നു. ഇതുമായി ബന്ധപ്പെട്ടുണ്ടാകുന്ന അനിഷ്ട സംഭവങ്ങൾക്ക് സ്‌കൂൾ മേലധികാരികൾക്കായിരിക്കും പൂർണ ഉത്തരവാദിത്വമെന്നും നടപടി സ്വീകരിക്കുമെന്നും പൊതുവിദ്യാഭ്യാസ ഡയരക്ടർ എല്ലാ വിദ്യാഭ്യാസ ഉപഡയരക്ടർമാർക്കും നൽകിയ സർക്കുലറിൽ പറയുന്നു.
മലബാർ ക്രിസ്ത്യൻ കോളജ് ഹയർസെക്കൻഡറി സ്‌കൂളിലെയും മുക്കം കളൻതോട് എം.ഇ.എസ് കോളജിലെയും ആഘോഷപരിപാടികളാണ് കഴിഞ്ഞദിവസം അതിരുകടന്നത്. രൂപമാറ്റം വരുത്തിയ വാഹനങ്ങൾ കാംപസിലേക്ക് കടക്കുന്നത് തടയാൻ സ്‌കൂൾ മേധാവികൾക്ക് ഉൾപ്പെടെ അധികാരമുണ്ട്. എന്നാൽ, ഇക്കാര്യത്തിൽ ക്രിസ്ത്യൻ കോളജ് സ്‌കൂൾ അധികൃതർക്ക് വീഴ്ചപറ്റിയെന്നാണ് വിലയിരുത്തൽ.
അതേസമയം, കളൻതോട് കോളജിൽ ജെ.സി.ബിയിൽ ആഘോഷം നടത്തിയ ഒമ്പത് വിദ്യാർഥികൾക്കെതിരേയും മലബാർ ക്രിസ്ത്യൻ കോളജ് സ്‌കൂളിലെ സംഭവത്തിൽ മൂന്ന് വിദ്യാർഥികൾക്കെതിരേയും പൊലിസ് കേസെടുത്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."