ഗിയറുള്ള സൈക്കിള്‍ ഓടിക്കാന്‍ ലൈസന്‍സ് വേണമെന്ന് അമ്മ; അപേക്ഷയുമായി നാലാം ക്ലാസുകാരന്‍ പൊലിസ് സ്‌റ്റേഷനിലേക്ക്,വലഞ്ഞ് പൊലിസ്
ഇടുക്കി: നാലാംക്ലാസുകാരന്റെ പരാതിയില്‍ കുഴങ്ങി പൊലിസ്. റോഡിലൂടെ ഗിയറുള്ള സൈക്കിള്‍ ഓടിക്കാന്‍ ലൈസന്‍സ് നല്‍കണമെന്ന അപേക്ഷയുമായാണ് നാലാംക്ലാസുകാരന്‍ പൊലിസ് സ്റ്റേഷനിലെത്തിയത്. ഇടുക്കി നെടുങ്കണ്ടത്താണ് സംഭവം.
സൈക്കിളുമായി റോഡില്‍ പോവണമെന്ന ആഗ്രഹത്തിന് തടയിടാന്‍ അമ്മ കണ്ടെത്തിയ ഉപായമായിരുന്നു ലൈസന്‍സ് വേണമെന്നത്. ഈ ആഗ്രഹത്തിന്റെ പുറത്താണ് ഹണി കോട്ടേജില്‍ രാജേഷ് ഗ്രീഷ്മ ദമ്പതികളുടെ മകനായ ദേവനാഥ് വിചിത്ര ആവശ്യവുമായി പൊലീസിനെ സമീപിച്ചത്.
ബുക്കില്‍ നിന്ന് കീറിയെടുത്ത കടലാസില്‍ എഴുതിയ കത്തിന്റെ ഉള്ളടക്കം ഇതാണ്. എനിക്ക് സൈക്കിള്‍ ഓടിക്കാന്‍ അനുവാദം തരണം. റോഡിലൂടെ സൈക്കിള്‍ ഓടിക്കാനുള്ള അനുവാദം തരണമെന്ന് താഴ്മയായി അപേക്ഷിക്കുന്നു. അപേക്ഷ കണ്ട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സംഭവങ്ങളുടെ ചുരുളഴിയുന്നത്. മൂന്ന് മാസം മുന്‍പ് അമ്മാവന്മാരാണ് ദേവനാഥിന് വിദേശനിര്‍മ്മിതമായ ഗിയറുള്ള സൈക്കിള്‍ സമ്മാനം നല്‍കിയത്. കാല്‍ എത്താതിരുന്നിട്ടും മൂന്ന് മാസം ഏറെ പരിശ്രമിച്ചാണ് സൈക്കിള്‍ ദേവനാഥ് പഠിച്ചെടുത്തത്.
സ്‌കൂളിലേക്ക് സൈക്കിളുമായി പോകണമെന്ന മകന്റെ ആഗ്രഹത്തിന് തടയിടാനായി ലൈസന്‍സ് വേണമെന്ന് അമ്മ പറഞ്ഞത് നാലാം ക്ലാസുകാരന്‍ സീരിയസായി എടുക്കുകയായിരുന്നു. ലൈസന്‍സില്ലാതെ സൈക്കിള്‍ ഓടിച്ചാല്‍ വണ്ടി പൊലീസ് പിടിക്കുമെന്ന ഭയത്തേത്തുടര്‍ന്നാണ് പൊലീസിനെ നാലാം ക്ലാസുകാരന്‍ സമീപിച്ചത്. വീട്ടില് രക്ഷിതാക്കളില്ലാത്ത സമയത്തായിരുന്നു അപേക്ഷയുമായി കുട്ടി സ്റ്റേഷനിലെത്തിയത്. കാര്യങ്ങള്‍ ചോദിച്ചറിഞ്ഞ പൊലീസ് കുട്ടിയെ മിഠായി നല്‍കി രക്ഷിതാക്കളെ വിളിച്ചുവരുത്തി അവര്‍ക്കൊപ്പം അയയ്ക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."