HOME
DETAILS

വികസനം വിള്ളൽ വീഴ്ത്തിയ ജോഷിമഠ്

  
backup
January 24 2023 | 20:01 PM

45321-563554

റജിമോൻ കുട്ടപ്പൻ


ഇടിഞ്ഞുതാഴ്ന്നുകൊണ്ടിരിക്കുന്ന ജോഷിമഠിനെക്കുറിച്ചുള്ള വാർത്തകൾ ഉത്തരാഖണ്ഡിനെ മാത്രമല്ല ലോകത്തെയൊന്നാകെ ഞെട്ടിച്ചിരിക്കുന്നു. ഐ.സ്.ആർ.ഒയുടെ നാഷനൽ റിമോട്ട് സെൻസിങ് സെന്ററിൽ നിന്നുള്ള വിവരങ്ങൾ പ്രകാരം കഴിഞ്ഞ ഏപ്രിൽ-നവംബർ മാസങ്ങൾക്കിടയിൽ ഒമ്പത് സെന്റി മീറ്ററാണ് ജോഷിമഠിലെ ഭൂമി ഇടിഞ്ഞുതാഴ്ന്നിട്ടുള്ളത്. 2022 ഡിസംബർ എട്ടിനും 2023 ജനുവരി മൂന്നിനും ഇടയിൽ മാത്രം അഞ്ച് സെന്റിമീറ്റർ ഭൂമി താഴ്ന്നിട്ടുണ്ടെന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത് അതിവേഗത്തിലുള്ള ഇടിഞ്ഞുതാഴൽ ഭൗമോപരിതലത്തിൽ നടക്കുന്നുണ്ടെന്നാണ്. ഈ പ്രദേശം താഴ്ന്നുപോകുന്നതോടെ ഏകദേശം ഇരുപതിനായിരത്തോളം ആളുകൾക്ക് കിടപ്പാടം നഷ്ടമാകും.


ഹിമാലയൻ പ്രദേശങ്ങളിൽ ആദ്യമായല്ല സമാനദുരന്തം സംഭവിക്കുന്നത്. 2021ൽ ചമോലിയിലുണ്ടായ പ്രളയത്തിൽ തപോവൻ അണക്കെട്ടിലെ തൊഴിലാളികളുൾപ്പെടെ ഇരുന്നൂറോളം പേർക്കാണ് ജീവഹാനി സംഭവിച്ചത്. 2013ലെ ശക്തമായ മഴയെത്തുടർന്ന് ഗംഗ, യമുന നദികളിലും ഇവയുടെ പോഷകനദികളിലുമുണ്ടായ വെള്ളപ്പൊക്കത്തിൽ സമീപ പ്രദേശങ്ങളിലെ നിരവധി റോഡുകളും പാലങ്ങളും കെട്ടിടങ്ങളും തകർന്നിരുന്നു. ഹിമാലയൻ പ്രദേശങ്ങളിൽ സമാന ദുരന്തങ്ങൾ സാധാരണമാകുമ്പോൾ ഈ പ്രകൃതിദുരന്തങ്ങളെ നിസ്സാരമായി കാണാനാവില്ല. വർധിച്ചുവരുന്ന ഇത്തരം ദുരന്തങ്ങൾക്കു പിന്നിലെ പ്രധാന കാരണം വികസനത്തിന്റെ പേരിലുള്ള വിവേകപൂർവമല്ലാത്ത നിർമാണപ്രവർത്തനങ്ങളാണ്. വാസ്തവത്തിൽ ഇവയൊന്നും പ്രകൃതി ദുരന്തങ്ങളല്ല പകരം മനുഷ്യനിർമിത ദുരന്തങ്ങളാണ്. വികസനമെന്ന പേരിൽ നടത്തുന്ന മനുഷ്യന്റെ അത്യാഗ്രഹം ഇനിയും തുടർന്നുകൂടാ എന്നുള്ളതാണ് നടന്നുകൊണ്ടിരിക്കുന്നതും കഴിഞ്ഞുപോയതുമായ ദുരന്തങ്ങൾ നൽകുന്ന പാഠം.
ക്ഷയോന്മുഖവും പരിസ്ഥിതി ലോലവുമായ പർവതപ്രദേശങ്ങളിൽ യാതൊരു നിയന്ത്രണങ്ങളുമില്ലാതെ നടക്കുന്ന നിർമാണപ്രവർത്തനങ്ങളാണ് ജോഷിമഠിന്റെ തകർച്ചയിലേക്ക് നയിച്ചത്. പരമാവധി ജലവൈദ്യുത സ്രോതസ്സുകൾ സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ നിരവധി അണക്കെട്ടുകളാണ് ഹിമാലയത്തിൽ നിന്നുള്ള ഓരോ നദിക്ക് കുറുകെയും കെട്ടിപ്പൊക്കിയിരിക്കുന്നത്. ഓരോ പദ്ധതിയേയും പ്രത്യേകമായി എടുത്തു പഠിച്ചാലൊന്നും ഈ പദ്ധതികൾ ആവാസവ്യവസ്ഥയിൽ വരുത്തിയിരിക്കുന്ന ആഘാതങ്ങളുടെ തോത് മനസ്സിലാക്കാനാവില്ല. ടണലുകളിലേക്ക് ദിശ തിരിച്ചുവിട്ട നദികൾ അപ്രത്യക്ഷമാകുന്നതും വനനശീകരണം മൂലം മണ്ണൊലിപ്പുണ്ടാവുന്നതും പരിസ്ഥിതി പ്രശ്നങ്ങളിൽ ചിലതു മാത്രമാണ്. ഈ പദ്ധതികളുണ്ടാക്കുന്ന യഥാർഥ പരിസ്ഥിതി ആഘാതം മനസ്സിലാക്കണമെങ്കിൽ നദീതടങ്ങളുടെ അടിസ്ഥാനത്തിൽ പഠനങ്ങൾ നടക്കേണ്ടതുണ്ട്.


ഗംഗാ-സിന്ധു നദീതടങ്ങളിൽ ഉൾപ്പെടുന്ന ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ്, ജമ്മു ആൻഡ് കശ്മിർ എന്നീ സംസ്ഥാനങ്ങളിൽ ഹിമാചലിൽ മാത്രം 9,700 മെഗാവാട്ട് ഉത്പാദന ശേഷിയുള്ള അണക്കെട്ടുകൾ സ്ഥാപിച്ചിട്ടുണ്ട്. ഹിമാലയൻ പ്രദേശങ്ങളിൽ തന്നെ ഏറ്റവും കൂടുതൽ ജലവൈദ്യുതി ഉത്പാദിക്കുന്നത് ഹിമാചൽ പ്രദേശാണ്. 10,500 മെഗാവാട്ട് വൈദ്യുതിയാണ് ഇവിടെ ഉത്പാദിപ്പിക്കപ്പെടുന്നത്. ഈ ജലവൈദ്യുത പദ്ധതികൾ പ്രധാനമായും രവി, സത് ലജ്, ബിയാസ്, യമുന, ഛനാബ് എന്നീ നദീതടങ്ങളിലായാണുള്ളത്. ഇതിൽ തന്നെ രവി, സത്‌ലജ്, ബിയാസ് എന്നീ നദീതടങ്ങളിലാണ് ഏറ്റവും കൂടുതൽ ജലവൈദ്യതപദ്ധതി നിലയങ്ങളുള്ളത്. സത്‌ലജ്, രവി എന്നീ നദികളിലെ ജലം എഴുപത് ശതമാനത്തോളം ടണലുകളിലൂടെ ഒഴുകുകയോ അല്ലെങ്കിൽ അണക്കെട്ടുകൾക്കു പുറകിൽ കെട്ടിക്കിടക്കുകയോ ആണ്. ചുരുക്കത്തിൽ ഈ നദികൾ നിർജീവമായെന്നു സാരം.


1976ൽ മെയ് പത്തുമുതൽ പതിനഞ്ചുവരെ എം.സി മിശ്രയുടെ നേതൃത്വത്തിലുള്ള പതിനെട്ടംഗ വിദഗ്ധ സമിതി ഭൂർഗഭസർവേ നടത്തി റിപ്പോർട്ട് സമർപ്പിക്കുകയുണ്ടായി. മണ്ണിടിച്ചിലിൻ്റെയും ഭൂമി ഇടിഞ്ഞുതാഴുന്നതിൻ്റെയും കാരണങ്ങൾ പഠിക്കുന്നതിനായിരുന്നു ഈ സമിതിയെ നിയോഗിച്ചത്. താൽക്കാലികമായും സുസ്ഥിരമായും നടപ്പാക്കാവുന്ന പരിഹാരമാർഗങ്ങൾ സാമ്പത്തിക രൂപരേഖയോടെ നിർദേശിക്കാനും സമിതിയോട് ആവശ്യപ്പെട്ടിരുന്നു. ഇവർ കണ്ടെത്തിയത് ഉരുൾപ്പൊട്ടലിൽ ഒഴുകിവന്ന പാറക്കും എക്കൽമണ്ണിനും മീതെയാണ് ജോഷിമഠ് എന്ന പ്രദേശം സ്ഥിതിചെയ്യുന്നത് എന്നാണ്. കെട്ടിക്കിടക്കുന്ന എക്കൽമണ്ണിനും പാറക്കും കീഴെ ഈ പ്രദേശത്തിന് സുദൃഢ അസ്തിവാരമില്ല. 'ഉറച്ചൊരു പാറക്കു മുകളിലല്ല ജോഷിമഠ് സ്ഥിതി ചെയ്യുന്നത്. പകരം, മണ്ണിൻ്റെയും കല്ലിൻ്റെയും കൂനക്കു മീതെയാണ് ഈ സ്ഥലമുള്ളത്. അതുകൊണ്ടുതന്നെ ഇതൊരു നഗരത്തിന് അനുയോജ്യപ്രദേശമല്ല. സ്ഫോടനങ്ങൾ, തിരക്കുള്ള ഗതാഗതം മൂലമുണ്ടാകുന്ന കമ്പനങ്ങൾ പോലും ഈ പ്രദേശത്തിന്റെ സ്വാഭാവികഘടനയുടെ സന്തുലിതാവസ്ഥയെ ഇല്ലാതാക്കും' എന്നും റിപ്പോർട്ടിൽ പറയുന്നു. ഈ സമിതിയുടെ റിപ്പോർട്ടിൽ നിർമാണപ്രവർത്തനങ്ങൾ നടത്തുന്നതിനെതിരേ മുന്നറിയിപ്പുണ്ട്. ഇതിലെ പ്രധാന പ്രതിവിധി കൂറ്റൻ നിർമാണപ്രവർത്തനങ്ങൾക്ക് തടയിടുക എന്നതു തന്നെയാണ്. നിർമാണം നടക്കുന്ന പ്രദേശത്തെ മണ്ണിന്റെ ബലക്ഷമത പഠിച്ചതിനുശേഷം മാത്രമേ നിർമാണപ്രവർത്തനങ്ങൾക്ക് അനുവാദം നൽകാവൂ എന്നും സമിതി നിർദേശിക്കുന്നു.


ഉരുൾപ്പൊട്ടൽ സാധ്യതയുള്ള സ്ഥലങ്ങളിൽ കുന്നിന്റെ താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് കല്ലുകളും പാറകളും ഒഴിവാക്കുന്നത് മണ്ണിനു ലഭിക്കുന്ന താങ്ങില്ലാതാക്കുകയും മണ്ണിടിച്ചിൽ സാധ്യത വർധിപ്പിക്കുകയും ചെയ്യും. കുന്നിന്റെ മുകൾഭാഗങ്ങളിൽ നിന്നോ ഇടിച്ചിലുണ്ടാകുന്ന പ്രദേശങ്ങളിൽ നിന്ന് അകലെയുള്ളിടങ്ങളിൽ നിന്നോ ഇത്തരത്തിൽ പാറകൾ നീക്കം ചെയ്യാവുന്നതാണ്. കൂടാതെ, തടി, വിറക്, മരക്കരി പോലുള്ളവക്കായി ഇത്തരം പ്രദേശങ്ങളിൽ നിന്ന് മരം വെട്ടുന്നതും കർശനമായി നിയന്ത്രിക്കണം. ഉരുൾപ്പൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് യാതൊരു കാരണവശാലും മരങ്ങൾ വെട്ടിമാറ്റാൻ പാടുള്ളതല്ല. അതിനാൽ തന്നെ ഇത്തരം പ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് ദൈനംദിനാവശ്യങ്ങൾക്കായി വൈദ്യുതി, കൽക്കരി, പാചകവാതകം, മണ്ണെണ്ണ തുടങ്ങിയ ബദൽ ഇന്ധനമാർഗങ്ങൾ കണ്ടെത്തേണ്ടതുണ്ട്. വിറകിനും മരക്കരിക്കും പകരം ഫലപ്രദമായ ഇന്ധനസ്രോതസ്സുകൾ ലഭ്യമാക്കാതെ വനനശീകരണത്തെ സുസ്ഥിരമായി ലഘൂകരിക്കാൻ സാധിക്കില്ല.
ജോഷിമഠ്, തപോവൻ തുടങ്ങിയ സ്ഥലങ്ങളുടെ പരിസ്ഥിലോലത വ്യക്തമായിട്ടുപോലും നിരവധി ജലവൈദ്യുതനിലയങ്ങൾക്കാണ് ഈ പ്രദേശങ്ങളിൽ അനുവാദം നൽകിയിരിക്കുന്നത്. 520 മെഗാവാട്ടിന്റെ വിഷ്ണുഗഢ് ജലവൈദ്യുത പദ്ധതി സമാനമായ പദ്ധതിയാണ്. അങ്ങേയറ്റം ദുർബലമായ ജോഷിമഠിനു കീഴിലൂടെയാണ് ഈ പദ്ധതിയുടെ ഹെഡ്റേസ് തുരങ്കം കടന്നുപോകുന്നത്. ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയെ മറികടന്നുകൊണ്ട് ഈ പദ്ധതിയുമായി ബന്ധപ്പെട്ട ഗവേഷണങ്ങൾക്കും അന്വേഷണങ്ങൾക്കുമായി നാഷണൽ തെർമൽ പവർ കോർപറേഷൻ നിയോഗിച്ചത് സ്വകാര്യ കമ്പനിയെയായിരുന്നു. ഈ പ്രദേശത്തു മുമ്പു നടന്ന ഭൂമിശാസ്ത്ര അവലോകനങ്ങളെ ഇവർ പരിഗണിച്ചില്ലെന്നു മാത്രമല്ല, ടണൽ വിന്യാസത്തിന്റെ അമിതഭാരം സൃഷ്ടിച്ചേക്കാവുന്ന പരിണതഫലങ്ങളെക്കുറിച്ചും മനസ്സിലാക്കിയില്ല.


തപോവൻ-വിഷ്ണുഗഢ് ജലവൈദ്യുത പദ്ധതിയുടെ ഭാഗമായി രണ്ട് തുരങ്കങ്ങളാണ് നിർമിച്ചിട്ടുള്ളത്. ഒന്ന് തപോവനിൽനിന്ന്, മറ്റൊന്ന് സെലാങ്കിൽ നിന്നുമാണ്. ഒരു ഭാഗത്തുനിന്നു സ്ഫോടനം നടത്തിക്കൊണ്ട് തുരങ്ക നിർമാണം നടക്കുമ്പോൾ സെലാങ്കിലെ മറുഭാഗത്തുനിന്ന് ടണൽ ബോറിങ് മെഷീൻ ഉപയോഗിച്ചുകൊണ്ട് തുരന്നുകൊണ്ടുള്ള നിർമാണമാണ് നടക്കുന്നത്. ഇതിനുപയോഗിച്ച മെഷീൻ ഇപ്പോഴും സെലാങ്കിൽ കുടുങ്ങിക്കിടക്കുകയാണ്. സ്വകാര്യ കമ്പനിയാണ് ഇതിന്റെ പ്രവർത്തനങ്ങൾ നടത്തുന്നതെന്നതിനാൽ സാഹചര്യം കൂടുതൽ വഷളായിരിക്കുകയാണ്.


മറ്റൊരു പദ്ധതി ദേശീപാത-ഗതാഗത വികസന മന്ത്രാലയം ഏറ്റെടുത്തു നടത്തുന്ന കേന്ദ്രസർക്കാരിന്റെ ഛാർധാം പരിയോജനയാണ്. യമുനോത്രി, ഗംഗോത്രി, കേദാർനാഥ്, ബദ്രീനാഥ് എന്നീ നാലു ഹിന്ദുതീർഥാടന കേന്ദ്രങ്ങൾക്കിടയിലെ ഗതാഗത സൗകര്യങ്ങൾ വിപുലീകരിക്കുന്നതിനു വേണ്ടിയുള്ള പദ്ധതിയുടെ ഭാഗമായി 889 കിലോ മീറ്റളോളം വരുന്ന മലഞ്ചെരിവു പാതകളുടെ വീതി പത്ത് മീറ്ററാക്കി വർധിപ്പിച്ച് രണ്ടുവരിപ്പാതയാക്കാനുള്ള ശ്രമത്തിലാണ്. ഇതിന്റെ ഭാഗമായി ഹെലാങ്കിൽ നിന്ന് ജോഷിമഠ് വഴി മാർവാരിയിലേക്കുള്ള ബൈപ്പാസ് നിർമാണം പുരോഗമിക്കുകയായിരുന്നു. നിലവിൽ ഭൂഗർഭോപരിതലത്തിലെ ചലനങ്ങൾമൂലം ഭൂമി താഴുന്നതിനെ തുടർന്ന് നിർമാണപ്രവർത്തനങ്ങൾ നിർത്തിവച്ചിരിക്കുന്നു.
ജോഷിമഠിൽ ഭൂമിതാഴുന്ന പ്രശ്നത്തിൽ നാഷണൽ തെർമൽ പവർ കോർപറേഷന്റെ തപോവൻ-വിഷ്ണുഗഢ് ജലവൈദ്യുത പദ്ധതിക്ക് യാതൊരു പങ്കുമില്ലെന്നാണ് ഊർജ മന്ത്രി ആർ.കെ സിങ് കഴിഞ്ഞ ദിവസം പറഞ്ഞത്. പ്രശ്നം ആ പ്രദേശത്തെ ഭൂമിയുടേതാണെന്നും അദ്ദേഹം പറഞ്ഞു. കുന്നിൻ പ്രദേശങ്ങളിൽ നിലവിൽ നടന്നുകൊണ്ടിരിക്കുന്ന ജലവൈദ്യതപദ്ധതി പ്രവർത്തനങ്ങൾ പുനഃപരിശോധിക്കണമെന്ന ആവശ്യവും മന്ത്രി നിരസിച്ചു. ജോഷിമഠിൽ ഓവുചാൽ സംവിധാനമില്ലെന്നും അതിനാൽതന്നെ ഇവിടെ നിന്നുള്ള വെള്ളം മുഴുവനായും ഭൂമിക്കടിയിലേക്ക് ഒഴുകി അവിടെയുള്ള പാറകളുടെ കെട്ടുറപ്പിനെ ബാധിച്ചിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 'ജോഷിമഠിൽ നിന്ന് പതിനഞ്ചു കിലോമീറ്റർ അകലെയാണ് തപോവൻ-വിഷ്ണുഗഢ് പദ്ധതി. ഇത് 2009 മുതൽ പ്രവർത്തിക്കുന്നുണ്ട്. ഈ പതിനഞ്ചു കിലോമീറ്ററിനിടക്ക് മറ്റനേകം ഗ്രാമങ്ങളും സ്ഥിതിചെയ്യുന്നുണ്ട്. ഈ വൈദ്യുത നിലയത്തിനു തൊട്ടു മുകളിലുള്ള ഗ്രാമത്തിനോ പതിനഞ്ചു കിലോമീറ്ററിനിടക്കുള്ള ഗ്രാമങ്ങൾക്കോ ഇതുവരെ യാതൊരു പ്രശ്നങ്ങളുമില്ല. അതിനർഥം, പ്രശ്നം ജോഷിമഠിലെ ഭൂമിയുടേതാണ്' എന്നും മന്ത്രി പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മണിപ്പൂരിൽ  തട്ടിക്കൊണ്ടുപോയ മൂന്ന് കുട്ടികളടക്കം ആറുപേരെയും കൊന്നു; ഏഴ് ജില്ലകളില്‍ ഇന്റര്‍നെറ്റ് തടഞ്ഞു ; രണ്ട് ജില്ലകളില്‍ കര്‍ഫ്യൂ

National
  •  a month ago
No Image

ഹൈപ്പർ ആക്ടീവ് കുട്ടികൾ‌ക്കുള്ള ചികിത്സക്കെത്തിയ അഞ്ച് വയസുകാരൻ കിണറ്റിൽ ചാടി മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-16-11-2024

PSC/UPSC
  •  a month ago
No Image

ചൈനയിൽ അക്രമാസക്തനായി വിദ്യാർത്ഥി; 8 പേ‍രെ കുത്തിക്കൊലപ്പെടുത്തി, 17 പേർക്ക് പരിക്ക്

International
  •  a month ago
No Image

4 മണിക്കൂറിലെ തെരച്ചിലിനൊടുവിൽ ചാടിപ്പോയ പ്രതിയെ പിടികൂടി പൊലിസ്

Kerala
  •  a month ago
No Image

അനധികൃത വാഹന പരിഷ്‌കാരങ്ങള്‍; 13 പരിശോധനാ ചെക്ക്‌പോസ്റ്റുകള്‍ സ്ഥാപിച്ച് ദുബൈ പൊലിസ്

uae
  •  a month ago
No Image

തെലുങ്കർക്കെതിരായ അപകീർത്തി പരാമർശം; നടി കസ്തൂരി അറസ്റ്റില്‍

National
  •  a month ago
No Image

ലോകത്തിലെ ആദ്യ ഫുട്‌ബോള്‍ തീം പാര്‍ക്ക് ദുബൈയില്‍; ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയായി റോബര്‍ട്ടോ കാര്‍ലോസ് 

uae
  •  a month ago
No Image

സ്ത്രീകൾ പൊലിസിനെ ആക്രമിച്ച് പ്രതിയെ രക്ഷപ്പെടുത്തി; വനിതാ പൊലിസില്ലാത്തത് തിരിച്ചടിയായി

latest
  •  a month ago
No Image

അടിയന്തര സാഹചര്യങ്ങളില്‍ തിരച്ചിലിനും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ഇനി ഡ്രോണ്‍ ഉപയോഗിക്കാന്‍ സഊദി 

Saudi-arabia
  •  a month ago