അരാംകൊ ആക്രമണം: എണ്ണ കേന്ദ്രത്തിലെ തീ അണച്ചത് 24 മണിക്കൂറിനു ശേഷം, അപലപിച്ച് ലോക രാജ്യങ്ങൾ
റിയാദ്: സഊദിയിലേക്ക് ഹൂതികൾ നടത്തിയ ആക്രമണത്തിൽ തീപിടിച്ച അരാംകൊ പ്ലാന്റിലെ തീ അണച്ചു. ഹൂത്തികളുടെ ആക്രമണത്തെ തുടർന്ന് ജിദ്ദയിലെ അരാംകോ വിതരണ കേന്ദ്രത്തിൽ വെളളിയാഴ്ച വൈകീട്ട് 5.25നാണ് തീപിടുത്തം ഉണ്ടായത്. ശനിയാഴ്ച ഉച്ചയോടെയാണ് ആദ്യ ടാങ്കിലെ തീ അണച്ചത്. രണ്ടാം ടാങ്കിലെ തീ അണക്കാനുള്ള ശ്രമം തുടരുകയാണ്. അമ്പതിലധികം സിവില്‍ ഡിഫന്‍സ് യൂണിറ്റുകളാണ് തീ അണക്കാന്‍ രംഗത്തുള്ളത്.
ജിദ്ദയിൽ ഫോർമുല വൺ റേസ് ആരംഭിച്ചിരിക്കേയാണ് ആക്രമണം നടന്നത് ദിവസങ്ങൾക്കകം യമൻ സമാധാന ചർച്ചകളും ആരംഭിക്കുന്നുണ്ട്. മറ്റു ആക്രമണങ്ങളിൽ ജിസാനിലെ സ്വാംത വൈദ്യുതി വിതരണ സ്റ്റേഷന് തീപിടിച്ചു. നാഷണൽ വാട്ടർ കമ്പനിയുടെ ദഹ്റാൻ അൽ ജനൂബിലെ സ്റ്റേഷന് നേരെയും ആക്രമണം ഉണ്ടായി. അതേസമയം, ആക്രമണത്തിൽ ആളപായങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.
സംഭവത്തെ ലോക രാജ്യങ്ങള്‍ അപലപിച്ചു. ഹൂത്തികളുടെ വിവിധ കേന്ദ്രങ്ങളില്‍ സഖ്യസേനയുടെ ആക്രമണമുണ്ടായി. സഊദി അറേബ്യക്കെതിരെ നിരവധി ആക്രമണങ്ങൾ നടന്നതിന് പിന്നാലെയാണ് യമനിലെ ഹൂതികൾക്കെതിരെ സൈനിക നടപടികൾ ശക്തമാക്കിയത്. സഊദിയുടെ നേതൃത്വത്തിലുള്ള അറബ് സഖ്യ സേനയാണ് യമനിലെ ഹൂതി കേന്ദ്രങ്ങൾക്ക് നേരെ സൈനിക നടപടികൾ കടുപ്പിച്ചത്. ഹൂതി ശക്തി കേന്ദ്രങ്ങളായ സൻആയിലും ഹുദൈദയിലും ഹൂതി ഭീഷണി സ്രോതസ്സുകൾക്കെതിരെയാണ് ആക്രമണങ്ങൾ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."