ഷാരോണിനെ ഒഴിവാക്കാന്‍ ഗ്രീഷ്മ കഷായത്തില്‍ വിഷം കലര്‍ത്തി, അമ്മയും അമ്മാവനും പങ്കാളികള്‍; കുറ്റപത്രം സമര്‍പ്പിച്ചു
തിരുവനന്തപുരം: പാറശ്ശാല ഷാരോണ്‍ വധക്കേസില്‍ അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു. നെയ്യാറ്റിന്‍കര സെഷന്‍സ് കോടതിയിലാണ് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. ഗ്രീഷ്മയെ അറസ്റ്റ് ചെയ്ത് 85ാമത്തെ ദിവസമാണ് കുറ്റപത്രം നല്‍കുന്നത്. 142 സാക്ഷി മൊഴികളും 57 രേഖകളുമാണ് കുറ്റപത്രത്തിലുള്ളത്.
ഷാരോണിനെ ഒഴിവാക്കാന്‍ ഗ്രീഷ്മ ആസൂത്രിത കൊലപാതകമാണ് നടത്തിയതെന്ന് കുറ്റപത്രത്തില്‍ പറയുന്നു. പത്ത് മാസത്തെ ആസൂത്രണത്തിന് ശേഷമായിരുന്നു കൊലപാതകമെന്നും തിരുവനന്തപുരം റൂറല്‍ പൊലിസ് തയാറാക്കിയ കുറ്റപത്രത്തില്‍ പറയുന്നു.
കൊലപാതകം, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ക്ക് പുറമേ വിഷം നല്‍കാനായി പ്രലോഭിപ്പിച്ച് ഒരു സ്ഥലത്തേക്ക് വിളിച്ചുവരുത്തുന്നതിന് ഗ്രീഷ്മക്കെതിരെ 364മത് വകുപ്പും പൊലീസ് ചുമത്തിയിട്ടുണ്ട്. തെളിവ് നശിപ്പിച്ചത് ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മാവന്‍ നിര്‍മ്മല്‍കുമാരന്‍ നായര്‍ എന്നിവരെ രണ്ട് മൂന്നും പ്രതികളാക്കിയിട്ടുണ്ട്.
ഗ്രീഷ്മ നല്‍കിയ വിഷം കലര്‍ന്ന കഷായമായിരുന്നു 23കാരനായ ഷാരോണിന്റെ ജീവനെടുത്തത്.
ഷാരോണും ഗ്രീഷ്മയും ഒന്നര വര്‍ഷത്തോളം പ്രണയത്തിലായിരുന്നു. പക്ഷെ ഉയര്‍ന്ന സാമ്പത്തികനിലവാരമുള്ള തമിഴ്‌നാട്ടുകാരനായ സൈനികന്റെ വിവാഹാലോചന വന്നതോടെ ഗ്രീഷ്മ ഷാരോണിനെ ഒഴിവാക്കാന്‍ തീരുമാനിച്ചു. പലതവണ പറഞ്ഞിട്ടും ഷാരോണ്‍ പ്രണയത്തില്‍ നിന്ന് പിന്‍മാറിയില്ല. ഇതോടെയാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നാണ് കുറ്റകൃത്യത്തിന്റെ ലക്ഷ്യമായി പറയുന്നത്. കഷായത്തില്‍ കളനാശിനി കലര്‍ത്തി നല്‍കുന്നതിന് മുന്‍പ് ജ്യൂസില്‍ ഡോളോ ഗുളികകള്‍ കലര്‍ത്തിയും മറ്റും ഒന്നിലേറെ തവണ വധശ്രമം നടത്തിയിരുന്നൂവെന്ന് സാഹചര്യത്തെളിവുകളൂടെ അടിസ്ഥാനത്തില്‍ തെളിയിച്ച് കൊലപാതകം ആസൂത്രിതമെന്നും പൊലിസ് വാദിക്കുന്നുണ്ട്.
കഷായത്തിലും ജ്യൂസിലും വിഷം കലര്‍ത്തുന്ന രീതികള്‍ ആയിരത്തിലേറെ തവണ ഗൂഗിളില്‍ സേര്‍ച്ച് ചെയ്തിന്റെ ശാസ്ത്രീയ തെളിവുകള്‍ വീണ്ടെടുത്തതും ആസൂത്രിത കൊലയ്ക്കുള്ള തെളിവാണ്. കൊലപാതക ദിവസം ഷാരോണിനെ ഗ്രീഷ്മയുടെ വീട്ടിലേക്ക് വിളിച്ചുവരുത്തിയാണ് കഷായം നല്‍കിയിരുന്നത്. അതിനാല്‍ തട്ടിക്കൊണ്ടുപോകലിന് സമാനമായ കുറ്റവും പുതിയതായി ചേര്‍ത്തു. കുറ്റപത്രം സമര്‍പ്പിക്കുന്നതോടെ അന്തിമ വിധി വരുന്നത് വരെ ഗ്രീഷ്മയ്ക്ക് ജാമ്യം ലഭിക്കാനുള്ള വഴിയും പൊലീസ് പൂര്‍ണമായി അടയ്ക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."