നിഴല്‍ ചിത്രങ്ങള്‍
സിന്ദു കൃഷ്ണ കോട്ടോപ്പാടം
ഋതുക്കളെ മറന്നു
പൊഴിയുന്ന വര്‍ഷമേഘങ്ങള്‍
തണ്ണീര്‍ കുടങ്ങളെ
മഴയായി ചൊരിയുന്നുണ്ട്.
ഓര്‍മ പുസ്തകത്തില്‍
നിന്നും മറവിയുടെ
ഇരുണ്ട ആഴങ്ങളിലേക്കു
കുന്നിറങ്ങി പോയ
ചില നിഴല്‍ചിത്രങ്ങളുണ്ട്.
മനസിന്റെ പൂങ്കാവനത്തില്‍
കരിഞ്ഞുണങ്ങിയിട്ടും
അടരാതെ നില്‍ക്കുന്ന
വാടാമല്ലി പൂക്കളുണ്ട്.
കനവില്‍ തുടിക്കുന്ന
ചില വരികളുണ്ട്
കാണാമറയത്തൊളിച്ച
ഒരു കവിതയുമുണ്ട്.
മുന്‍ നടത്തങ്ങളെ
ഒഴിവാക്കിയ മനസും
തുടര്‍ നടത്തങ്ങളില്ലാതെ
പാതിയില്‍ നിശ്ചലമായ
രണ്ടു പാദങ്ങളുമുണ്ട്.
മിഴിപ്പൂക്കളില്‍ നിന്നു
കവിളോരം ഒഴുകിയിറങ്ങിയ
ഉപ്പു രുചിക്കുന്ന കുറേ
നീര്‍മുത്തുകളുണ്ട്.
വളപ്പൊട്ടുകള്‍
കൂട്ടിവെച്ചിന്നും
വര്‍ണത്തെ തേടുന്ന
പൂ പോല്‍ മൃദുലമായ
ഒരു ഹൃത്തടമുണ്ട്.
അവിടെ നീയെന്ന
പേനയാല്‍ മഴവില്‍
വര്‍ണങ്ങള്‍ നിറച്ചു
കോറി വരച്ച ചിത്രമായ്
അറിയപ്പെടാത്ത ഞാനുണ്ട്.
നിന്നാല്‍ മാത്രം
വായിക്കപ്പെടുമ്പോള്‍
മാധുര്യമേറുന്ന ഞാന്‍
നിന്റെ ചിറകിന്‍ കീഴില്‍
മാത്രമഭയം തേടുന്ന ഞാന്‍!
വരികളിലെല്ലാമുണ്ട്
നീയുണ്ട് ഞാനുണ്ട്
എന്നിട്ടുമെന്റെ തണല്‍
കൊതിച്ചവരെന്നോ
കാത്തു നില്‍ക്കാതെ
കനല്‍ തീയിലുരുകി വീണു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."