മരുന്നുകൾക്കും തീവില
ഏപ്രിൽ ഒന്ന് മുതൽ 800 അവശ്യ മരുന്നുകൾക്ക് 10.7 ശതമാനം വില കൂടും
ന്യൂഡൽഹി
പാരസെറ്റാമോൾ ഉൾപ്പെടെ 800 അവശ്യ മരുന്നുകൾക്ക് ഏപ്രിൽ മുതൽ വില കുത്തനെ കൂടും. 10.7 ശതമാനമാണ് വില വർധനവ്. ദേശീയ ഫാർമസ്യൂട്ടിക്കൽ അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. 2021ലെ ഹോൾസെയിൽ പ്രൈസ് ഇൻഡക്‌സ് (ഡബ്ല്യു.പി.ഐ) പ്രകാരമാണ് വില വർധനവ്. 800 ഷെഡ്യൂൾഡ് മരുന്നുകളുടെ വിലയാണ് ഇതുപ്രകാരം വർധിക്കുക. ഇവയെല്ലാം അവശ്യ മരുന്നുകളുടെ പട്ടികയിൽ കേന്ദ്രം പെടുത്തിയവയാണ്. ഏപ്രിൽ ഒന്നുമുതൽ വിലവർധനവ് നിലവിൽവരും. വാണിജ്യ, വ്യവസായ മന്ത്രാലയത്തിലെ സാമ്പത്തിക ഉപദേഷ്ടാവാണ് വില വർധനവിന് ശുപാർശ നൽകിയത്. ഇതുപ്രകാരം 10.766 ശതമാനം ഹോൾസെയിൽ വിലവർധനവിന് കേന്ദ്ര സർക്കാർ അനുമതി നൽകുകയായിരുന്നു. ഫെനോബാർബിറ്റോൺ, ഫെനിറ്റോയിൻ സോഡിയം, അസിത്രോമൈസിൻ, സിപ്രോഫ്‌ളോക്‌സാസിൻ ഹൈഡ്രോക്ലോറൈഡ്, മെട്രോനിഡസോൾ തുടങ്ങി ഏറ്റവും കൂടുതൽ വിപണനം നടക്കുന്ന മരുന്നുകളും വില കൂടുന്നവയുടെ പട്ടികയിലുണ്ട്.
പനി, ഹൃദ്രോഗം, വയറുവേദന, അണുബാധകൾ, ഉയർന്ന രക്ത സമ്മർദം, തൊലിപ്പുറത്തെ ചികിത്സ, അനീമിയ തുടങ്ങിയ രോഗങ്ങൾക്കുള്ള മരുന്നുകൾക്കും വില കൂടും. നാഷനൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിങ് അതോറിറ്റിക്ക് കീഴിൽ 886 ഷെഡ്യൂൾഡ് മരുന്നുകളും നാല് ഷെഡ്യൂൾഡ് മെഡിക്കൽ ഉപകരണങ്ങളും 1,817 പുതിയ മരുന്നു സംയുക്തങ്ങളുമാണ് ഉൾപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."