രാജ്യത്ത് തീവ്രവാദം വളരുന്നതിൽ ഹിന്ദു സംഘടനകളുടെ പങ്ക് അടിവരയിട്ട് അമിത് ഷായുടെ അധ്യക്ഷതയിൽ ചേർന്ന ഡി.ജി.പിമാരുടെ യോഗം
ന്യൂഡല്‍ഹി: രാജ്യത്തെ തീവ്രവാദം വളര്‍ത്തുന്നതില്‍ ഹിന്ദുത്വ സംഘടനകളുടെ പങ്ക് ഉയര്‍ത്തിക്കാട്ടി ഡി.ജി.മാരുടേയും ഐ.ജി മാരുടേയും യോഗം. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും പങ്കെടുത്ത യോഗത്തിലാണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. രാജ്യത്തെ തീവ്രവാദം വളരുന്നതില്‍ മുസ്‌ലിം സംഘടനകളുടെ പങ്കിനെ കുറിച്ചും ഇതില്‍ പ്രതിപാദിക്കുന്നുണ്ടെങ്കിലും ഹിന്ദുത്വ സംഘടനകള്‍ക്കുള്ള പങ്കിനെ കുറിച്ചാണ് റിപ്പോര്‍ട്ടില്‍ ഊന്നിപ്പറയുന്നത്.
ഡല്‍ഹിയില്‍ ജനുവരി 20- 22 തിയ്യതികളില്‍ നടന്ന കോണ്‍ഫറന്‍സിലാണ് ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. സമര്‍പ്പിച്ച മുഴുവന്‍ പേപ്പറുകളും കോണ്‍ഫറന്‍സിന്റെ വെബിസൈറ്റില്‍ പ്രസിദ്ധീകരിച്ചിരുന്നു. എന്നാല്‍ പിന്നീടത് നീക്കം ചെയ്തു.
വി.എച്ച്.പി, ബജ്‌റംഗദള്‍ തുടങ്ങിയവ തീവ്രവാദ സംഘടനകളാണെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമായി പറയുന്നുണ്ട്. മറ്റൊരു പേപ്പറില്‍ ബാബരി മസ്ജിദ് തകര്‍ക്കല്‍, ഹിന്ദു ദേശീയതയുടെ വളര്‍ച്ച, ബീഫിന്റെ പേരിലുള്ള ആള്‍ക്കൂട്ട അക്രമണങ്ങള്‍, ഘര്‍വാപസി തുടങ്ങിയവ യുവാക്കളില്‍ തീവ്രവാദ സ്വഭാവ രൂപീകരണത്തില്‍ പങ്കു വഹിച്ചെന്ന് അടിവരയിടുന്നു. നൂപുര്‍ ശര്‍മയുടെ പ്രവാചന നിന്ദാ പരാമര്‍ശങ്ങള്‍ പോലുള്ളവ ഉണ്ടാക്കുന്ന പ്രശ്‌നങ്ങളും ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി. ഉദയ്പൂരിലെ കനയ്യ ലാലിന്റെ കൊലപാതകവും ചേര്‍ത്തുവെച്ചായിരുന്നു ഇക്കാര്യം പ്രതിപാദിച്ചത്.
'മതപരമായ പരാമര്‍ശങ്ങളും വിദ്വേഷ പ്രസംഗങ്ങളും നടത്തുന്നതില്‍ നിന്ന് എല്ലാവരും വിട്ടുനില്‍ക്കണമെന്നാണ് നൂപൂര്‍ ശര്‍മ്മയുടെ പ്രസംഗത്തിനോടുണ്ടായ പ്രതികരണങ്ങള്‍ സൂചിപ്പിക്കുന്നത്. ഇതുപോലെ മതവികാരം വ്രണപ്പെടുത്തുന്ന നിരവധി സംഭവങ്ങള്‍ സ്ഥിരമായി നടക്കുന്നു. അതിനാല്‍ നിയമവാഴ്ചയെ കുറിച്ച ബോധം നാം ശക്തമായി പകര്‍ന്നു നല്‍കേണ്ടതുണ്ട്' അദ്ദേഹം ചൂണ്ടിക്കാട്ടി.
തീവ്രവാദത്തെ നേരിടാന്‍ ന്യൂനപക്ഷങ്ങള്‍ക്ക് രാഷ്ട്രീയത്തില്‍ കൂടുതല്‍ പങ്കാളിത്തം നല്‍കണമെന്നും മുസ്‌ലിങ്ങള്‍ക്ക് സംവരണം നല്‍കണമെന്നും നിരവധി ഉദ്യോഗസ്ഥര്‍ യോഗത്തില്‍ വാദിച്ചു.
ഇടതുപക്ഷം, വലതു പക്ഷം , ഇസ്‌ലാമിക മതമൗലിക വാദം എന്നിങ്ങനെയാണ് എസ് റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥന്‍ തീവ്രവാദവല്‍ക്കരണത്തെ തരംതിരിച്ചത്.
'സ്‌റ്റേറ്റിനെ കുറിച്ച് തീവ്ര വലതുപക്ഷ വ്യക്തികള്‍ക്കും സംഘങ്ങള്‍ക്കും ആധികാരികമായ ഒരു കാഴ്ചപ്പാടുണ്ട്. വംശീയമായി തുല്യ ലക്ഷണമുള്ള ഒരൊറ്റ യൂനിറ്റിലേക്ക് ലയിപ്പിക്കണമെന്നാണ് അവര്‍ വാദിക്കുന്നത്. ന്ത്യ ഒരു ബഹുസ്വര സമൂഹമാണെങ്കിലും ഭൂരിപക്ഷ വാദം അടിച്ചേല്‍പിക്കുക എന്നതിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. പേരെടുത്തു പറയുകയാണെങ്കില്‍ ആനന്ദ് മാര്‍ഗ്, വി.എച്ച്.പി, ബജ്രംഗദള്‍ ഹിന്ദു സേന തുടങ്ങിയവയുടെ പ്രവര്‍ത്തനങ്ങള്‍ ഉദാഹരണങ്ങളാണ്.
പ്രത്യേക ഉദ്ദേശത്തോടുകൂടി പ്രവര്‍ത്തിക്കുന്ന വെബ്‌സൈറ്റുകളും സംഭ്രമാജനകമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതും മുസ്‌ലിങ്ങള്‍ക്കു നേരെ നിഷേധാത്മകമായ നിലപാടുകള്‍ വളര്‍ത്തുന്നതായി മറ്റൊരു ഉദ്യോഗസ്ഥന്റെ പേപ്പറില്‍ ചൂണ്ടിക്കാട്ടുന്നു. ബ്രിട്ടനിലെ ഇസ്‌ലാമോഫോബിയ ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം. ഒരു പരിഹാരമെന്ന നിലയില്‍, ആളുകള്‍ക്ക് പരാതികളും ദേഷ്യവും സ്വതന്ത്രമായും പരസ്യമായും പ്രകടിപ്പിക്കാനുള്ള പ്ലാറ്റ്‌ഫോമുകള്‍, ഇടങ്ങള്‍, സ്ഥാപനങ്ങള്‍ എന്നിവയ്ക്കായി അദ്ദേഹം വാദിച്ചു.
അതേസമയം, ഇസ്‌ലാമിക തീവ്രവാദത്തെ നേരിയ ഭീഷണി എന്നാണ് ഉദ്യോഗസ്ഥന്‍ വിശേഷിപ്പിച്ചത്. ലോകത്തെ രണ്ട് വ്യത്യസ്ത മേഖലകളായി വിഭജിക്കുന്ന ഒന്നാണ് ഇസ്‌ലാമിക വീക്ഷണം. മുസ്‌ലിങ്ങളും അല്ലാത്തവരും. പി.എഫ്.ഐ, ദഅ്‌വത്തെ അസ്‌ലാമി, തൗഹീദ്, കേരള നദ്വത്തുല്‍ മുജാഹിദീന്‍ തുടങ്ങിയ സംഘടനകളെ അദ്ദേഹം ഉദാഹരമായി എടുത്തു കാട്ടി.
തീവ്രവാദത്തെ ഇല്ലാതാക്കാന്‍ ന്യൂനപക്ഷ മുസ്‌ലിം സമുദായങ്ങള്‍ക്ക് രാഷ്ട്രീയത്തില്‍ പ്രാതിനിധ്യം വര്‍ധിപ്പിക്കണമെന്നും സംവരണം ഉറപ്പാക്കണമെന്നും റിപ്പോര്‍ട്ട് ആവര്‍ത്തിക്കുന്നു. മതേതരരും ദേശസ്‌നേഹികളും മിടുക്കരുമായ മുസ്‌ലിം ചെറുപ്പക്കാരെ ഉപയോഗിച്ച് സമുദായവുമായി ഇട പഴകുക. വിദ്യാഭ്യാസ മേഖലയിലും ജോലിയിലും സംവരണം ഉറപ്പാക്കുക- റിപ്പോര്‍ട്ടില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."