മലബാര്‍ കലാപകാരികളെ രക്തസാക്ഷി പട്ടികയില്‍ നിന്ന് ഒഴിവാക്കരുതെന്ന് സി.പി.എം , ചരിത്ര ഗവേഷണ കൗൺസിൽ തീരുമാനം പ്രതിഷേധാർഹം
തിരുവനന്തപുരം
സ്വാതന്ത്ര്യസമര രക്തസാക്ഷി പട്ടികയിൽ നിന്ന് മലബാർ കാർഷിക കലാപകാരികളെ ഒഴിവാക്കാനുള്ള ശുപാർശയ്ക്ക് അംഗീകാരം നൽകിയ ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസിലിന്റെ തീരുമാനം അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് സി.പി.എം. കഴിഞ്ഞ ദിവസം ചേർന്ന ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസിലാണ് (ഐ.സി.എച്ച്.ആർ) ഇത്തരമൊരു തീരുമാനമെടുത്തത്. ഇത് കേന്ദ്ര സാംസ്‌കാരിക മന്ത്രാലയത്തിന് കൈമാറുന്നതോടെ മലബാർ കലാപത്തിൽ പങ്കെടുത്ത രക്തസാക്ഷികളുടെ പേരുകൾ ഇന്ത്യൻ സ്വാതന്ത്ര്യസമര നിഘണ്ടുവിൽ നിന്ന് മറ്റപ്പെടുന്ന സ്ഥിതി ഉണ്ടാകും.
ഇന്ത്യൻ സ്വാതന്ത്യസമര ചരിത്രത്തിൽ സവിശേഷമായ സ്ഥാനമുള്ള പ്രക്ഷോഭമാണ് മലബാർ കാർഷിക കലാപം. ജന്മിത്വത്തെയും അതിനെ താങ്ങി നിർത്തുന്ന സാമ്രാജ്യതത്വത്തിനും എതിരായുള്ള ധീരോജ്വലമായ സമരമായിരുന്നു അതെന്ന് വ്യക്തമാണ്. മതരാഷ്ട്ര ചിന്തകൾക്ക് അതീതമായി സാമ്രാജ്യത്വത്തിനും ജന്മിത്വത്തിനും എതിരേയുള്ള പോരാട്ടമാണ് തങ്ങൾ മുന്നോട്ട് വയ്ക്കുന്നതെന്ന് അതിന്റെ നേതാക്കൾ തന്നെ അക്കാലത്ത് വ്യക്തമാക്കിയിരുന്നു. ഇതിൽ നിന്നും വ്യതിചലിക്കുന്നവർക്കെതിരേ കർശന നിലപാടും വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെപോലുള്ള കലാപനേതാക്കൾ നടത്തിയിരുന്നുവെന്നും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയിൽ പറയുന്നു.
മലബാർ കാർഷിക കലാപകാരികളെ വർഗീയമായി മുദ്രകുത്താനുള്ള സംഘ്പരിവാർ അജണ്ടയാണ് ഇതിലൂടെ വ്യക്തമാകുന്നത്. ഇവരെ രാജ്യദ്രോഹകുറ്റം ചുമത്തിയാണ് ബ്രിട്ടീഷുകാർ വെടിവച്ചുകൊന്നത്. അതേ കാഴ്ചപാടാണ് സംഘപരിവാർ ഇവിടെ സ്വീകരിക്കുന്നത്. ചരിത്രത്തെ വർഗീയവൽക്കരിക്കുകയും വിഷലിപ്തമാക്കുകയും ചെയ്യുന്ന ആർ.എസ്.എസ് അജണ്ടയാണ് ഇതിലൂടെ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. സ്വാതന്ത്ര്യ സമരത്തെ ഒറ്റുകൊടുത്ത് ബ്രിട്ടീഷുകാർക്കൊപ്പം നിന്ന ആർ.എസ്.എസ് അവരുടെ ചരിത്രപാതകൾ നമ്മുടെ ചിന്തയിൽ തിരുകിക്കയറ്റാനാണ് ശ്രമിക്കുന്നതെന്നും കോടിയേരി ബാലകൃഷ്ണൻ പ്രസ്താവനയിൽ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."