ഞായറാഴ്ച മുതല്‍ തൊഴിലിടങ്ങളില്‍ കൊവിഡ് വാക്‌സിന്‍ ലഭ്യമാകും
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ തൊഴിലിടങ്ങളില്‍ കൊവിഡ് പ്രതിരോധ വാക്‌സിന്‍ ലഭ്യമാക്കി കേന്ദ്ര സര്‍ക്കാര്‍. ഞായറാഴ്ച മുതല്‍ സ്വകാര്യസര്‍ക്കാര്‍ തൊഴിലിടങ്ങളിലെ 45 വയസിന് മുകളില്‍ പ്രായമുള്ള ജീവനക്കാര്‍ക്ക് കൊവിഡ് പ്രതിരോധ വാക്‌സിന്‍ ലഭ്യമാകും.
സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് സൗജന്യമായിട്ട് വാക്‌സിന്‍ ലഭിക്കും. എന്നാല്‍ സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരില്‍ നിന്ന് പണം ഈടാക്കും. ഒരാളില്‍ നിന്ന് ഒരു ഡോസിന് 250 രൂപയായിരിക്കും ഈടാക്കുകയെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
വാക്‌സിന്‍ സ്വീകരിക്കാന്‍ യോഗ്യതയുള്ള 100 ജീവനക്കാരെങ്കിലും ഉള്ള ഓഫിസുകളില്‍ കൊവിഡ് പ്രതിരോധ വാക്‌സിനേഷന്‍ സെഷന്‍ നടത്താമെന്ന് കേന്ദ്ര മന്ത്രാലയം സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും അയച്ച കത്തില്‍ പറയുന്നു. നിലവിലുളള ഒരു വാക്‌സിനേഷന്‍ സെന്ററുമായി യോജിപ്പിച്ചായിരിക്കണം ഇവിടങ്ങളില്‍ വാക്‌സിനേഷന്‍ നടത്തുന്നത്. 45 വയസ്സിന് മുകളിലുളള ജീവനക്കാര്‍ക്ക് മാത്രമേ നിലവില്‍ ഓഫിസിലെ കൊവിഡ് വാക്‌സിനേഷന്‍ സെന്ററില്‍ നിന്ന് കുത്തിവയ്‌പ്പെടുക്കാന്‍ സാധിക്കൂ. ജീവനക്കാരുടെ കുടുംബാംഗങ്ങള്‍ ഉള്‍പ്പടെ പുറത്തുനിന്നുളളവര്‍ക്ക് ഇത് ലഭ്യമാകില്ല. വാക്‌സിന്‍ എടുക്കണമെന്ന് ആഗ്രഹിക്കുന്ന ജീവനക്കാര്‍ കുത്തിവപ്പിന് മുന്നോടിയായി കോവിന്‍ പോര്‍ട്ടലില്‍ പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. തൊഴിലിടത്തിലെ ജീവനക്കാര്‍ക്ക് മാത്രം ഓണ്‍സ്‌പോട്ട് രജിസ്‌ട്രേഷനും ഉണ്ടായിരിക്കും.
കലക്ടര്‍ അധ്യക്ഷനായ ജില്ലാതല കര്‍മസമിതിയാണ് തൊഴിലിട വാക്‌സിനേഷന്‍ കേന്ദ്രത്തിന് അനുമതി നല്‍കുക. രജിസ്‌ട്രേഷന്‍, വാക്‌സിനേഷന്‍ കേന്ദ്രങ്ങളുടെ അടിസ്ഥാന സൗകര്യങ്ങള്‍, ജില്ലാ ആരോഗ്യവകുപ്പുമായുളള ഏകോപനം തുടങ്ങിയ കാര്യങ്ങളില്‍ മേല്‍നോട്ടം വഹിക്കേണ്ടത് നോഡല്‍ ഓഫിസറാണ്. തൊഴിലിടത്തിലെ മുതിര്‍ന്ന ജീവനക്കാരനെ മാനേജ്‌മെന്റ് നോഡല്‍ ഓഫസറായി നിയമിക്കണം. ഇതു സംബന്ധിച്ച മാര്‍ഗരേഖ സര്‍ക്കാര്‍ പുറത്തിറക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."