കറുത്തവര്‍ഗക്കാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ അമേരിക്കന്‍ പൊലിസ് ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു
മെംഫിസ് (യു.എസ്): കറുത്തവര്‍ഗക്കാരന്‍ ടൈര്‍ നിക്കോള്‍സിനെ (29) മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ അമേരിക്കന്‍ പൊലിസ് ഉദ്യോഗസ്ഥരെ സര്‍വിസില്‍ നിന്ന് പിരിച്ചുവിട്ടു. അഞ്ച് ഓഫിസര്‍മാരടങ്ങിയ യൂണിറ്റിലെ മുഴുവന്‍ അംഗങ്ങള്‍ക്കെതിരേയുമാണ് നടപടി. കഴിഞ്ഞ വര്‍ഷം ജോര്‍ജ് ഫ്‌ളോയിഡ് എന്ന കറുത്ത വര്‍ഗക്കാരനെ പൊലിസ് കാല്‍മുട്ടുകൊണ്ട് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ദൃശ്യങ്ങള്‍ ലോകമാകെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. രാജ്യത്തെ നിയമങ്ങളെ കുറച്ചും വംശീയതയെ കുറിച്ചുമുള്ള വലിയ സംവാദങ്ങള്‍ക്ക് ഇത് ആക്കംകൂട്ടി.
2021 നവംബറില്‍ ആരംഭിച്ച മെംഫിസിന്റെ സ്‌കോര്‍പിയോണ്‍ യൂണിറ്റില്‍ ഉള്‍പ്പെട്ട പൊലിസുകാരെയാണ് പിരിച്ചുവിട്ടത്. അഞ്ച് ഓഫിസര്‍മാരും കറുത്ത വംശജരാണ്. കുറ്റകൃത്യങ്ങള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സ്ഥലങ്ങളില്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കുറയ്ക്കുക എന്ന ഉദ്ദേശത്തോടെയാണ് യൂണിറ്റ് രൂപീകരിച്ചത്.
എന്തിനാണ് നിക്കോള്‍സിനെ പൊലിസ് മര്‍ദ്ദിച്ചതെന്ന് ഇപ്പോഴും വ്യക്തമല്ല. മര്‍ദ്ദന ദൃശ്യങ്ങള്‍ നേരത്തേ പുറത്തുവന്നിരുന്നു. പൊലിസുകാരെ പിരിച്ചുവിട്ട നടപടിയെ സ്വാഗതംചെയ്ത കുടുംബം പൊലിസിന്റെ അമിതാധികാര പ്രയോഗം തടയാന്‍ കാതലായ നിയമപരിഷ്‌കരണങ്ങള്‍ വേണമെന്ന് ആവശ്യപ്പെട്ടു.
ഫ്‌ളോയിഡിന്റെ മരണത്തെത്തുടര്‍ന്ന് പൊലിസ് സേനയില്‍ പരിഷ്‌കരണം വേണമെന്ന് രാജ്യവ്യാപകമായി ആവശ്യമുയര്‍ന്നിരുന്നുവെങ്കിലും പൊലിസ് നടപടിക്കിടെ മരിച്ചവരുടെ എണ്ണം 2022ല്‍ 10 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തുകയാണുണ്ടായത്. 1,186 പേര്‍ മരിച്ചുവെന്നാണ് മാപ്പിങ് പൊലിസ് വയലന്‍സ് എന്ന വെബ്‌സൈറ്റിന്റെ കണ്ടെത്തല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."