യമനിൽ അറബ് സഖ്യ സേന വെടിനിർത്തൽ പ്രഖ്യാപിച്ചു
റിയാദ്: യമനിൽ നടത്തിവന്നിരുന്ന സൈനിക നടപടികൾ അവസാനിപ്പിക്കുന്നതായി യെമനിലെ നിയമസാധുതയുള്ള സർക്കാരിനെ പിന്തുണയ്ക്കുന്ന അറബ് സഖ്യ സേന അറിയിച്ചു. ജിസിസിയുടെ നേതൃത്വത്തിൽ നടക്കുന്ന സമാധാന ചർച്ചകളുടെ വിജയത്തിനായാണ് നടപടിയെന്ന് സഖ്യസേനയുടെ വക്താവ് ബ്രിഗേഡിയർ ജനറൽ തുർക്കി അൽ-മാലികി പ്രഖ്യാപിച്ചു. സമാധാന ശ്രമങ്ങൾക്ക് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനായി യെമനിലെ സൈനിക പ്രവർത്തനങ്ങൾ അവസാനിപ്പിക്കണമെന്ന ജിസിസി സെക്രട്ടറി ജനറൽ ഡോ: ഹജ്റഫിന്റെ ആവശ്യപ്രകാരമാണ് അറബ് സഖ്യ സേന വെടിനിർത്തൽ പ്രഖ്യാപിച്ചത്.
മാർച്ച് 30 ബുധനാഴ്ച പുലർച്ചെ മുതലാണ് വെടിനിർത്തൽ പ്രാബല്യത്തിൽ വരിക. യമൻ സംഘർഷത്തിന് സമഗ്രവും സുസ്ഥിരവുമായ ഒരു പരിഹാരത്തിലെത്താനും സഹോദര രാഷ്ട്രമായ യെമനിൽ സുരക്ഷയും സ്ഥിരതയും കൈവരിക്കാനുമുള്ള എല്ലാ ശ്രമങ്ങളെയും നടപടികളെയും പിന്തുണയ്ക്കുന്നതായി സഖ്യം പറഞ്ഞു. സഖ്യ സേന വെടിനിർത്തൽ പാലിക്കുമെന്നും വെടിനിർത്തൽ വിജയകരമാക്കാനുള്ള എല്ലാ നടപടികളും സ്വീകരിക്കുമെന്നും വിശുദ്ധ റമദാൻ മാസത്തിൽ സമാധാനത്തിനും പ്രശ്നങ്ങളുടെ അന്ത്യത്തിനും അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുമെന്നും മാലികി സൂചിപ്പിച്ചു. യെമൻ ജനതയുടെ ബുദ്ധിമുട്ടുകൾ ലഘൂകരിക്കാനും യെമൻ താൽപ്പര്യങ്ങൾക്ക് മുൻഗണന നൽകാനും ഹൂതികൾ ഉൾപ്പെടെ എല്ലാ യെമൻ കക്ഷികളുമായും കൂടിയാലോചനകളിൽ പങ്കെടുക്കാനും ജിസിസി വീണ്ടും ക്ഷണിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."