HOME
DETAILS

വിലക്കയറ്റം തടയാൻ സർക്കാർ വിപണിയിൽ ഇടപെടണം

  
backup
March 30 2022 | 04:03 AM

48459634563-2022


സംസ്ഥാനത്ത് അവശ്യവസ്തുക്കളുടെ വില അനുദിനം വർധിക്കുകയാണ്. സാധാരണക്കാരന്റെ ദൈനംദിന ജീവിതത്തെയാണ് ഇത് ഗുരുതരമായി ബാധിച്ചു കൊണ്ടിരിക്കുന്നത്. രണ്ടറ്റവും മുട്ടിക്കാൻ പ്രയാസപ്പെട്ടാണ് സാധാരണക്കാർ ഓരോ ദിവസവും തള്ളിനീക്കുന്നത്. തൊഴിലാളികളെയാണ് ഇത് ഗുരുതരമായി ബാധിച്ചിട്ടുള്ളത്. വിലക്കയറ്റത്തെ സൂചിപ്പിക്കാൻ പറയാറുള്ള ഉപ്പുതൊട്ട് കർപ്പൂരം വരെ എന്ന ആലങ്കാരിക പ്രയോഗം യാഥാർഥ്യമായിരിക്കുകയാണിപ്പോൾ. ജീവൻ രക്ഷാ മരുന്നുകളുടെ വിലയിലടക്കം പത്ത് ശതമാനം വർധനയാണ് ഉണ്ടാകാൻ പോകുന്നത്. ഇതിനിടയിലാണ് അരിക്കും വില വർധിച്ചിരിക്കുന്നത്. മറ്റെല്ലാം ഒഴിവാക്കി നാഴിയരി വേവിച്ചു അതുമാത്രം കഴിച്ച് വിശപ്പടക്കാം എന്ന് കരുതിയ പട്ടിണിപ്പാവങ്ങളുടെ വയറിനെ കൂടുതൽ എരിയിക്കുന്നതാണ് അരിവിലയിൽ ഉണ്ടായ വർധന.


മൂന്ന് മാസത്തിനുള്ളിൽ കിലോഗ്രാമിന് എട്ട് രൂപ വരെ അധികം നൽകേണ്ട സ്ഥിതിയാണിപ്പോൾ. കേരളത്തിലെ നെല്ലുൽപ്പാദനം സംസ്ഥാനത്തിന്റെ ആവശ്യം നിർവഹിക്കാൻ പര്യാപ്തമല്ല. കേരളത്തിന് ആവശ്യമായതിന്റെ ആറിലൊന്ന് മാത്രമേ ഇവിടെ ഉൽപാദിപ്പിക്കുന്നുള്ളൂ. കുട്ടനാട് കേരളത്തിന്റെ 'നെല്ലറ' എന്ന വിശേഷണം ഇപ്പോൾ കേട്ടുമറന്ന വാചകമാണ്. കാലാവസ്ഥാ വ്യതിയാനം കൊണ്ടുണ്ടാകുന്ന പ്രളയങ്ങൾ കുട്ടനാടൻ പാടശേഖരങ്ങളെ നശിപ്പിക്കാൻ തുടങ്ങിയിട്ട് കാലമേറെയായി. മട വീണാണ് കുട്ടനാട്ടിലെ നെൽകൃഷി നശിക്കുന്നത്. കേരളത്തിൽ ഉൽപ്പാദിപ്പിക്കുന്ന നെല്ല് സംസ്ഥാന സർക്കാർ സംഭരിച്ച് റേഷൻ കടകളിലൂടെ വിതരണം ചെയ്യുന്നതിനാൽ പൊതുവിപണിയിലെ വിലക്കയറ്റത്തെ പിടിച്ചുനിർത്താൻ ഒരു പരിധി വരെ കഴിഞ്ഞിരുന്നു. സംസ്ഥാനത്ത് ഒരു മാസം വിൽക്കുന്നത് 3.3 ലക്ഷം ടൺ അരിയാണ്. ഇതിൽ 1.3 ലക്ഷം ടൺ അരി റേഷൻ കടകൾ വഴിയാണ്.


കേരളത്തിന്റെ മൊത്തം അരിയാവശ്യം പരിഹരിക്കാൻ റേഷൻ സംവിധാനത്തിന് കഴിയാത്തതിനാലാണ് നാം ഇതര സംസ്ഥാനങ്ങളെ ആശ്രയിക്കുന്നത്. കഴിഞ്ഞ വർഷം സംസ്ഥാനത്ത് 6.05 ലക്ഷം ടൺ ആയിരുന്നു അരിയുൽപാദനം. ഈ വർഷം പ്രതീക്ഷിക്കുന്നത് 6.71 ലക്ഷം ടണ്ണാണ്. രണ്ട് മാസത്തേക്കുള്ള അരി മാത്രമേ ഇത് കൊണ്ട് തികയൂ. കേരളത്തിന്റെ അരിയാവശ്യത്തിന്റെ വലിയൊരു ശതമാനവും നിറവേറ്റുന്നത് ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്നുകൊണ്ടിരിക്കുന്ന അരിയിലൂടെയാണ്. അവിടങ്ങളിൽ നിന്നുള്ള അരി വരവ് നിലച്ചാൽ സംസ്ഥാനത്തിന്റെ കഞ്ഞികുടി മുട്ടുമെന്നർഥം. അത്തരമൊരു സ്ഥിതി വിശേഷത്തിലേക്കാണോ കേരളം നീങ്ങിക്കൊണ്ടിരിക്കുന്നതെന്ന് തോന്നിപ്പോകും വിപണിയിൽ അരി വില അനുദിനം വർധിക്കുന്നത് കാണുമ്പോൾ. കേരളത്തിൽ ഏറ്റവും കൂടുതൽ അരിയെത്തുന്നത് ആന്ധ്രയിൽ നിന്നാണ്. കർണാടക, തമിഴ്നാട്, പഞ്ചാബ്, ഒഡിഷ, ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നും അരിയെത്തുന്നുണ്ട്. എന്നാലിപ്പോൾ വില വർധിച്ചത് ആന്ധ്രയിൽ നിന്ന് വരുന്ന അരിക്കാണ്. കേരളീയർക്ക് ഏറ്റവും പ്രിയപ്പെട്ട ജയ അരിക്കാണ് കൂടുതൽ വില. ജനുവരിയിൽ ജയ അരിയുടെ മൊത്തവിപണിയിലെ വില കിലോഗ്രാമിന് 32 രൂപയായിരുന്നുവെങ്കിൽ ഇപ്പോഴത് 40 രൂപയിൽ എത്തിനിൽക്കുന്നു. പൊതുവിപണിയിൽ സാധാരണക്കാരൻ പിന്നെയും എട്ടും പത്തും രൂപ അധികം കൊടുത്തു വേണം അരി വാങ്ങാൻ. കുറുവക്ക് മൊത്ത വിപണിയിൽ ഉണ്ടായിരുന്നത് 31 രൂപയായിരുന്നുവെങ്കിൽ ഇന്ന് 38 ഉം അതിലധികവും കൊടുക്കേണ്ടിവരുന്നു. മട്ട 33 ഉണ്ടായിരുന്നത് 38 ഉം ബോധന 30 ഉണ്ടായിരുന്നത് 32 ഉം പൊന്നിക്ക് 40 രൂപ ഉണ്ടായിരുന്നത് 45ഉം ആയിരുന്നു കഴിഞ്ഞ ദിവസത്തെ മൊത്തവ്യാപാര വിപണിയിലെ വില. പൊതുവിപണയിൽ ഇതിലുമെത്രയോ അധികം കൊടുക്കേണ്ടിവരും. ചിലയിനം അരി മാർക്കറ്റിൽ കിട്ടാനുമില്ല. നിത്യേന ഉയർന്ന് കൊണ്ടിരിക്കുന്ന ഇന്ധനവില അവശ്യ വസ്തുക്കളുടെ വിലയിൽ ക്രമാതീതമായ വർധനവാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇന്ധനവില വർധിക്കുന്നതിനനുസരിച്ച് കടത്ത് കൂലിയും വർധിക്കും. ഇതിനുപുറമെ വില വർധനയ്ക്ക് മറ്റുചില കാരണങ്ങൾ കൂടിയുണ്ട്. കാർഷികോൽപാദനത്തിൽ ഭീമമായ കുറവാണ് കഴിഞ്ഞ വർഷം ഉണ്ടായത്. കാരണങ്ങൾ പലതാണ്. കാലവസ്ഥയിലുണ്ടാകുന്ന മാറ്റവും ഉൽപാദന ചെലവും കർഷകസമരവും കാർഷികോൽപാദനത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്. ഇതും വിലക്കയറ്റത്തിന് കാരണമായി. പുറമെ കൂനിന്മേൽ കുരു എന്ന പ്രയോഗം പോലെ ശ്രീലങ്കയുടെ സാമ്പത്തിക തകർച്ചയും ഇന്ത്യൻ വിപണിയേയും ബാധിച്ചിട്ടുണ്ട്. ശ്രീലങ്കയിലേക്ക് വൻ തോതിലാണ് അരി കയറ്റുമതി ചെയ്തുകൊണ്ടിരിക്കുന്നത്. ഇത് ഇന്ത്യയിൽ അരിയുടെ ദൗർലഭ്യത്തിനും വില വർധിക്കാനും കാരണമാകുകയും ചെയ്തിട്ടുണ്ട്.


വിലക്കയറ്റത്തിൻ്റെ ഈ കാലത്ത് ജീവിക്കുക എന്നത് സാധാരണക്കാരനെ സംബന്ധിച്ചേടത്തോളം അതികഠിനമായിരിക്കുകയാണ്. ജീവൻ രക്ഷാമരുന്നുകൾ ഉൾപ്പെടെയുള്ളവയ്ക്ക് മരുന്നു കമ്പനികൾ ആവശ്യപ്പെട്ടത് പ്രകാരം പത്ത് ശതമാനം വില വർധന വരുത്താൻ കേന്ദ്രസർക്കാർ തീരുമാനമെടുത്തത് കഴിഞ്ഞ ദിവസമാണ്. അതിന്റെ തൊട്ടടുത്ത ദിവസമാണ് കമ്പിക്കും സിമന്റിനും തീയാളുന്നത് പോലുള്ള വിലക്കയറ്റം ഉണ്ടായത്. സാധാരണക്കാരന്റെ ജീവിതാഭിലാഷമാണ് ഒരു വീടുണ്ടാവുക എന്നത്. അതിന്റെ സാഫല്യത്തിന് വേണ്ടി എന്ത് ത്യാഗത്തിനും അവർ തയാറാകുന്നു. നിർമാണം നടക്കുന്ന വീടിന്റെ ആധാരം പണയപ്പെടുത്തിയും കിട്ടാവുന്നിടത്ത് നിന്നെല്ലാം കടം വാങ്ങിയുമാണ് അവർ വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നത്. നിർമാണത്തിനിടയിൽ ഉണ്ടായേക്കാവുന്ന വിലക്കയറ്റത്തെ മുന്നിൽ കണ്ട് ബജറ്റിൽ നിന്ന് അൽപം കൂടി തുക കണ്ടെത്തിയാണ് അവർ വീട് നിർമാണത്തിനറങ്ങുന്നത്. എന്നാൽ കണക്കു കൂട്ടലുകളെയും കടപുഴക്കി എറിയുന്നതാണ് സിമന്റിനും കമ്പിക്കുമുണ്ടായ വില വർധന. പലർക്കും വീട് നിർമാണം പാതിവഴിയിൽ അവസാനിപ്പിക്കേണ്ട ഗതികേടാണ് അസംസ്കൃത വസ്തുക്കളുടെ വിലക്കയറ്റം ഉണ്ടാക്കിയിരിക്കുന്നത്.
വിലക്കയറ്റത്തിന്റെ മറവിൽ അവശ്യസാധനങ്ങളുടെ പൂഴ്ത്തിവയ്പ്പും നടക്കുന്നുണ്ട്. പൂഴ്ത്തിവയ്പ്പും അമിത വില ഈടാക്കുന്നതും തടയുവാൻ ഇതുവരെ സർക്കാർ സംവിധാനമൊന്നും കാര്യക്ഷമമായി പ്രവർത്തിക്കാൻ തുടങ്ങിയിട്ടില്ല. കൊവിഡ് കാലത്ത് ഭക്ഷ്യകിറ്റ് നൽകാൻ കാണിച്ച ശുഷ്കാന്തി മനുഷ്യരെ കൊല്ലാക്കൊല ചെയ്തു കൊണ്ടിരിക്കുന്ന രൂക്ഷമായ വിലക്കയറ്റം തടയുവാൻ സർക്കാർ ഭാഗത്ത് നിന്നും ഉണ്ടാകുന്നില്ല. കൊവിഡിൽ നിന്നും വിഭിന്നമല്ല ഇപ്പോഴത്തെ സ്ഥിതിയും. ആളുകൾ വീടിനുള്ളിൽ അടച്ചുപൂട്ടി കഴിയുന്നില്ല എന്ന വ്യത്യാസം മാത്രമേ ഉള്ളൂ. പുറത്തിറങ്ങി ജോലി ചെയ്താലും ജീവിതം മുന്നോട്ട് കൊണ്ട് പോകാനാവാത്ത അവസ്ഥയാണ് രൂക്ഷമായ വിലക്കയറ്റം ഉണ്ടാക്കിയിരിക്കുന്നത് ഉത്സവാഘോഷങ്ങളിലും പഞ്ഞമാസങ്ങളിലും മറ്റും സർക്കാർ വിപണിയിൽ ഇറങ്ങി സാധാരണക്കാരന് മിതമായ വിലയിൽ അവശ്യസാധനങ്ങൾ ലഭ്യമാക്കുന്നത് പോലുള്ള സംവിധാനം ഇപ്പോഴും വേണം. സഞ്ചരിക്കുന്ന മാവേലി സ്റ്റോറുകൾ പോലുള്ളവ സജീവമാകണം. സർക്കാർ സംവിധാനം ഉപയോഗപ്പെടുത്തി അവശ്യസാധനങ്ങളുടെ അമിതവില കുറയ്ക്കാൻ സത്വര നടപടികൾ സ്വീകരിക്കണം. എങ്കിൽ മാത്രമേ കൊല്ലുന്ന വിലക്കയറ്റത്തിൽ നിന്ന് സാധാരണക്കാർക്ക് അൽപമെങ്കിലും ആശ്വാസം കിട്ടൂ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മണിപ്പൂരിൽ  തട്ടിക്കൊണ്ടുപോയ മൂന്ന് കുട്ടികളടക്കം ആറുപേരെയും കൊന്നു; ഏഴ് ജില്ലകളില്‍ ഇന്റര്‍നെറ്റ് തടഞ്ഞു ; രണ്ട് ജില്ലകളില്‍ കര്‍ഫ്യൂ

National
  •  a month ago
No Image

ഹൈപ്പർ ആക്ടീവ് കുട്ടികൾ‌ക്കുള്ള ചികിത്സക്കെത്തിയ അഞ്ച് വയസുകാരൻ കിണറ്റിൽ ചാടി മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-16-11-2024

PSC/UPSC
  •  a month ago
No Image

ചൈനയിൽ അക്രമാസക്തനായി വിദ്യാർത്ഥി; 8 പേ‍രെ കുത്തിക്കൊലപ്പെടുത്തി, 17 പേർക്ക് പരിക്ക്

International
  •  a month ago
No Image

4 മണിക്കൂറിലെ തെരച്ചിലിനൊടുവിൽ ചാടിപ്പോയ പ്രതിയെ പിടികൂടി പൊലിസ്

Kerala
  •  a month ago
No Image

അനധികൃത വാഹന പരിഷ്‌കാരങ്ങള്‍; 13 പരിശോധനാ ചെക്ക്‌പോസ്റ്റുകള്‍ സ്ഥാപിച്ച് ദുബൈ പൊലിസ്

uae
  •  a month ago
No Image

തെലുങ്കർക്കെതിരായ അപകീർത്തി പരാമർശം; നടി കസ്തൂരി അറസ്റ്റില്‍

National
  •  a month ago
No Image

ലോകത്തിലെ ആദ്യ ഫുട്‌ബോള്‍ തീം പാര്‍ക്ക് ദുബൈയില്‍; ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയായി റോബര്‍ട്ടോ കാര്‍ലോസ് 

uae
  •  a month ago
No Image

സ്ത്രീകൾ പൊലിസിനെ ആക്രമിച്ച് പ്രതിയെ രക്ഷപ്പെടുത്തി; വനിതാ പൊലിസില്ലാത്തത് തിരിച്ചടിയായി

latest
  •  a month ago
No Image

അടിയന്തര സാഹചര്യങ്ങളില്‍ തിരച്ചിലിനും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ഇനി ഡ്രോണ്‍ ഉപയോഗിക്കാന്‍ സഊദി 

Saudi-arabia
  •  a month ago