ശ്രീലങ്ക ഇന്ത്യയിൽനിന്ന് 11,371 കോടി കടം വാങ്ങുന്നു
കൊളംബോ
കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ കഴിയുന്ന ശ്രീലങ്ക ഇന്ത്യയിൽ നിന്ന് 11,371.5 കോടി രൂപ കടം വാങ്ങുന്നു. അവശ്യ വസ്തുക്കൾ രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്നതിനാണ് തുക വിനിയോഗിക്കുകയെന്ന് ശ്രീലങ്കൻ കേന്ദ്ര ബാങ്ക് അറിയിച്ചു.
വിദേശനിക്ഷേപത്തിൽ 70 ശതമാനം ഇടിവു വന്നതോടെ 2.2 കോടി ജനസംഖ്യയുള്ള രാജ്യം അവശ്യ വസ്തുക്കൾ ഇറക്കുമതി ചെയ്യാനാകാതെ നരകിക്കുകയാണ്.
വിദേശ കടങ്ങൾ തിരിച്ചടക്കാനാകാതെ വന്നതോടെ അന്താരാഷ്ട്ര നാണ്യനിധിയുമായി ചർച്ചയ്‌ക്കൊരുങ്ങുകയാണ് സർക്കാർ. ഇന്ധനക്ഷാമവും ഭക്ഷ്യവില പരിധിവിട്ട് കുതിക്കുന്നതും മൂലം ജനങ്ങൾ പ്രക്ഷോഭത്തിലുമാണ്.
അവശ്യവസ്തുക്കൾ ഇറക്കുമതി ചെയ്തതു മൂലമുള്ള കടം വീട്ടാൻ 7,573.8 കോടി രൂപയുടെ സഹായം നൽകാമെന്ന് ഇന്ത്യ അറിയിച്ചിരുന്നു. ഇന്ത്യയിൽ നിന്ന് എണ്ണയും മറ്റു അവശ്യവസ്തുക്കളും ഇറക്കുമതി ചെയ്യാൻ ശ്രീലങ്കൻ സർക്കാർ ശ്രമിച്ചുവരുകയാണ്. അരി, ഗോതമ്പ് പൊടി, പയർവർഗങ്ങൾ, പഞ്ചസാര, മരുന്നുകൾ എന്നിവയും ഡീസലും നൽകാമെന്ന് ഇന്ത്യ ഏറ്റിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."