കെ.എസ്.ആർ.ടി.സിക്ക് നഷ്ടം ആറ് കോടിയോളം
തിരുവനന്തപുരം
പൊതുപണിമുടക്കിൽ രണ്ടു ദിവസം കേരളം നിശ്ചലമായപ്പോൾ നഷ്ടത്തിൽനിന്ന് നഷ്ടത്തിലേക്ക് കൂപ്പുകുത്തി കെ.എസ്.ആർ.ടി.സി. സർവിസുകൾ മുടങ്ങിയതോടെ കോർപറേഷന്റെ വരുമാന നഷ്ടം ഏകദേശം ആറു കോടിയാണ്.
കോർപറേഷന് ദൈനംദിന ടിക്കറ്റ് കലക്ഷൻ അഞ്ചു മുതൽ ആറു കോടി രൂപ വരെ ലഭിക്കാറുണ്ട്. ഇന്ധനത്തിനുള്ള ഒരു ദിവസത്തെ ചെലവ് മൂന്നു കോടി രൂപ. ഇതിനെ അടിസ്ഥാനമാക്കിയാൽ, രണ്ടു ദിവസങ്ങളിലായി ആറു കോടിയോളം രൂപയുടെ വരുമാന നഷ്ടം സ്ഥാപനത്തിനുണ്ടായതായി അധികൃതർ പറയുന്നു.
ടിക്കറ്റ് വരുമാനവും ഇന്ധനച്ചെലവും മാത്രം അടിസ്ഥാനമാക്കിയുള്ള കണക്കാണിത്. ദേശീയ പണിമുടക്കിന്റെ രണ്ടാം ദിവസം ആകെയുള്ള 3,966 ഷെഡ്യൂളിൽ 106 സർവിസുകൾ മാത്രമാണ് നടത്തിയത്. 3,275 ജീവനക്കാർ ഹാജരായി. ചില സ്ഥലങ്ങളിൽ സമരക്കാർ ബസ് തടഞ്ഞതിനെ തുടർന്ന് സർവിസ് മുടങ്ങി. സർവിസുകൾ നടത്തേണ്ടെന്ന നിലപാടാണ് യൂനിയനുകൾ സ്വീകരിച്ചത്.
പണിമുടക്കിനോട് എതിർപ്പുള്ള യൂനിയനിലുള്ളവർ ചിലയിടങ്ങളിൽ ഡ്യൂട്ടിക്കെത്തിയെങ്കിലും ബസുകൾ സ്റ്റാൻഡിൽനിന്ന് പുറത്തിറക്കാൻ സമരാനുകൂലികൾ സമ്മതിച്ചില്ല. സമരത്തിനു സർക്കാർ അനുകൂലമായതിനാൽ കോർപറേഷൻ അധികൃതരും സർവിസ് നടത്താൻ നടപടിയെടുത്തില്ല. 18,145 സ്ഥിരജീവനക്കാരും 612 താൽക്കാലിക ജീവനക്കാരുമാണ് കെ.എസ്.ആർ.ടി.സിക്കുള്ളത്. ആദ്യ ദിവസം 52 ഷെഡ്യൂളുകൾ മാത്രമാണ് ഓപ്പറേറ്റ് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."