രാഹുലിൻ്റെ ശരി കോൺഗ്രസ് സ്വീകരിച്ചെങ്കിൽ
വർഷങ്ങൾക്കു മുമ്പ് ഇന്ത്യയെ കണ്ടെത്താൻ ജവഹർലാൽ നെഹ്റു നടത്തിയ യാത്ര ഇന്ത്യൻ രാഷ്ട്രീയത്തിൽ കൊടുങ്കാറ്റ് സൃഷ്ടിച്ചതു പോലെ രാഹുൽ ഗാന്ധി ഇന്ത്യയെ കേൾക്കാൻ നടത്തിയ ഭാരത് ജോഡോ യാത്ര രാജ്യത്തിൻ്റെ സമകാലിക രാഷ്ട്രീയത്തിൽ ഗൗരവമേറിയ ചലനങ്ങൾ വല്ലതും സൃഷ്ടിക്കുമോ എന്നത് വരും നാളുകണ് തീരുമാനിക്കുക. എങ്കിലും ഒന്നുറപ്പുണ്ട്, ഭാരത് ജോഡോ യാത്ര ആരംഭിക്കും മുമ്പുള്ള രാഹുൽ ഗാന്ധിയായിരിക്കില്ല യാത്രക്ക് ശേഷമുള്ള രാഹുൽ ഗാന്ധി. ഡൽഹിയിലിരുന്നു പറയുന്നതല്ല രാഷ്ട്രീയം, അത് ഇന്ത്യൻ മനസുകളെ തൊട്ടറിഞ്ഞു കൊണ്ടുള്ള ഇന്ത്യയുടെ ആത്മാവ് തേടിയുള്ള ഒരു യാത്രയിലൂടെ മാത്രമേ സഫലമാവുകയുള്ളൂ എന്ന തിരിച്ചറിവ് രാഹിലിൽ ഉണ്ടായത് മാറ്റത്തിന്റെ തുടക്കമായിരുന്നു. 2022 സെപ്റ്റംബർ എട്ടിന് കന്യാകുമാരിയിൽ നിന്ന് രാഹുൽ ഗാന്ധി നടക്കാൻ തുടങ്ങിയപ്പോൾ , നിശ്ചിത ലക്ഷ്യമായ ശ്രീനഗറിൽ എത്തുമോ എന്നതിനെകുറിച്ച് അദ്ദേഹത്തിനു തന്നെയും നല്ല നിശ്ചയമുണ്ടായിരുന്നില്ല. അത് കൊണ്ടായിരുന്നു യാത്രയുടെ തുടക്കത്തിൽ തന്നെ തൻ്റെ യാത്രയ്ക്ക് രാഷ്ട്രീയമില്ല എന്നദ്ദേഹം പ്രഖ്യാപിച്ചത്. കോൺഗ്രസ് നേതാവ് നടത്തുന്ന യാത്ര എന്നതിനാൽ ചിലപ്രതിപക്ഷ പാർട്ടി നേതാക്കൾ വിട്ടുനിൽക്കുകയും ചെയ്തു. യാത്രയിൽ അവരുടെ സഹകരണം തേടിയില്ല എന്നതും വിട്ട് നിൽക്കലിന് കാരണമായിട്ടുണ്ടാകാം.
2023 ജനുവരി 30ന് (ഇന്ന്) കശ്മിരിലെ ശ്രീനഗറിൽ രാഹുൽ രാഷ്ട്രപതാക ഉയർത്തി, തന്റെ 4,000 കിലോമീറ്റർ താണ്ടിയുള്ള യാത്രക്ക് പര്യവസാനം കുറിക്കുമ്പോൾ, പുറപ്പെട്ട സമയത്തുണ്ടായിരുന്ന രാഹുൽ ഗാന്ധിയെയല്ല ഇന്ത്യക്ക് കാണാൻ കഴിഞ്ഞത്. മഞ്ഞുമൂടിയ കശ്മിരിൽ മിഴിവാർന്ന രൂപമായി, പക്വതയാർന്ന രാഷ്ട്രീയ നേതാവായി അദ്ദേഹം പ്രതിച്ഛായ മാറ്റിയെഴുതിയിരിക്കുന്നു.
നിസ്സഹകരണ സമരത്തിന് ആഹ്വാനം ചെയ്തുകൊണ്ട് ഗാന്ധിജി പറഞ്ഞു: " തുടക്കത്തിൽ അവർ നിങ്ങളെ അവഗണിക്കും. പിന്നെ പരിഹസിക്കും. പിന്നെ അക്രമിക്കും " ഇത് തന്നെയായിരുന്നു രാഹുൽ ഗാന്ധിയുടെ യാത്രയുടെ തുടക്കത്തിൽ ബി.ജെ.പിയും ആവർത്തിച്ചത്. അക്രമിച്ചില്ലെന്ന് മാത്രം.
പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളിൽ ചിലത് യാത്രയിൽനിന്ന് വിട്ട് നിന്നെങ്കിലും ഇന്ത്യയുടെ പരിഛേദമായ ഭിന്ന മേഖലകളിൽ നിന്നുള്ളവർ രാഹുൽ ഗാന്ധിയെ വാരിപ്പുണർന്നപ്പോൾ അതിലൂടെ വ്യക്തമായ ഒരു സന്ദേശമാണ് ഇന്ത്യക്ക് ലഭിച്ചത്. വ്യവസ്ഥാപിത പാർട്ടികളുടെ താൽപര്യങ്ങൾക്കപ്പുറം ഇന്ത്യയുടെ മതനിരപേക്ഷ ജനാധിപത്യ മനസ് നിലനിൽക്കണമെന്ന് ദൃഢ നിശ്ചയമുള്ള ഒരു വലിയ വിഭാഗം ജനത ഇന്ത്യയിൽ ഇന്നും ബാക്കിയുണ്ട് എന്നതായിരുന്നു ആ സന്ദേശം. യാത്രയിലുടനീളം കാണപ്പെട്ട ജനകീയ കൂട്ടായ്മ അത് അടയാളപ്പെടുത്തുകയും ചെയ്തു. നാവിക സേന മുൻ മേധാവി മുതൽ റിസർവ് ബാങ്ക് മുൻഗവർണർ രഘുറാ രാജൻ തൊട്ട്, മേധാ പട്കറിലൂടെ, കീറിപ്പറിഞ്ഞ വസ്ത്രം ധരിച്ച പാവങ്ങൾ വരെ അവരിൽ ഉണ്ടാകുമ്പോൾ രാഹുൽ ഗാന്ധിയെ കെട്ടിപ്പിടിച്ച് അവർ തേങ്ങുമ്പോൾ മത നിരപേക്ഷ ജനതയുടെ പരിഛേദമാകുകയായിരുന്നു ഇന്ത്യ.
യാത്രയുടെ തുടക്കത്തിൽ രാഹുൽ ഗാന്ധി ധരിച്ച ടിഷർട്ടിനെ ചൊല്ലിയായിരുന്നു ബി.ജെ.പിയുടെ പരിഹാസം. എല്ല് തുളച്ച് കയറുന്ന ഉത്തരേന്ത്യയിലെ കൊടും ശൈത്യത്തിലും കോരിച്ചൊരിയുന്ന മഴയിലും അതേ ടീഷർട്ട് ധരിച്ച് അദ്ദേഹം പരിഹാസത്തിന് മൗനത്തിലൊളിപ്പിച്ച മറുപടി നൽകി. കോരിച്ചൊരിയുന്ന മഴയേറ്റ് രാഹുൽ പ്രസംഗിക്കുന്ന ചിത്രം പ്രമുഖ മാധ്യമങ്ങൾ അവഗണിച്ചെങ്കിലും ജനഹൃദയങ്ങളിൽ ആ മായാ ചിത്രം പതിപ്പിക്കുവാൻ സാമൂഹ്യമാധ്യമങ്ങൾക്കു കഴിഞ്ഞു.
ഈ യാത്ര കൊണ്ട് രാഹുലിന് കിട്ടിയ ഗുണം രാഷ്ട്രീയം ഹൃദയം കൊണ്ടല്ല പറയേണ്ടത് ബുദ്ധികൊണ്ടാണെന്ന തിരിച്ചറിവാണ്. വ്യത്യസ്തങ്ങളായ രണ്ട് ആശയഗതികളാണ് ഇന്ന് ഇന്ത്യയെ ചൂഴ്ന്നു നിൽക്കുന്നത്. വിദ്വേഷത്തിന്റേയും സ്നേഹ സൗഹാർദത്തിന്റേയും. ഇതിൽ ഏത് വേണമെന്ന ചോദ്യമാണ് യാത്ര മുന്നോട്ട് വച്ചത്. യാത്രയിൽ വി.ഡി സവർക്കറെ വിമർശിച്ച രാഹുൽ ഗാന്ധി, മുൻ പ്രധാനമന്ത്രി എ.ബി വാജ്പേയിയുടെ സമാധി കുടീരത്തിൽ പുഷ്പ്പാർച്ച നടത്തിയതിലൂടെ അത് പ്രകടമാക്കുകയും ചെയ്തു. ബി.ജെ.പിക്ക് അത് കനത്ത പ്രഹരമായി മാറ്റുവാനും അദ്ദേഹത്തിന് കഴിഞ്ഞു. അയോധ്യ രാമക്ഷേത്രത്തിലെ പ്രധാന പൂജാരി സത്യേന്ദ്രദാസ്, വി.എച്ച്.പി നേതാവും രാമജന്മഭൂമി ട്രസ്റ്റ് ജനറൽ സെക്രട്ടറിയുമായ ചം പത് റായ് എന്നിവർ രാഹുൽ ഗാന്ധിക്ക് ആശംസകൾ നേരുകയും ചെയ്തതോടെ ബി.ജെ.പിക്ക് വിമർശനങ്ങളുടെ അമ്പുകൾ ആ വനാഴിയിലേക്ക് തിരികെ വയ്ക്കേണ്ടി വന്നു. പപ്പു എന്ന് വിളിച്ച് രാഹുൽ ഗാന്ധിയെ ഇനിയും ബി.ജെ.പിക്ക് പരിഹസിക്കാനാവില്ല. അങ്ങനെ ചെയ്യുന്ന പക്ഷം അവർ സ്വയം പരിഹാസ്യരാവു കയേ ഉള്ളൂ. തന്നെ പപ്പു എന്ന് വിളിച്ച് പരിഹസിക്കാൻ കോടികളാണ് ബി.ജെ.പി ചെലവാക്കിയതെന്ന് രാഹുൽ ഗാന്ധി യാത്രക്കിടയിൽ വെളിപ്പെടുത്തുകയുണ്ടായി. ഐക്യം എത്രത്തോളം പ്രധാനമാണെന്ന് ജനങ്ങൾക്ക് ബോധ്യപ്പെടുത്തി കൊടുക്കാൻ യാത്രയിലൂടെ രാഹുലിന് കഴിഞ്ഞു. കോൺഗ്രസുകാർ അല്ലാത്ത വലിയൊരു വിഭാഗത്തിന്റെ പിന്തുണ നേടിയെടുക്കുവാനും ഈ യാത്രയിലൂടെ കഴിഞ്ഞു എന്നത് കോൺഗ്രസിനും നേട്ടമാണ്. രാഹുൽ ഗാന്ധിക്ക് കിട്ടിയ കോൺഗ്രസിനപ്പുറത്തുള്ള പിന്തുണ അടുത്ത വർഷം നടക്കാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പ് വരെ നിലനിർത്താൻ കോൺഗ്രസിനാകുമോ എന്നതാണ് പ്രധാനം. അങ്ങനെയാകുമ്പോൾ പറയാനാകും രാഹുലിൻ്റെ യാത്ര വൃഥാവിലായില്ല എന്ന്.
കുതികാൽ വെട്ടും പരസ്പരം പാരപണിയലും പൊഴിഞ്ഞ് പോക്കും കോടികൾക്ക് സ്വയം വിൽക്കപ്പെടുന്ന എം.എൽ.എമാരും കോൺഗ്രസിന്റെ ശാപമായിരിക്കെ രാഹുൽ ഗാന്ധി നേടിയെടുത്ത ജനസമ്മിതി കോൺഗ്രസിന് ഊർജമാക്കാൻ കഴിയുമോ ? മറുവശത്താണെങ്കിൽ മൂന്നാം മുന്നണിക്ക് കളമൊരുക്കുകയാണ് തെലുങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവു. ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയാകട്ടെ ഭാവി പ്രധാന മന്ത്രിയായി സ്വയം പ്രഖ്യാപിക്കുകയും ചെയ്തിരിക്കുന്നു. പ്രതിപക്ഷ പാർട്ടികളുടെ ഐക്യമില്ലായ്മയാണ് ബി.ജെ.പിയുടെ ഐശ്വര്യം. പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളുമായി ബന്ധപ്പെട്ട് അവരുടെ കൂടി പിന്തുണയോടെയായിരുന്നു ജോഡോ യാത്ര നടന്നിരുന്നതെങ്കിൽ 2024 ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് അത് മുതൽ കൂട്ടാകുമായിരുന്നു. ജോഡോ യാത്രയുടെ പര്യവസാനത്തോടെ ഇത് വരെ തന്റെ മേൽ ചൊരിഞ്ഞു കൊണ്ടിരുന്ന എല്ലാ പരിഹാസങ്ങളേയും വിമർശനങ്ങളെയും നിഷ്പ്രഭമാക്കി ഇരുത്തം വന്ന ഒരു രാഷ്ട്രീയ നേതാവായി തലവര മാറ്റിയെഴുതിയിരിക്കുകയാണ് രാഹുൽ ഗാന്ധി. യാതനാ നിർഭരമായ നീണ്ട യാത്രയിലൂടെഅദ്ദേഹം താനെന്ന വ്യക്തിയെ സ്വയം പുതുക്കിപ്പണിതിരിക്കുന്നു. ഈ തിരിച്ചറിവ് ഇന്ത്യൻ നാഷനൽ കോൺഗ്രസിനുണ്ടാകുമോ ? കോൺഗ്രസ് തന്നെയും ഒരു പുതുക്കിപ്പണിയലിന് തയാറാകുമോ ? എങ്കിൽ അത്, പുതിയ ഇന്ത്യക്കു വേണ്ടിയുള്ള സൂരോദ്യയമായിരിക്കും. ഈ ഇരുട്ടിൽ നിന്നുള്ള മോചനം എല്ലാവരും ആഗ്രഹിക്കുന്നുവെന്ന സാധ്യത കോൺഗ്രസ് തുറന്നെടുക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."