ശ്രീ മായുന്ന ലങ്ക
അബ്ദുല്‍ അസിസ്. പി
ഇന്ത്യയുടെ കണ്ണുനീര്‍ തുള്ളി
ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഇന്ത്യയുടെ തെക്ക് കിഴക്ക് ഭാഗത്താണ് ശ്രീലങ്ക സ്ഥിതി ചെയ്യുന്നത്. ജയവര്‍ദ്ദനപുര കോട്ടയാണ് ഭരണ തലസ്ഥാനം. കൊളംബോയാണ് രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനം. ഇന്ത്യയേയും ശ്രീലങ്കയേയും വേര്‍തിരിക്കുന്നത് പാക് കടലിടുക്കാണ്.
ശ്രീലങ്കയുടെ പേരെന്താ
പ്രാചീന കാലത്ത് ലങ്കാപുരമായും ഇളങ്കയായും ശ്രീലങ്ക അറിയപ്പെട്ടിരുന്നു.പിന്നീട് അറേബ്യന്‍ നാവികര്‍ സെറന്‍ ദ്വീപ് എന്നും പോര്‍ച്ചു ഗീസുകാര്‍ സിലായോ ദ്വീപെന്നും ഡച്ചുകാര്‍ സൈലോണ്‍ എന്നും ശ്രീലങ്കയെ വിളിച്ചു. ബ്രിട്ടീഷുകാരാണ് 1833 ല്‍ സിലോണ്‍ എന്ന് പേര് ശ്രീലങ്കയ്ക്ക് നല്‍കുന്നത്.ദീര്‍ഘകാലം വൈദേശിക ആധിപത്യത്തിന് കീഴിലായിരുന്ന സിലോണ്‍ 1972 ല്‍ ഡമോക്രാറ്റിക് സോഷ്യലിസ്റ്റ് റിപ്പബ്ലിക്കായി മാറിയപ്പോഴാണ് ശ്രീലങ്ക എന്ന പേര് സ്വീകരിച്ചത്.
സിംഹളരും തമിഴരും
ശ്രീലങ്കയിലെ ആദിമ വംശജരാണ് തങ്ങളെന്ന് സിംഹളരും തമിഴരും ഒരു പോലെ അവകാശ വാദം ഉന്നയിക്കുന്നുണ്ട്. ഇന്ത്യയില്‍നിന്നു ശ്രീലങ്കയിലേക്ക് കുടിയേറിയ ഇന്‍ഡോആര്യന്‍ ജനവിഭാഗത്തിന്റെ പിന്‍മുറക്കാരാണ് തങ്ങളെന്ന് സിംഹളരും ആര്യന്മാര്‍ക്ക് മുമ്പേ ഇന്ത്യയില്‍ ജീവിച്ചിരുന്ന ദ്രാവിഡന്മാരുടെ പിന്‍മുറക്കാരാണ് തങ്ങളെന്ന് തമിഴ് വംശജരും അവകാശപ്പെടുന്നുണ്ട്.പ്രാചീന ഗുജറാത്ത് രാജാവ് സിംഹബാഹുവിന്റെ പുത്രന്‍ വിജയബാഹു സിലോണിലെ യക്ഷ രാജ്ഞി കുവൈനിയെ വിവാഹം ചെയ്തതിലൂടെ സ്ഥാപിച്ച സിംഹളരാജ വംശമാണ് ശ്രീലങ്കയിലെ പ്രഥമ രാജവംശമെന്നാണ് സിംഹളര്‍ അവകാശപ്പെടുന്നത്.സിംഹളരുടെ പൗരാണിക ഗ്രന്ഥമായ ദീപ വംശത്തിലാണ് ഇതിന് ആസ്പദമായ കഥകളുള്ളത്.
യക്ഷന്മാരുമായി വളരെ അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന നാഗന്മാരുടെ പിന്‍ മുറക്കാരാണ് തങ്ങളെന്നും അതു കൊണ്ട് തന്നെ ശ്രീലങ്കയിലെ ആദിമവാസികള്‍ തങ്ങളാണെന്നാണ് തമിഴ് വംശജര്‍ അവകാശപ്പെടുന്നത്. ഇരുവിഭാഗങ്ങളും തമ്മിലുള്ള തര്‍ക്കത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ടെങ്കിലും ശ്രീലങ്കയുടെ സ്വാതന്ത്ര്യത്തോടെയാണ് അത് രൂക്ഷമായത്.
സിംഹള-തമിഴ് പോരാട്ടം
ശ്രീലങ്കയിലെ സിംഹളതമിഴ് പോരാട്ടത്തിന് വര്‍ഷങ്ങളുടെ ചരിത്രം പറയാനുണ്ട്.രാജഭരണം കാലം തൊട്ടേ ശ്രീലങ്കയില്‍ താമസമാരംഭിച്ചവരും ബ്രിട്ടീഷ് ആധിപത്യ കാലത്ത് തോട്ടം തൊഴിലാളികളായി കുടിയേറ്റം നടത്തിയവരും തമിഴ് വംശജര്‍ക്കിടയില്‍ തന്നെയുണ്ട്.സിംഹളരും തമിഴ് വംശജരും തമ്മില്‍ പൈതൃകത്തിന്റെ പേരില്‍ നിരന്തരം പോരടിക്കാറുണ്ട്.മാറി മാറി വരുന്ന സര്‍ക്കാറുകളുടെ തമിഴരോടുള്ള വിവേചനവും സിംഹളഭാഷയെ ഔദ്യോഗിക ഭാഷയായി പ്രഖ്യാപിച്ചതും ആ വിദ്വേഷം വര്‍ദ്ധിക്കാന്‍ കാരണമായി.സിംഹള ഒണ്‍ലി ആക്ടിലൂടെ സര്‍ക്കാര്‍ തലങ്ങളിലുള്ള തമിഴ് വംശജരുടെ പ്രവേശനത്തിന് തടയിടാന്‍ ശ്രമിച്ചതും ബ്ലാക്ക് ജൂലൈ കൂട്ടക്കൊലയും ശ്രീലങ്കയെ ആഭ്യന്തര കലാപത്തിലേക്ക് തള്ളി വിട്ടു.
ബ്ലാക്ക് ജൂലൈ
1983 ജൂലൈയില്‍ നടന്ന തമിഴ് വംശഹത്യയും ഇതിനെത്തുടര്‍ന്നുണ്ടായ കലാപങ്ങളുമാണ് ബ്ലാക്ക് ജൂലൈ എന്നറിയപ്പെടുന്നത്.ശ്രീലങ്കന്‍ സൈന്യത്തിന് നേരെ എല്‍.ടി.ടി.ഇ നടത്തിയ ആക്രമണത്തെത്തുടര്‍ന്ന് പതിമൂന്ന് ശ്രീലങ്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതാണ് ബ്ലാക്ക് ജൂലായ് സംഭവത്തിന് പ്രത്യക്ഷ കാരണം.ശ്രീലങ്കന്‍ തലസ്ഥാന നഗരിയായ കൊളംബോയില്‍ ജൂലായ് 24 ന് രാത്രിയാണ് കലാപം പൊട്ടിപ്പുറപ്പെട്ടത്.ശ്രീലങ്കന്‍ സൈനികരുടെ കൊലപാതകത്തെത്തുടര്‍ന്ന് സിംഹളര്‍,വ്യാപകമായി തമിഴ് വംശജരെ ആക്രമിക്കാന്‍ തുടങ്ങി.ഇതിനെ തുടര്‍ന്ന് മൂവായിരത്തോളം ആളുകള്‍ മരണപ്പെടുകയും ഒന്നര ലക്ഷത്തിലേറെ ആളുകള്‍ ഭവന രഹിതരാകുകയും ചെയ്തു.ആക്രമണത്തില്‍ കൊല്ലപ്പെട്ട പട്ടാളക്കാരുടെ മൃതദേഹങ്ങള്‍, ഒരു കലാപ സാധ്യത കണക്കിലെടുത്ത് ബന്ധുമിത്രാദികള്‍ക്ക് വിട്ടു കൊടുക്കാതെ കൊളംബോയിലെ പൊതു ശ്മശാനത്തില്‍ സംസ്‌കരിക്കാനായിരുന്നു ഉന്നത തല തീരുമാനം.അന്നത്തെ ശ്രീലങ്കന്‍ പ്രധാനമന്ത്രി ആര്‍ പ്രേമ ദാസ ഈ തീരുമാനത്തെ എതിര്‍ത്തെങ്കിലും പ്രസിഡന്റ് ജയവര്‍ദ്ദനെ പ്രധാനമന്ത്രിയുടെ അഭിപ്രായത്തെ മറികടന്ന് സൈനിക തീരുമാനം നടപ്പിലാക്കാന്‍ ഉത്തരവിട്ടു.വൈകിട്ടോടെ ജാഫ്‌നയില്‍നിന്നു എത്തിച്ചേരുമെന്നറിയിച്ച മൃതദേഹങ്ങള്‍ വഹിച്ച വിമാനം പൊതു ശ്മശാനത്തിലെത്താന്‍ രാത്രിയായി.അപ്പോഴേക്കും അവിടെ തടിച്ച് കൂടിയ എണ്ണായിരത്തോളം വരുന്ന ജനങ്ങള്‍ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടു കൊടുക്കാന്‍ ആവശ്യപ്പെടുകയും ജനങ്ങളുടെ എതിര്‍പ്പിനെ തുടര്‍ന്ന് പ്രസിഡന്റ് നേരത്തെ നല്‍കിയ ഉത്തരവ് പിന്‍വലിക്കുകയും ചെയ്തു. അവിടെ നിന്നു പിരിഞ്ഞ് പോയ ജനക്കൂട്ടത്തിലെ ഒരു വിഭാഗം കൊളംബോയിലെ ബൊറെല്ലോയിലേക്ക് പ്രകടനമായി പോകുകയും അവിടെയുള്ള തമിഴരെ ആക്രമിക്കുകയും ചെയ്തു.അവിടെ നിന്നും ആരംഭിച്ച കലാപം ഒരു ആഴ്ച്ചയോളം നീണ്ടു നില്‍ക്കുകയും രാജ്യമാകെ പടരുകയും ചെയ്തു.
കറുവപ്പട്ടയുടെ നാട്
കറുവപ്പട്ടയുടെ ജന്മദേശമായാണ് ശ്രീലങ്ക അറിയപ്പെടുന്നത്.പ്രാചീന കാലം തൊട്ടേ ശ്രീലങ്കയില്‍ നിന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കറുവപ്പട്ട കയറ്റുമതി നടത്തിയിരുന്നുവത്രേ.ബി സി ആയിരത്തി അഞ്ഞൂറുകളില്‍ ശ്രീലങ്കയില്‍ നിന്നും ഈജിപ്ത്തിലേക്ക് കറുവപ്പട്ട കയറ്റി അയച്ചിരുന്നു.ഈയിടെ ആസൂത്രണമില്ലാതെ രാജ്യത്ത് നടപ്പിലാക്കിയ ജൈവ കൃഷി രീതി രാജ്യത്തെ മുഖ്യ കാര്‍ഷിക ഉല്‍പ്പന്നങ്ങളിലൊന്നായ കറുവപ്പട്ടയേയും സാരമായി ബാധിച്ചു.
സ്വാതന്ത്ര്യത്തിലേക്ക്
യൂറോപ്യര്‍,അറബികള്‍,പോര്‍ച്ചുഗീസുകാര്‍,ഡച്ചുകാര്‍,ബ്രിട്ടീഷുകാര്‍ എന്നിവര്‍ അടക്കി ഭരിച്ച ശ്രീലങ്കയുടെ സ്വാതന്ത്ര്യ മോഹം ആരംഭിക്കുന്നത് തമിഴ് വംശജനായ പൊന്നമ്പലം അരുണാചലത്തിന്റെ നേതൃത്വത്തില്‍ 1919 ല്‍ രൂപീകരിച്ച സിലോണ്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ വരവോട് കൂടിയാണ്.പിന്നീട് മാര്‍കിസ്റ്റ് ലങ്കാസമസമാജ പാര്‍ട്ടിയും സിംഹളമഹാസഭയും തമിഴ് കോണ്‍ഗ്രസ്സ് പാര്‍ട്ടികളും ശ്രീലങ്കയില്‍ ശക്തിയാര്‍ജ്ജിച്ചു.ശ്രീലങ്കയുടെ സ്വാതന്ത്ര്യം ലക്ഷ്യംവച്ച് ഡോണ്‍ സ്റ്റീഫന്‍ സേനാനായകെ 1946 ല്‍ രൂപീകരിച്ച യൂണൈറ്റഡ് നാഷണല്‍ പാര്‍ട്ടി(യു.എന്‍.പി) രൂപീകരിച്ചു.പീന്നീട് ബന്ധാര നായകെയുടെ സിംഹളമഹാസഭയുമായും ജി.ജി പൊന്നമ്പലത്തിന്റെ തമിഴ് കോണ്‍ഗ്രസ്സുമായും യു.എന്‍.പി സഖ്യമുണ്ടാക്കി.1948 ല്‍ ശ്രീലങ്കയ്ക്ക് ബ്രിട്ടന്റെ ഡൊമിനിയല്‍ പദവി ലഭിക്കുകയും സേനാനായകെ പ്രധാനമന്ത്രിയാകുകയും ചെയ്തു.1956 ല്‍ യു.എന്‍.പി പരാജയപ്പെടുകയും സോളമന്‍ ബണ്ഡാര നായകെയുടെ ശ്രീലങ്കാ ഫ്രീഡം പാര്‍ട്ടിയും ഫിലിപ്പ് ഗുണവര്‍ദ്ദനയുടെ വിപ്ലവകാരി ലങ്കാസമസമാജ പാര്‍ട്ടിയും ചേര്‍ന്ന മഹാജന ഏക് സത്ത് വിജയിക്കുകയും ചെയ്തു.തമിഴ് വംശജരോടുള്ള വിവേചനത്തെത്തുടര്‍ന്ന് 1958 ല്‍ രാജ്യത്ത് കലാപം ആരംഭിച്ചു.ഇതിനെ തുടര്‍ന്ന് 1959 ല്‍ ബണ്ഡാര നായക വധിക്കപ്പെട്ടു.1960 നടന്ന തെരഞ്ഞെടുപ്പില്‍ ബണ്ഡാര നായകയുടെ ഭാര്യ സിരിമാവോ ലോകത്തിലെ ആദ്യത്തെ വനിതാ പ്രധാനമന്ത്രിയായി ശ്രീലങ്കയില്‍ ചുമതലയേറ്റു.1977 ല്‍ യു.എന്‍.പി അധികാരത്തിലെത്തിയതോടെ തമിഴ് ജനതയോടുള്ള വിവേചനം മൂര്‍ദ്ധന്യാവസ്ഥയിലെത്തി.ശ്രീലങ്കയില്‍ വ്യാപകമായി തമിഴ് വംശജര്‍ പാലായനം ആരംഭിച്ചു.പൗരാവകാശ നിയമങ്ങള്‍ റദ്ദ് ചെയ്ത് ശ്രീലങ്ക പ്രസിഡന്‍ഷ്യല്‍ റിപ്പബ്ലിക്കായി മാറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."