ജി.ഡി.പി മായയാണ്!
റെജിമോൻ കുട്ടപ്പൻ
'സ്ഥിരവില പന്ത്രണ്ട് ശതമാനവും പ്രചാരവില പതിനേഴു ശതമാനവും എന്ന തോതിൽ കേരളം പ്രശംസനീയ സാമ്പത്തിക വളർച്ച കൈവരിച്ചതിൽ സന്തോഷമുണ്ട്' എന്നാണ് കഴിഞ്ഞ അസംബ്ലിയിൽ കേരളാ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പ്രസംഗിച്ചത്. അഥവാ, കേരളത്തിന്റെ ജി.ഡി.പി പന്ത്രണ്ടു ശതമാനമായി വളർന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്. 2020-21 കാലയളവിൽ സർക്കാർ പറത്തുവിട്ട കണക്കുകൾ പ്രകാരം സംസ്ഥാന ജി.ഡി.പി സ്ഥിരവിലയിൽ(നെഗറ്റീവ്) 8.43 ശതമാനവും പ്രചാരവിലയിൽ(നെഗറ്റീവ്) 5.43 ശതമാനവുമായിരുന്നു. കേരളത്തിന്റെ വർധിച്ചുവരുന്ന കടം ചൂണ്ടിക്കാണിക്കുമ്പോൾ ഇടത് അനുഭാവികൾ ആവർത്തിച്ചുരുവിടുന്ന കാര്യമാണ് പന്ത്രണ്ട് ശതമാനം വളർന്ന ജി.ഡി.പി നേട്ടം. ഇതുരുവിടുകയാണ് ഗവർണറും ചെയ്തത്.
കണക്കുകളുടെ അടിസ്ഥാനത്തിൽ നോക്കുമ്പോൾ(നെഗറ്റീവ്) 8.3ൽ നിന്ന് 12 ശതമാനത്തിലേക്ക് വളർച്ചയുണ്ടായിട്ടുണ്ട് എന്നുള്ളത് വാസ്തവംതന്നെ. എന്നാൽ കണക്കുകളിലുള്ള ഈ വളർച്ച കേരളത്തിന്റെ യഥാർഥ വളർച്ചയെ പ്രതിഫലിക്കുന്നുണ്ടോ എന്നുള്ളത് പരിശോധിക്കേണ്ടതുണ്ട്. ഉയർന്ന ജി.ഡി.പിയെ ചൂണ്ടി സാമ്പത്തിക വളർച്ചയെക്കുറിച്ച് കേരളസർക്കാർ നെഞ്ചത്തടിച്ച് പറയുമ്പോൾ പ്രസക്തമാകുന്നത് ജി.ഡി.പിയുടെ ഉപജ്ഞാതാവായ സൈമൺ കസ്‌നെറ്റിന്റെ വാക്കുകളാണ്. 1971ൽ സാമ്പത്തികശാസ്ത്രത്തിൽ നോബൽ പുരസ്‌കാരത്തിനർഹനായ ഇദ്ദേഹത്തിന് തന്റെ കണ്ടുപിടുത്തത്തിനു ജനങ്ങളുടെ ക്ഷേമവുമായി യാതൊരു ബന്ധവുമില്ലെന്നതിൽ പൂർണബോധ്യമുണ്ടായിരുന്നു. എന്നാൽ ജി.ഡി.പിയെ ജനം തെറ്റിദ്ധരിച്ചു എന്നുള്ളതാണ് വാസ്തവം. ജി.ഡി.പി എന്നത് സമ്പത്തിനെയോ ജനക്ഷേമത്തിനെയോ അളക്കുന്ന സൂചികയല്ല. പകരം, ഇതൊരു വരുമാന സൂചികയാണ്. ആഗോള സാമ്പത്തിക മാന്ദ്യത്തെ തുടർന്ന് അമേരിക്കൻ സമ്പദ്ഘടനയിലെ പ്രതിസന്ധിയെ മനസ്സിലാക്കുന്നതിനായാണ് 1931ൽ ജി.ഡി.പി സമ്പ്രദായം കണ്ടുപിടിക്കുന്നത്. എന്നാൽ ഇത് പ്രചാരത്തിൽ വന്നതോടെ ജി.ഡി.പിക്ക് മന്ത്രശക്തിയുള്ള പോലായി കാര്യങ്ങൾ. ജി.ഡി.പിയിൽ വളർച്ച കണ്ടാൽ വ്യക്തികൾക്കും കമ്പനികൾക്കും പ്രതീക്ഷ വളരുകയായി. അതേസമയം, ജി.ഡി.പിയിലെ തളർച്ച ഭരണകൂടത്തിന്റെ നയങ്ങളെ പോലും തിരുത്താനും അതുവഴി ജി.ഡി.പി വളർച്ച തിരിച്ചുപിടിക്കാനുമുള്ള തത്രപ്പാടിലുമാവുന്നു.
1934ൽ, രണ്ടാം ലോകമഹായുദ്ധത്തിനു മുമ്പായി ജി.ഡി.പിയിലോ ജി.എൻ.പിയിലോ മാത്രമായി ശ്രദ്ധ കേന്ദ്രീകരിക്കരുതെന്ന് ജി.ഡി.പിയുടെ ഉപജ്ഞാതാവ് കസ്‌നറ്റ് യു.എസ് കോൺഗ്രസിനെ നിർദേശിച്ചിരുന്നു. കസ്‌നറ്റ് പറഞ്ഞത്, ദേശീയ വരുമാനം കണക്കാക്കുന്നതിലൂടെ ഒരു രാജ്യത്തിന്റെ ക്ഷേമത്തെക്കുറിച്ച് വളരെ തുച്ഛ അനുമാനം മാത്രമാണ് ലഭിക്കുക എന്നാണ്. അദ്ദേഹത്തിന്റെ നിരീക്ഷണം ദീർഘദൃഷ്ടിയോടു കൂടിയുള്ളതായിരുന്നു എന്നു വേണം മനസ്സിലാക്കാൻ. കാരണം, ജി.ഡി.പി സഞ്ചിത ഉപഭോഗത്തെ കുറിച്ചു മാത്രമാണ് സൂചന നൽകുന്നത്. ഇതൊരിക്കലും വ്യക്തിഗത ക്ഷേമത്തെ കണക്കിലെടുക്കുന്നില്ല. ഉത്പാദനത്തെക്കുറിച്ച് സംസാരിക്കുമ്പോൾ, ഇത് മൂലമുണ്ടായ മലിനീകരണം, ഉപയോഗിച്ച അസംസ്‌കൃത വസ്തുക്കളുടെ അല്ലെങ്കിൽ പ്രകൃതിവിഭവങ്ങളുടെ ശോഷണം സംബന്ധിച്ച് സംസാരിക്കുന്നില്ല. ജി.ഡി.പി സർക്കാരിന്റെ ചെലവുകൾ, സ്വകാര്യനിക്ഷേപങ്ങൾ എന്നിവയെക്കുറിച്ച് പറയുമ്പോൾ അതുവഴി ആർജിക്കുന്ന ജീവിതനിലവാരത്തെ കുറിച്ച് സംസാരിക്കുന്നില്ല. അപ്പോൾ എങ്ങനെയാണ് ഒരു രാഷ്ട്രത്തിന്റെ സാമ്പത്തിക മേഖലയിലെ പ്രകടനത്തെപ്പറ്റി നമുക്ക് പൂർണമായി മനസ്സിലാക്കാൻ സാധിക്കുക? അതും ജനങ്ങൾക്കും ഭൂമിക്കും പ്രയോജനപ്രദമായൊരു പുരോഗതിയാണോ ഇതെന്ന് എങ്ങനെ വിലയിരുത്തും?
ഒരു രാജ്യത്തെ ജനങ്ങളുടെ ക്ഷേമത്തെ സൂക്ഷ്മതലത്തിൽ മനസ്സിലാക്കുന്നതിന് പ്രതിശീർഷ ഉത്പാദനത്തിന്റെ കണക്കുനോക്കുന്നതിനു പകരം ഒരു കുടുംബത്തിന്റെ മധ്യാങ്ക വിനിയോഗ വരുമാനത്തെ (മീഡിയൻ ഡിസ്‌പോസബ്ൾ ഇൻകം) പരിശോധിക്കുന്നത് താരതമ്യേന ഭേദപ്പെട്ട മാർഗമാണ്. സ്ഥൂലതലത്തിൽ ഇതിനെ മനസ്സിലാക്കാൻ, ന്യൂസിലാൻഡ് ട്രഷറിയിലെ പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞൻ ഗിരോൾ കാരഷോൾ നിർദേശിക്കുന്നത് സമ്പത്തിന്റെ പ്രവാഹത്തെ മാത്രമല്ല അതിന്റെ ഉത്ഭവത്തെകൂടി കണക്കാക്കണം എന്നാണ്. ഇതിനുവേണ്ടി സാമ്പത്തിക മൂലധനത്തെ മാത്രം കണക്കിലെടുത്തിട്ടു കാര്യമില്ല, പ്രകൃതി, സാമൂഹിക, മാനവിക വിഭവ മൂലധനങ്ങളെ കൂടെ മനസ്സിലാക്കണം. യഥാർഥത്തിൽ ഇതെല്ലാം ചേർന്നതാണ് ഒരു സമ്പദ്ഘടനയുടെ സമ്പാദ്യം. ന്യൂസിലാൻഡ് മേൽപ്പറഞ്ഞ രീതി പിന്തുടരാൻ ആരംഭിച്ചതോടെ ജി.ഡി.പി പലപ്പോഴും സുഖ-ക്ഷേമങ്ങളുടെ സ്രോതസ്സുകളെ കണക്കിലെടുക്കാതെയാണ് വളരുന്നത് എന്നതു വ്യക്തമായി. ഉദാഹരണത്തിന്, പരിസ്ഥിതിയെ നശിപ്പിച്ചുള്ള സാമ്പത്തിക വളർച്ച നമ്മുടെ ആളോഹരി സമ്പത്തിൽ വർധനവുണ്ടാക്കുന്നതിനു പകരം ഇടിവുണ്ടാക്കുകയാണ് ചെയ്യുന്നത്. എന്തെന്നാൽ, ഇതുമൂലം രാജ്യം സാമ്പത്തികമായി വളരുന്നുവെങ്കിൽ പോലും പൗരന്മാർ പൂർണ തൃപ്തരാണെന്നോ അല്ലെങ്കിൽ സുഖത്തിലും ക്ഷേമത്തിലുമാണെന്നോ വരുന്നില്ല. ഒടുവിൽ ജി.ഡി.പി എന്ന മാന്ത്രിക സൂത്രവാക്യം നിശ്ശേഷീകരിക്കപ്പെട്ടിരിക്കുന്നു. പാശ്ചാത്യ ലോകത്ത് ജി.ഡി.പിയിൽ മുമ്പത്തെ പോലെ വളർച്ച പ്രകടമല്ല. ഇതിനും എത്രയോ മുമ്പ് ജനക്ഷേമ പുരോഗതി മന്ദീഭവിച്ചിട്ടുണ്ട്. ഒരുപക്ഷേ നല്ലതിനു വേണ്ടിയെന്നോണം ചിരപ്രതിസന്ധിയുടെ അലയൊലികൾ സമൂഹത്തെ ബാധിച്ചിരിക്കുന്നു. ക്രാന്തദർശിയായ കസ്‌നറ്റ് പറഞ്ഞതുപോലെ നാമൊരിക്കലും ജി.ഡി.പി വളർച്ചയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് നയരൂപീകരണം നടത്തരുതായിരുന്നു. എന്നാൽ നാം ചെയ്തതും ഇന്ന് തുടരുന്നതും അതു മാത്രമാണ്.
കേരളത്തിൽ പോലും ജി.ഡി.പിക്കു നൽകുന്ന അമിതപ്രാധാന്യം പുനഃപരിശോധിക്കേണ്ടതുണ്ട്. ഗവർണറുടെ പ്രസംഗത്തിൽ കേരളം തിളങ്ങുന്ന സാമ്പത്തിക നേട്ടം കൈവരിച്ചെന്ന് പറയുമ്പോഴും ഇതിനെ തുടർന്ന് അദ്ദേഹം പറയുന്ന കാര്യങ്ങൾ പരസ്പരവിരുദ്ധമാണ്. സംസ്ഥാനത്തെ തീവ്രദാരിദ്ര്യത്തെക്കുറിച്ചു മനസ്സിലാക്കുന്നതിനുവേണ്ടി 2022ൽ കേരളസർക്കാർ നടത്തിയ സർവേയിൽ 64,006 കുടുംബങ്ങൾ അതീവ ദാരിദ്ര്യത്തിലാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറയുന്നു. ഇതേ പ്രസംഗത്തിന്റെ മറ്റൊരു ഭാഗത്ത് തൊഴിലുറപ്പു പദ്ധതി കേരളത്തിൽ തൊഴിലില്ലാതെ ദാരിദ്ര്യത്തിൽ കഴിയുന്ന കുടുംബങ്ങൾക്ക് ആശ്രയമാണെന്നും പറയുന്നുണ്ട്. 2023 ജനുവരി പതിനെട്ടോടെ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി 7.24 കോടി തൊഴിൽദിനങ്ങൾ ലഭ്യമാക്കി 14.85 ലക്ഷം കുടുംബങ്ങൾക്ക് സാമ്പത്തിക പിന്തുണ നൽകാനായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മറ്റൊരർഥത്തിൽ പറഞ്ഞാൽ, പതിനഞ്ചു ലക്ഷം കേരളീയർ പ്രതിദിനം മുന്നൂറ്റിപ്പതിനൊന്നു രൂപ ലഭിക്കുന്ന ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയെ ആശ്രയിച്ചാണ് ജീവിക്കുന്നത്. ഇത് സത്യമെങ്കിൽ പന്ത്രണ്ട് ശതമാനം ജി.ഡി.പിയിൽ അഭിമാനിക്കുള്ള വകയില്ലെന്ന് സാരം. സമകാലികതയിൽ ജനക്ഷേമവും സൗഖ്യവും മനസ്സിലാക്കുന്നതിനു പുതിയ അളവുകോലുകൾ വേണം. ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ജി.ഡി.പി എന്ന മായയിൽ നമ്മൾ ഭ്രമിച്ചുകൂടാ. അതിന്റെ അളവുകോലുകളെ മറികടന്നുകൊണ്ടുള്ള വളർച്ചയും ക്ഷേമവുമാണ് ആവശ്യം. ജി.ഡി.പി എന്നതൊരിക്കലും സമ്പത്തിന്റെ അളവല്ല. പകരം വരുമാനത്തിന്റെ അളവ് മാത്രമാണ്. അഥവാ, ഒരു തരത്തിൽ പുറംതിരിഞ്ഞു നിന്നുള്ള കണക്കെടുപ്പ്. കഴിഞ്ഞ നിശ്ചിത കാലയളവിൽ ഉത്പാദിപ്പിക്കപ്പെട്ട സാധനങ്ങളുടെയും സേവനങ്ങളുടെയും മൂല്യം കണക്കാക്കുക മാത്രമാണ് ഇതിൽ ചെയ്യുന്നത്. ഇതേ മൂല്യത്തിലോ അളവിലോ അടുത്ത വർഷം നമുക്കിത് ഉത്പാദിപ്പിക്കാനാവുമോ എന്ന് ഈ കണക്കുകൾ ഒരിക്കലും പറയുന്നില്ല. അതു മനസ്സിലാക്കണമെങ്കിൽ വേണ്ടത് വരവുചെലവുകളുടെ പട്ടിക (ബാലൻസ് ഷീറ്റാണ്)യാണ്. അതിലാണ് സമ്പാദ്യത്തിന്റെ യഥാർഥ കണക്കുണ്ടാവുക. വരവുചെലവു പട്ടികയും വരുമാന പ്രസ്താവനയുമൊക്കെ കമ്പനികൾക്കാണ് ഉണ്ടാവുക, രാജ്യങ്ങൾക്കുണ്ടാവുകയുമില്ല.
ഇനിയും നമ്മൾ ജി.ഡി.പിയെ പിന്തുടരുകയാണെങ്കിൽതന്നെയും മനസ്സിലാക്കേണ്ട ചിലതുണ്ട്. ഓക്‌സ്‌ഫോർഡിലെ പ്രമുഖ സാമ്പത്തിക വിദഗ്ധൻ ഡയാൻ പറഞ്ഞതുപോലെ ജി.ഡി.പി എന്നത് ഒരു ആശയം മാത്രമാണ്. നാം കാണാനാഗ്രഹിക്കുന്നത് പ്രതിഫലിപ്പിക്കുന്ന ആശയം. എന്നാൽ ആ ആശയമാവട്ടെ കാലത്തിനനുസരിച്ച് മാറേണ്ടതുണ്ടുതാനും. ഉദാഹരണമായി, യാഥാസ്ഥിതിക ജി.ഡി.പി പ്രകാരം സ്ത്രീകൾ വീടുകളിൽ ചെയ്യുന്ന കൂലിയില്ലാ തൊഴിലുകൾ ഇതിനു കീഴിൽ വരുന്നില്ല. ഈ ജോലികൾക്ക് ഉത്പാദനമൊന്നുമില്ല എന്നതാണു കാരണം. എന്നാൽ ഇന്ന് ആധുനിക സമ്പദ് വ്യവസ്ഥയിൽ സ്ത്രീകളുടെ അത്തരം തൊഴിലിനെ തഴയാൻ സാധ്യമല്ല. അതിനാൽ, ഒന്നുകിൽ ജി.ഡി.പി എന്നതിനെ നവീകരിക്കണം, അതുമല്ലെങ്കിൽ ന്യൂസിലാൻഡ് മാതൃക പിന്തുടരണം.
(ഈ ലേഖനത്തിൽ ക്ലൌസ് ഷ്വാബ്, പീറ്റർ വാൻഹാം എന്നിവർ ചേർന്നെഴുതിയ 'സ്റ്റേക്‌ഹോൾഡർ കാപിറ്റലിസം; എ ഗ്ലോബൽ ഇകോണമി ദാറ്റ് വർക്‌സ് ഫോർ പ്രോഗ്രസ്' എന്ന പുസ്തകത്തിൽ നിന്നും വേൾഡ് ഇകോണമിക് ഫോറത്തിന്റെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള പഠനങ്ങളിൽ നിന്നുമുള്ള ചില ഭാഗങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."