നികുതി വര്‍ധനവ്: സ്വകാര്യ ബസുടമകള്‍ പ്രക്ഷോഭത്തിലേക്ക്
കോഴിക്കോട്: സ്വകാര്യ ബസുകളുടെ നികുതി സീറ്റിന്റെ അടിസ്ഥാനത്തില്‍ നിശ്ചയിക്കുന്ന രീതി മാറ്റി തറ വിസ്തീര്‍ണത്തിന്റെ അടിസ്ഥാനത്തില്‍ നിശ്ചയിക്കാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ച് സ്വകാര്യ ബസുടമകള്‍ പ്രക്ഷോഭത്തിലേക്ക്.
ഈ തീരുമാനം നികുതി അന്‍പതു ശതമാനത്തിലധികം വര്‍ധിപ്പിക്കും. ഓട്ടോറിക്ഷ മുതല്‍ ടൂറിസ്റ്റ് ബസുകള്‍ ഉള്‍പ്പെടെയുള്ള യാത്രാ വാഹനങ്ങള്‍ക്കൊന്നും നികുതി വര്‍ധിപ്പിച്ചിട്ടില്ല. സ്വകാര്യ വാഹനങ്ങളുടെ പെരുപ്പം കാരണം സ്വകാര്യ ബസുകളില്‍ കയറുന്ന ആളുകളുടെ എണ്ണത്തില്‍ വലിയ കുറവു വരുന്ന സാഹചര്യത്തില്‍ വീണ്ടും നികുതി വര്‍ധിപ്പിക്കുന്നത് സ്വകാര്യ ബസ് ഗതാഗതത്തെ തകര്‍ക്കും. സംസ്ഥാനത്ത് പൊതുഗതാഗതം ഇല്ലാതാകുന്ന അവസ്ഥ വരുമെന്നും ഓള്‍ കേരള ബസ് ഓപറേറ്റേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. നികുതി വര്‍ധനവ് പിന്‍വലിച്ചില്ലെങ്കില്‍ സംസ്ഥാനത്തുടനീളം സ്വകാര്യ ബസ് സര്‍വിസുകള്‍ നിര്‍ത്തിവച്ച് സമരം ചെയ്യുമെന്നും കോഴിക്കോട് ചേര്‍ന്ന ബസ് ഓപറേറ്റര്‍മാരുടെ യോഗം മുന്നറിയിപ്പു നല്‍കി. ടി. ഗോപിനാഥന്‍, പി.കെ മൂസ, എന്‍. വിദ്യാധരന്‍, കെ. രാധാകൃഷ്ണന്‍, വി.എസ് പ്രദീപ്, മൊയ്തീന്‍കുട്ടി പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."