HOME
DETAILS
MAL
കോച്ചിങ് ബിസിനസ്
backup
April 13 2021 | 04:04 AM
ആകാശ് - ഇന്ത്യയില്‍ ഉന്നതപഠനത്തിനു പോകാനൊരുങ്ങുന്ന കുട്ടികളുടെ സ്വപ്നത്തിലെ പേരാണിത്. രാജ്യത്തെ പ്രമുഖ ഐ.ഐ.ടി - ജെ.ഇ.ഇ പ്രവേശന പരീക്ഷകള്‍ക്കു തയാറെടുക്കുന്ന ഏറ്റവും പ്രഗത്ഭരായ വിദ്യാര്‍ഥികളുടെ അന്തിമലക്ഷ്യം. അതിന് മുന്തിയ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പഠിച്ചിട്ടു കാര്യമില്ല. പ്രവേശന പരീക്ഷാ കോച്ചിങ് സെന്ററുകളില്‍ത്തന്നെ ചേരണം. അത്തരം സ്ഥാപനങ്ങളില്‍ ആകാശാണ് മുന്‍പില്‍. രാജ്യത്തൊട്ടാകെ 200-ലേറെ കോച്ചിങ് സെന്ററുകളുണ്ട്. രണ്ടര ലക്ഷത്തിലധികം കുട്ടികള്‍. സ്ഥാപനത്തിന്റെ മുഴുവന്‍ പേര് ആകാശ് എജുക്കേഷണല്‍ സര്‍വിസസ്.
കഴിഞ്ഞ ആഴ്ച ഈ സ്ഥാപനത്തെ നമ്മുടെ ഒരു മലയാളി സ്റ്റാര്‍ട്ടപ്പ് കമ്പനി വിലയ്ക്ക് വാങ്ങി. വിലയെത്രയെന്നോ ഒരു ബില്ല്യന്‍ ഡോളര്‍. രൂപയിലാക്കി എഴുതിയാല്‍ തുക ഇത്ര വരും; 74,7250,00,000 രൂപ. ഇതിനോടകം വിദ്യാര്‍ഥികള്‍ക്കിടയില്‍ ഏറെ പ്രചാരം നേടിക്കഴിഞ്ഞ ബൈജൂസാണ് ഇത്ര വലിയ കച്ചവടം നടത്തിയിരിക്കുന്നത്. കണക്കും സയന്‍സും ഫിസിക്‌സുമൊക്കെ ഓണ്‍ലൈനില്‍ എളുപ്പം പഠിക്കാമെന്നു നമ്മുടെ കുട്ടികളെയും രക്ഷിതാക്കളെയും പഠിപ്പിച്ചു സ്റ്റാര്‍ട്ടപ്പുണ്ടാക്കി കോടീശ്വരനായ മലയാളി യുവാവ് ബൈജു രവീന്ദ്രന്‍ ഇനി പുതിയ വളര്‍ച്ചയിലേയ്ക്ക്. സ്വന്തം ഓണ്‍ലൈന്‍ വിദ്യാഭ്യാസ പരിപാടിയ്ക്ക് നേരിട്ടു ട്യൂഷന്‍ ക്ലാസെടുക്കുന്ന ആകാശിന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങളെ ബന്ധിപ്പിച്ച് പുതിയൊരു സാമ്രാജ്യമുണ്ടാക്കുകയാവും ഇനി ബൈജു രവീന്ദ്രന്റെ ലക്ഷ്യം.
എന്താണ് ഈ വമ്പന്‍ ബിസിനസിലെ 'ബിസിനസ് രഹസ്യം'? ഉത്തരം വളരെ ലളിതം - വെറും ട്യൂഷന്‍, കേരളത്തിലെവിടെയും ട്യൂഷന്‍ ക്ലാസുകളും കോച്ചിങ് സെന്ററുകളും പ്രചാരത്തിലുണ്ട്. എഴുപതുകളില്‍ പാരലല്‍ കോളജുകള്‍ക്കായിരുന്നു പ്രചാരണം. തിരുവനന്തപുരത്തെ ഔവര്‍ കോളജ്, മേനോന്‍ ആന്റ് കൃഷ്ണന്‍ എന്നിങ്ങനെ വലിയ വലിയ സ്ഥാപനങ്ങള്‍. അന്ന് പ്രീഡിഗ്രിക്കും ബി.എസ്.സിയ്ക്കും പഠിക്കുന്ന കുട്ടികള്‍ക്കൊക്കെ തിരുവനന്തപുരത്തെ ഔവര്‍ കോളജില്‍ പഠിച്ചാലേ പഠനം പൂര്‍ത്തിയാവുമായിരുന്നുള്ളൂ. പ്രത്യേകിച്ച് കണക്കും ഇംഗ്ലീഷും സയന്‍സ് വിഷയങ്ങളും. ഒന്നാംനിര കോളജുകളിനേക്കാള്‍ മെച്ചപ്പെട്ട ലബോറട്ടറി സൗകര്യങ്ങള്‍ ഔവര്‍ കോളജിലുണ്ടായിരുന്നു. ആയിരക്കണക്കിനു കുട്ടികളും അനേകം ക്ലാസ് മുറികളും (എല്ലാം താല്‍ക്കാലിക ഷെഡുകള്‍) ഒക്കെയായി വമ്പന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍. നമ്മുടെ വിദ്യാഭ്യാസ മേഖലയുടെ വളര്‍ച്ചയില്‍ ട്യൂട്ടോറിയല്‍ കോളജുകളും പാരലല്‍ കോളജുകളും ഓരോ സമയത്ത് വലിയ പങ്കുവഹിച്ചിട്ടുണ്ട്. കുറെ വര്‍ഷങ്ങളായി എന്‍ട്രന്‍സ് കോച്ചിങ്ങാണ് പ്രധാനം. അതും വലിയ സ്ഥാപനങ്ങള്‍ തന്നെ.
നമ്മുടെ പൊതുവിദ്യാഭ്യാസരംഗവും ഉന്നതവിദ്യാഭ്യാസരംഗവും ഇത്ര കണ്ടു വളര്‍ന്നിട്ടും സ്വകാര്യ ട്യൂഷന്‍ മേഖല വന്‍ ബിസിനസ് മേഖലയായി മാറാന്‍ എന്താണ് കാരണം? എല്‍.കെ.ജിയില്‍ പഠിക്കുന്ന കുട്ടിക്കുവരെ ട്യൂഷന്‍ വേണമെന്നായിരിക്കുന്നു ഇപ്പോള്‍. ഏതു ക്ലാസില്‍ പഠിക്കുന്ന കുട്ടിക്കും ട്യൂഷന്‍ വേണം. ചില വിഷയങ്ങളില്‍, പ്രത്യേകിച്ച് കണക്ക്, ഇംഗ്ലീഷ്, സയന്‍സ് വിഷയങ്ങള്‍ എന്നിങ്ങനെ. എന്തിന് എന്‍ജിനീയറിങ്ങ് വിഷയങ്ങള്‍ക്ക് പോലുമുണ്ട് ട്യൂഷന്‍. എന്തുകൊണ്ടാണ് പഠനം പൂര്‍ത്തിയാക്കാന്‍ നമ്മുടെ കുട്ടികള്‍ക്ക് ട്യൂഷന്‍ അധ്യാപകരുടെ സഹായം വേണ്ടിവരുന്നത്? കേരളസമൂഹവും രക്ഷിതാക്കളുമൊക്ക ആലോചിക്കേണ്ട വിഷയം തന്നെയാണിത്.
കേരളത്തില്‍ ഏറ്റവുമധികം വളര്‍ച്ച നേടിയിട്ടുള്ള മേഖലകളിലൊന്നാണ് പൊതുവിദ്യാഭ്യാസമേഖല. വിദ്യാഭ്യാസത്തോടുള്ള താല്‍പ്പര്യം പണ്ടു മുതല്‍ക്കേ കേരളീയര്‍ക്കുണ്ടായിരുന്നു. രാജഭരണകാലത്ത് വിദ്യാഭ്യാസ സൗകര്യങ്ങള്‍ തീരെ പരിമിതമായിരുന്നു. എങ്കിലും തിരുവിതാംകൂര്‍ രാജാക്കന്മാര്‍ പണ്ടു മുതലേ വിദ്യാഭ്യാസത്തിന് ഉയര്‍ന്നസ്ഥാനം നല്‍കിയിരുന്നു. സര്‍ക്കാരില്‍ നാട്ടുകാരെ നിയമിക്കണമെങ്കില്‍ വിദ്യാഭ്യാസമുള്ള യുവാക്കളെ വേണം. അങ്ങനെയുള്ളവരില്ലാതിരുന്നതിനാല്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് ഉന്നതവിദ്യാഭ്യാസം കിട്ടിയ യുവാക്കളെ ഇവിടേയ്ക്കു കൊണ്ടുവന്നു. ആന്ധ്രാപ്രദേശ്, മദ്രാസ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരായിരുന്നു ഇവര്‍. പ്രധാനമായും ബ്രാഹ്മണര്‍. 1860 മുതലുള്ള കാലഘട്ടത്തിന്റെ പ്രത്യേകതയാണ് ഇവിടെ ചൂണ്ടിക്കാട്ടുന്നത്. അന്ന് ഇന്ത്യയില്‍ മൂന്നു സര്‍വകലാശാലകളേ ഉണ്ടായിരുന്നുള്ളൂ - മദ്രാസ്, ആന്ധ്ര, കല്‍ക്കത്ത എന്നിവ. തിരുവിതാംകൂറില്‍ സര്‍ക്കാര്‍ സ്‌കൂളുകള്‍ തുറന്നെങ്കിലും അവിടെ സവര്‍ണ ജാതികളിലെ കുട്ടികള്‍ക്കു മാത്രമേ പ്രവേശനം കിട്ടിയിരുന്നുള്ളൂ. ബ്രാഹ്മണര്‍ക്കും നായര്‍ സമുദായക്കാര്‍ക്കും. ഈഴവര്‍ മുതല്‍ താഴോട്ടുള്ള സമുദായങ്ങള്‍ക്കൊന്നും സ്‌കൂളില്‍ പോകാന്‍ അവകാശമുണ്ടായിരുന്നില്ല. ക്രിസ്ത്യന്‍ മിഷണറിമാര്‍ കോട്ടയത്തും തിരുവനന്തപുരത്തുമൊക്കെ സഭ സ്ഥാപിച്ചു. പള്ളിയും പള്ളിയോടൊപ്പം തന്നെ പള്ളിക്കൂടവും സ്ഥാപിച്ചു. അവിടെ എല്ലാ ജാതിക്കാര്‍ക്കും പ്രവേശനവും നല്‍കി.
തിരുവനന്തപുരം സ്വദേശി പി. പല്‍പ്പു ഇങ്ങനെ വളരെ കഷ്ടപ്പെട്ട് പഠിച്ച് തിരുവിതാംകൂര്‍ സര്‍ക്കാരിന്റെ മെഡിക്കല്‍ പ്രവേശന പരീക്ഷ എഴുതി. രണ്ടാം റാങ്കോടെ പാസായെങ്കിലും ഈഴവ സമുദായത്തില്‍പ്പെട്ട വിദ്യാര്‍ഥിയായതുകൊണ്ട് പ്രവേശനം കിട്ടിയില്ല. പല്‍പ്പു മദ്രാസിലേയ്ക്കു തിരിച്ചു. അവിടെ മദ്രാസ് മെഡിക്കല്‍ കോളജില്‍ പ്രവേശനം കിട്ടി. 1889 ല്‍ പല്‍പ്പു മെഡിക്കല്‍ ബിരുദമെടുത്ത് ഡോ. പല്‍പ്പുവായി. മടങ്ങിയെത്തി തിരുവിതാംകൂര്‍ മെഡിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ ജോലിക്കപേക്ഷിച്ചെങ്കിലും നിരസിക്കപ്പെട്ടു. ഈഴവനായതുകൊണ്ട്, പിന്നീട് ഡോ. പല്‍പ്പു മൈസൂറിലേയ്ക്കു പോയി. അവിടെ ഉടന്‍ ജോലി കിട്ടുകയും ചെയ്തു. 30 വര്‍ഷക്കാലം അവിടെ ജോലി നോക്കിയ ഡോ. പല്‍പ്പു ഈഴവ സമുദായത്തിന്റെ വളര്‍ച്ചയ്ക്കുവേണ്ടി ശ്രീനാരായണ ഗുരുവിനോടൊപ്പം നിന്നു പ്രവര്‍ത്തിച്ചു.
വിദ്യാഭ്യാസം കിട്ടാനുള്ള അവകാശത്തിനു വേണ്ടിയാണ് തിരുവിതാംകൂറില്‍ ആദ്യം ജനങ്ങളുടെ ശബ്ദമുയരുന്നത്. പിന്നെ ആരാധനാ സ്വാതന്ത്ര്യത്തിനു വേണ്ടിയും. ഈഴവ സമുദായ നേതാവായ സി. കേശവന്‍ ക്രിസ്ത്യന്‍, മുസ്‌ലിം സമുദായങ്ങളെ കൂടെക്കൂട്ടി രാജഭരണത്തിനെതിരേയും സി.പിയുടെ ദുര്‍ഭരണത്തിനെതിരേയും ഉണ്ടാക്കിയ നിവര്‍ത്തന പ്രസ്ഥാനമാണ് ഇവിടുത്തെ പിന്നോക്ക വിഭാഗക്കാരെ വലിയ പുരോഗതിയിലേയ്ക്കു നയിച്ചത്. എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട കോണ്‍ഗ്രസ് നേതാവ് ആര്‍. ശങ്കര്‍ സ്‌കൂളുകളും കോളജുകളും സ്ഥാപിക്കാന്‍ തുടങ്ങി. ഈഴവ സമുദായത്തിനു മുന്നോട്ടുപോകാന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥാപിക്കണമെന്നുറച്ചു തന്നെയാണദ്ദേഹം പ്രവര്‍ത്തിച്ചത്. താന്‍ പണിതുയര്‍ത്തിയ വിദ്യാഭ്യാസ സ്ഥാപനങ്ങളൊക്കെയും നോക്കിനടത്താന്‍ 1952-ല്‍ എസ്.എന്‍ ട്രസ്റ്റ് എന്നൊരു സ്ഥാപനവും അദ്ദേഹമുണ്ടാക്കി. എന്‍.എസ്.എസിലൂടെ നായര്‍ സമുദായത്തിന്റെ സര്‍വോന്മുഖമായ വളര്‍ച്ചയ്ക്കാണ് സ്ഥാപകന്‍ മന്നത്ത് പത്മനാഭന്‍ മുന്‍കൈയെടുത്തത്. സ്‌കൂളുകളും കോളജുകളും സ്ഥാപിക്കുന്നതില്‍ അദ്ദേഹം എക്കാലവും വലിയ ശ്രദ്ധ പതിപ്പിച്ചു. എന്‍.എസ്.എസ് എന്ന പദം ഇന്ന് കേരളത്തിലെ വിദ്യാഭ്യാസരംഗത്ത് ഏറെ ശോഭിക്കുന്ന പേരു തന്നെയാണ്.
ക്രിസ്ത്യന്‍ സമുദായങ്ങളാണ് കേരളത്തില്‍ ആദ്യമേ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്നത്. അതിന്റെ പ്രയോജനം സമുദായത്തിനു വളരെ നേരത്തേ കിട്ടുകയും ചെയ്തു. 1957-ലെ ഇ.എം.എസ് സര്‍ക്കാര്‍ ആദ്യം ശ്രമിച്ചത് വിദ്യാഭ്യാസരംഗത്തു പരിഷ്‌കാരങ്ങള്‍ കൊണ്ടുവരാനാണ്. വിദ്യാഭ്യാസ മന്ത്രി പ്രൊഫ. ജോസഫ് മുണ്ടശ്ശേരി കൊണ്ടുവന്ന വിദ്യാഭ്യാസ ബില്‍ വിവാദത്തിലാവുകയും ചെയ്തു. കത്തോലിക്കാ സഭയാണ് വിദ്യാഭ്യാസ നിയമത്തിന്റെ പേരില്‍ ആദ്യമായി ഇ.എം.എസ് സര്‍ക്കാരിനെതിരേ തിരിഞ്ഞത്. അത് അവസാനം വിമോചന സമരം വരെയെത്തുകയും സര്‍ക്കാരിന്റെ പിരിച്ചുവിടലില്‍ കലാശിക്കുകയും ചെയ്തു. 1977-ല്‍ കെ.എസ്.യു വിദ്യാഭ്യാസ സമരം നടത്തി. ആന്റണിയായിരുന്നു ശക്തികേന്ദ്രം. അന്നു മുതല്‍ കേരളത്തില്‍ മാറിമാറി ഭരിച്ച സര്‍ക്കാരുകളെല്ലാം വിദ്യാഭ്യാസത്തിന് വലിയ പ്രാധാന്യം നല്‍കി.
പൊതുവേയുള്ള പിന്നോക്കാവസ്ഥ വ്യാപകമായിരുന്നതിനാല്‍ മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായ മലബാറില്‍ വലിയ വിദ്യാഭ്യാസ പുരോഗതിയുണ്ടായില്ല. 1967-ലെ ഇ.എം.എസ് സര്‍ക്കാരില്‍ സി.എച്ച് മുഹമ്മദ് കോയ വിദ്യാഭ്യാസ മന്ത്രിയായതോടെയാണ് ഈ നില മാറിയത്. ഇ.എം.എസ് സര്‍ക്കാരിന്റെ കാലത്തുതന്നെ മലപ്പുറം ജില്ല രൂപീകരിക്കപ്പെട്ടു. വിദ്യാഭ്യാസ മന്ത്രിയെന്ന നിലയ്ക്ക് സി.എച്ച് ധാരാളം സ്‌കൂളുകള്‍ സ്ഥാപിച്ചു. അധികവും മലപ്പുറം ജില്ലയില്‍. രാഷ്ട്രീയമായി ഇത് പല ആക്ഷേപങ്ങള്‍ക്കും കാരണമായെങ്കിലും സി.എച്ച് കുലുങ്ങിയില്ല. കാലിക്കറ്റ് സര്‍വകലാശാല രൂപീകരിച്ചതും ഈ കാലഘട്ടത്തിലാണ്. ഉത്തര കേരളത്തിന്റെയാകെ ഉന്നതവിദ്യാഭ്യാസ രംഗത്തിന് ഇത് പ്രയോജനപ്പെടുകയും ചെയ്തു.
ഇന്ന് കേരളത്തിലെ വിദ്യാഭ്യാസരംഗം ഇന്ത്യയിലെ മറ്റേതു സംസ്ഥാനത്തിലേതിനേക്കാള്‍ വളരെ മികച്ചതു തന്നെയാണ്. ഇക്കഴിഞ്ഞ അഞ്ചു വര്‍ഷംകൊണ്ട് മിക്കവാറും സര്‍ക്കാര്‍ സ്‌കൂളുകള്‍ സ്മാര്‍ട്ട് ക്ലാസ് മുറികളോടെ ഹൈടെക്കാക്കി മാറ്റിയിട്ടുണ്ട്. പഠനനിലവാരം വളരെ മെച്ചപ്പെട്ടിട്ടുണ്ട്. സര്‍ക്കാര്‍ സ്‌കൂളുകളില്‍ മെറിറ്റ് അടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കപ്പെടുന്ന അധ്യാപകര്‍ അതുകൊണ്ടുതന്നെ ഏറെ മികവുള്ളവരുമാണ്. എന്നിട്ടുമെന്തേ, നമ്മുടെ കുട്ടികള്‍ക്ക് പ്രവേശന പരീക്ഷയെഴുതാന്‍ സ്വകാര്യ ട്യൂഷന്‍ സെന്ററുകളെയും കോച്ചിങ് സെന്ററുകളെയും ആശ്രയിക്കേണ്ടി വരുന്നു? കോച്ചിങ് കേന്ദ്രങ്ങള്‍ വലിയ ബിസിനസ് കേന്ദ്രങ്ങളായി മാറി കഴിഞ്ഞുവെന്ന് ബൈജൂസ് നടത്തിയ വന്‍ കച്ചവടം വെളിപ്പെടുത്തുന്നു. സമൂഹത്തെ ഇരുത്തി ചിന്തിപ്പിക്കേണ്ട കാര്യമാണിത്. കാരണം, ഈ ബിസിനസിലേയ്‌ക്കൊഴുകുന്നത് ഇവിടുത്തെ രക്ഷിതാക്കള്‍ കഷ്ടപ്പെട്ടുണ്ടാക്കുന്ന പണമാണ്. സര്‍ക്കാരും അധ്യാപകരും രക്ഷിതാക്കളും കാര്യമായി ആലോചിക്കേണ്ട വിഷയമായണിത്. എന്തുകൊണ്ട് കോച്ചിങ് ബിസിനസ് ഇത്ര കണ്ടു വളരുന്നു?
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."