ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ
കൊളംബോ: രാജ്യവ്യാപക പ്രക്ഷോഭം ഉയര്‍ന്ന ശ്രീലങ്കയില്‍ പ്രസിഡന്റ് ഗോടബയ രാജപക്‌സ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം പ്രസിഡന്റിന്റെ വസതിക്ക് മുന്നില്‍ പ്രതിഷേധമുയര്‍ന്നത് പിന്നാലെയാണ് അടിയന്തരാവസ്ഥ. ഇത് പ്രസിഡന്റിന് സമ്പൂര്‍ണ അധികാരം നല്‍കും.
ശ്രീലങ്കന്‍ ഭരണഘടനയുടെ 155ാം വകുപ്പ് പ്രകാരം പ്രസിഡന്റിന് അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ അധികാരമുണ്ട്. ഇത് കോടതിയില്‍ ചോദ്യം ചെയ്യാന്‍ കഴിയില്ല. ഒരു മാസമാണ് പ്രഖ്യാപനത്തിന്റെ പ്രാബല്യം. 14 ദിവസത്തിനുള്ളില്‍ പാര്‍ലമെന്റ് ഇത് അംഗീകരിക്കണം. ഇല്ലെങ്കില്‍ റദ്ദാവും.
ഏപ്രില്‍ ഒന്നുമുതലാണ് അടിയന്തരാവസ്ഥ പ്രാബല്യത്തില്‍ വരിക. രാജ്യത്തെ സാമ്പത്തിക തകര്‍ച്ച കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാര്‍ പരാജയമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത്. കൊളംബോയുടെ വിവിധ ഭാഗങ്ങളില്‍ പൊലിസ് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഇന്ധന പ്രതിസന്ധി രൂക്ഷമായ ശ്രീലങ്കയില്‍ വ്യാഴാഴ്ച മുതല്‍ 13 മണിക്കൂറാണ് പവര്‍കട്ട്. രാജ്യത്തെ തെരുവുവിളക്കുകളും അണയ്ക്കാനാണ് തീരുമാനം. ജലവൈദ്യുത പദ്ധതികളെയാണ് ശ്രീലങ്ക പ്രധാനമായും ആശ്രയിക്കുന്നത്. മഴ പെയ്യാത്തതിനാല്‍ ഡാമുകളിലെല്ലാം വെള്ളം കുറവാണ്. വൈദ്യുതി ലാഭിക്കാന്‍ സര്‍ക്കാര്‍ ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ നിര്‍ദേശം നല്‍കിയിരുന്നു.
അവശ്യവസ്തുക്കളുടെ വിലയും ദിനംപ്രതി കുതിച്ചുയരുകയാണ്. പല ആശുപത്രികളും ശസ്ത്രക്രിയകള്‍ നിര്‍ത്തിവെച്ചു. ജീവന്‍രക്ഷാ മരുന്നുകളും കിട്ടാനില്ലാത്ത അവസ്ഥയാണ്.
1948ല്‍ രാജ്യം സ്വതന്ത്രമായ ശേഷമുള്ള ഏറ്റവും രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയാണ് ശ്രീലങ്ക ഇപ്പോള്‍ അഭിമുഖീകരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."