വിദേശ വിദ്യാര്‍ഥികള്‍ക്ക് ആഥിത്യമരുളുന്ന തുര്‍ക്കി
ഒരു വിദ്യാര്‍ഥിയായാണ് ഞാന്‍ തുര്‍ക്കിയിലെത്തുന്നത്. തുര്‍ക്കിയില്‍ എന്റെ ആറാം വര്‍ഷത്തെ റമദാനാണ് ഇത്. തുര്‍ക്കിയിലെ റമദാന്‍ ഓര്‍മകള്‍ അവിസ്മരണീയമാണ്. നഗരങ്ങളും പള്ളികളും വീടുകളും റമദാനിനെ വരവറിയിച്ചു നേരത്തെ തന്നെ ഒരുങ്ങിയിട്ടുണ്ടാവും. താരതമ്യേനെ ദൈര്‍ഘ്യം കൂടുതലാണ് തുര്‍ക്കിയിലെ റമദാന്‍ മാസമെങ്കിലും റമദാനില്‍ ഇവിടെ ഏവര്‍ക്കും ആവേശം തന്നെ. അഥിതികളെ സല്‍കരിക്കുന്നതില്‍ പേര് കേട്ടവരാണ് തുര്‍ക്കികള്‍. ദിവസങ്ങള്‍ക്ക് മുന്‍പ് തന്നെ ഇഫ്താര്‍ സംഗമത്തിന് വേണ്ടി ടെന്റുകളും മറ്റുമായി നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒരുക്കിയിട്ടുണ്ടാവും
മത-സാമൂഹ്യ-സാംസ്‌കാരിക സംഘടനകളുടെ കീഴില്‍ തുര്‍ക്കിയിലെ വിവിധ സിറ്റികളില്‍ ആയിരങ്ങളുടെ ഇഫ്താര്‍ സംഗമം വലിയ കഴ്ച വിരുന്നാണ്.
വ്യത്യസ്ത രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍, ജോലിക്കാര്‍, സേവകര്‍. വൈവിധ്യങ്ങളുടെയും വ്യത്യസ്ത സംസ്‌കാരങ്ങളുടെയും സുന്ദര മുഹൂര്‍ത്തം സമ്മാനിക്കുന്നു. ഇഫ്താറിനു ശേഷം പരസ്പരം പരിചയപ്പെടുന്ന തുര്‍ക്കികളുടെ സ്‌പെഷല്‍ ചടങ്ങ് ഏവരെയും ആകര്‍ഷിപ്പിക്കുന്നു. ഒരേ സമയം സൗഹൃദത്തിന്റെയും സാഹോദര്യത്തിന്റെയും സമാധാനത്തിന്റെയും മഹത്തര സന്ദേശം കൈമാറുന്നു. അതു തന്നെയാണ് തുര്‍ക്കിയുടെ ചരിത്രം നമുക്ക് നല്‍കുന്ന വലിയ പാഠവും.
വിദേശ വിദ്യാര്‍ഥികള്‍ക്ക് വേണ്ടി മാത്രം തയാറാക്കുന്ന ഇഫ്താര്‍ സംഗമം, തുര്‍ക്കി ഫാമിലിയോട് കൂടെയുള്ള ഇഫ്താര്‍ സംഗമം, തുര്‍ക്കി ടി.വി ചാനലിലെ വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടിയുള്ള സംഗമം തുടങ്ങി വ്യത്യസ്ത തരം അനുഭവങ്ങളുടെ കലവറയാണ് തുര്‍ക്കിയിലെ റമദാന്‍. ഇശാ ബാങ്ക് വിളിക്കുന്നതോടെ വീണ്ടും മസ്ജിദ്‌ലേക്കുള്ള ഒരുക്കമായി. പള്ളികള്‍ മനോഹരവും കൊത്ത് പണികള്‍ കൊണ്ട് ചമയിച്ചതുമായിരിക്കും.
ചുമരുകളിലും മറ്റും പേപ്പര്‍ മാര്‍ബിളിങ് അഥവാ 'ഇബ്‌റു' എന്നറിയപ്പെടുന്ന കലാ രൂപം മുഖേനെ പൂക്കളും ഖുര്‍ആനിക സൂക്തങ്ങളാലും കൊത്തിവച്ചിട്ടുണ്ടാവും. ഒട്ടു മിക്ക പള്ളികള്‍ക്കും നടുവില്‍ ഒരു വലിയ താഴിക കുടവുമുണ്ടാകും. അതില്‍ നിറയെ ഖുര്‍ആനിക സൂക്തങ്ങളും.
ചെറു പ്രായത്തില്‍ തന്നെ കുട്ടികളെ പള്ളിയിലേക്ക് ആകര്‍ഷിക്കുന്ന തിനായി തുര്‍ക്കി ഇമാമുമാരുടെ വിവിധ പരിപാടികള്‍ ലോകശ്രദ്ധ പിടിച്ചു പറ്റിയ തായിരുന്നു.
തറാവീഹ് നിസ്‌കാരം കഴിഞ്ഞതിന് ശേഷം വീണ്ടും സൗഹൃദ സംഗമത്തിന് വഴിയൊരുക്കുന്നു. നിസ്‌കാര ശേഷം ചായയും മറ്റു പാനീയങ്ങളുമായി ഒത്തുകൂടല്‍ പതിവു രീതിയാണ്. രാത്രിയെ പകലാക്കി അത്തായം വരെ ഈ സംഗമം തുടരുന്നവരും ഇക്കൂട്ടത്തിലുണ്ട്. സുബ്ഹി ബാങ്കിനു ശേഷം ഇമാമിന്റെ നേതൃത്വത്തിലുള്ള ഖുര്‍ആന്‍ പാരായണ സദസ്സില്‍ വിശ്വാസികളുടെ സാന്നിധ്യത്താല്‍ ആത്മീയ നിര്‍ഭരമാണ്. റമദാന്‍ പൂര്‍ത്തിയാവുന്നതോടെ ഒരു ഖത്മ് പൂര്‍ത്തിയാക്കുകയും കൂട്ടു പ്രാര്‍ഥനയും നടത്താറുണ്ട്.
കൊവിഡ് ദുരന്തം കാരണം കഴിഞ്ഞ തവണ പരിപൂര്‍ണമായും റൂമുകളില്‍ നിന്ന് പുറത്തിറങ്ങാനാവാതെയാണ് റമദാന്‍ വിടപറഞ്ഞത്. അടിയന്തിര ഘട്ടങ്ങളില്‍ മാത്രമായിരുന്നു നിയന്ത്രണങ്ങളോടെ പുറത്തിറങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."