ഹിജാബിനു പിന്നാലെ കർണാടകയിൽ ഹലാൽ ഇറച്ചി വിഷയം ഉയർത്തി സംഘ്പരിവാർ ഇറച്ചിക്കടക്കാരനെ മർദിച്ച അഞ്ചു പേർ അറസ്റ്റിൽ
ബംഗളൂരു: കർണാടകയിൽ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് വർഗീയ പ്രചാരണവുമായി സംഘ്പരിവാർ. ഹിജാബ് വിവാദത്തിനു പിന്നാലെ ഹലാൽ ഇറച്ചിയുമായി ബന്ധപ്പെട്ടാണ് പുതിയ വിവാദം. ശിവമോഗ ജില്ലയിലാണ് ഹലാൽ ഭക്ഷണത്തിന്റെ പേരിൽ സംഘർഷമുണ്ടാക്കുന്നത്. ചിക്കൻ, ഇറച്ചിക്കടയിൽ യുവാവിനെ മർദിച്ച അഞ്ചു പേരെയും റസ്റ്ററന്റിൽ ബഹളമുണ്ടാക്കിയ ഒരാളെയും അറസ്റ്റ് ചെയ്തു. ഇറച്ചിക്കടയിലെത്തിയ അഞ്ചു പേർ ഹലാലല്ലാത്ത ഇറച്ചി വേണമെന്ന് ആവശ്യപ്പെടുകയായിരുന്നുവെന്നും കടയുടെ ഷട്ടർ താഴ്ത്തി ജീവനക്കാരനെ മർദിച്ചെന്നുമാണ് പരാതിയെന്ന് ജില്ലാ പൊലിസ് സൂപ്രണ്ട് ബി.എം ലക്ഷ്മി പ്രസാദ് പറഞ്ഞു. ഹലാൽ ഇറച്ചി വിൽക്കരുതെന്നും സംഘം ഭീഷണിപ്പെടുത്തി. ഇതുമായി ബന്ധപ്പെട്ട് പഴയ ടൗൺ പൊലിസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അഞ്ചു പേരെ അറസ്റ്റ് ചെയ്തതായും എസ്.പി പറഞ്ഞു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇറച്ചിക്കച്ചവടക്കാരെ സംഘ്പരിവാർ പ്രവർത്തകർ സമീപിച്ച് ഹലാലല്ലാത്ത ഇറച്ചി വേണമെന്ന് ആവശ്യപ്പെടുന്നുണ്ടെന്ന് പൊലിസ് പറഞ്ഞു. ഹലാൽ വിവാദം തുടങ്ങിയിട്ടേയുള്ളൂവെന്നും അതേക്കുറിച്ച് പഠിക്കുമെന്നും ഗൗരമായി പരിഗണിക്കേണ്ടതാണ് വിഷയമെന്നും മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പറഞ്ഞു. അതേസമയം, ഹിന്ദുക്കൾക്ക് ഹലാൽ ഭക്ഷ്യവസ്തുക്കൾ വേണ്ടെന്ന് ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി സി.ടി രവി ട്വീറ്റ് ചെയ്തു. ഹലാൽ ഭക്ഷണം എക്‌ണോമിക് ജിഹാദാണെന്നും അദ്ദേഹം ആരോപിച്ചു.
സംസ്ഥാന സർക്കാർ എല്ലാ വിഭാഗത്തെയും സംരക്ഷിക്കാൻ ബാധ്യസ്ഥരാണെന്നും ഇത്തരം രാഷ്ട്രീയം അനുവദിക്കാനാകില്ലെന്നും പ്രതിപക്ഷം പറഞ്ഞു. ആർക്കെങ്കിലും ഹലാൽ മട്ടൻ വേണ്ടെങ്കിൽ അതു ഉപയോഗിക്കാതിരിക്കാമെന്നും സർക്കാർ എന്താണ് ഇക്കാര്യത്തിൽ ചെയ്യേണ്ടതെന്നും ജനതാദൾ (എസ്) നേതാവ് എച്ച്.ഡി കുമാരസ്വാമി പറഞ്ഞു. ഒരു സമുദായത്തെ മാത്രം സംരക്ഷിച്ച് സർക്കാർ മുന്നോട്ടു പോകില്ലെന്നും എല്ലാ സമുദായത്തെയും സംരക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. സംഘ് പരിവാർ സമൂഹത്തിൽ വിഷം കലർത്തുകയാണെന്നും ആർക്കെങ്കിലും ഹലാൽ ഇറച്ചി വാങ്ങണമെങ്കിൽ അവരത് വാങ്ങുമെന്നും വേണ്ടെങ്കിൽ വാങ്ങേണ്ടെന്നും ബി.ജെ.പിയും സംഘ്പരിവാറും തീവ്ര വലതുപക്ഷവുമാണ് ജിഹാദികളെന്നും കോൺഗ്രസ് എം.എൽ.എ രിസ്‌വാൻ അർഷാദ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."