ആദ്യ കാരവന്‍ ടൂറിസം പാക്കേജ് അവതരിപ്പിച്ച് കെ.ടി.ഡി.സി
തിരുവനന്തപുരം
സംസ്ഥാനത്തെ ആദ്യ കാരവന്‍ ടൂറിസം പാക്കേജിന് കേരള ടൂറിസം ഡവലപ്മെൻ്റ് കോര്‍പ്പറേഷന്‍ (കെ.ടി.ഡി.സി) തുടക്കമിട്ടു. ആഡംബര കാരവനുകളില്‍ എല്ലാ സൗകര്യങ്ങളോടും കൂടിയ ഈ പാക്കേജിന് യാത്രയ്ക്കും ഒരു രാത്രിയിലെ താമസത്തിനുമായി ഒരാളിൽ നിന്ന് 3999 രൂപയാണ് ഈടാക്കുന്നത്. സൗജന്യ പ്രഭാത ഭക്ഷണവും പാര്‍ക്കിങ്ങും ലഭ്യമാക്കുന്ന മിതമായ നിരക്കിലുള്ള പാക്കേജാണിത്. കിലോമീറ്ററിന് 40 രൂപ ക്രമത്തിൽ യാത്രാനിരക്കുമുണ്ടാകും. ഒരു കാരവനില്‍ നാലു മുതിര്‍ന്നവര്‍ക്കും രണ്ടു കുട്ടികള്‍ക്കും യാത്ര ചെയ്യാം.
ആദ്യഘട്ടത്തില്‍ കുമരകം-വാഗമണ്‍-തേക്കടി റൂട്ടാണ് പാക്കേജിന് തിരഞ്ഞെടുത്തിരിക്കുന്നത്. രാവിലെ കുമരകം കായലോരത്തു നിന്നു തിരിച്ച് 80-100 കിലോമീറ്റർ മധ്യകേരളത്തിലൂടെ സഞ്ചരിച്ച് ഉച്ചയ്ക്കു ശേഷം വാഗമണ്ണില്‍ എത്തും. വാഗമണ്ണിലെ കാരവന്‍ മെഡോസില്‍ സൗജന്യ പാര്‍ക്കിങ്ങിനും തീകായുന്നതിനും സൗകര്യമുണ്ട്. അടുത്ത ദിവസം ഇക്കോടൂറിസം ഹബ്ബായ തേക്കടിയിലേക്ക് തിരിക്കും. അവിടെ കെ.ടി.ഡി.സി ഹോട്ടലില്‍ താമസിക്കാം. ഒരു ദിവസം തങ്ങിയുള്ള യാത്രയോ, മുഴുവന്‍ റൂട്ടിലേക്കുള്ള യാത്രയോ ഇഷ്ടാനുസരണം തിരഞ്ഞെടുക്കാം. കേരളത്തിലെ വിനോദസഞ്ചാരം വീണ്ടും സജീവമായതോടെ ടൂര്‍പാക്കേജിന് ഏറെ പ്രാധാന്യമുണ്ടെന്ന് കെ.ടി.ഡി.സി ചെയര്‍മാന്‍ പി.കെ ശശി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."