രാജ്യസഭാ തെരഞ്ഞെടുപ്പ്: സി.പി.എമ്മിന് ആശ്വാസവിധി രണ്ടുപേരെ രാജ്യസഭയിലെത്തിക്കാം
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: ഈ നിയമസഭയുടെ കാലാവധി പൂര്‍ത്തിയാകുന്നതിനു മുമ്പ് രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് നടത്തണമെന്ന ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് സി.പി.എമ്മിന് ആശ്വാസമായി. ഇതോടെ രണ്ടുപേരെ രാജ്യസഭയിലേക്കയയ്ക്കാന്‍ നിലവിലുള്ള ഭൂരിപക്ഷമനുസരിച്ച് എല്‍.ഡി.എഫിനു സാധിക്കും.
നിയമസഭയില്‍ ഭൂരിപക്ഷം ലഭിക്കാതെപോയാല്‍ എല്‍.ഡി.എഫിനു രണ്ടുപേരെ ജയിപ്പിച്ചെടുക്കാനാവില്ല. നിലവില്‍ ഒഴിവുവരുന്ന മൂന്നു സീറ്റുകളില്‍ രണ്ടുപേരെ മുന്നണിക്കു ജയിപ്പിക്കാന്‍ കഴിയും. ഒരു സീറ്റില്‍ പ്രതിപക്ഷത്തിനും ജയിക്കാം. മുസ്‌ലിം ലീഗിലെ പി.വി അബ്ദുല്‍ വഹാബിനെ വീണ്ടും രാജ്യസഭയിലേക്കയയ്ക്കാന്‍ പ്രതിപക്ഷം തീരുമാനിച്ചിട്ടുണ്ട്. ഭരണപക്ഷത്തിനു ജയിക്കാവുന്ന രണ്ടു സീറ്റുകളും സി.പി.എം ഏറ്റെടുക്കാനാണ് തീരുമാനം.
ലേക്‌സഭയില്‍ സി.പി.എമ്മിന്റെ അംഗബലം കുറവായതിനാലാണ് രണ്ടു രാജ്യസഭാ സീറ്റുകളും സി.പി.എം ഏറ്റെടുക്കാന്‍ തീരുമാനിച്ചത്. ഈയിടെ എന്‍.സി.പിയിലേക്കു വന്ന പി.സി ചാക്കോയ്ക്കുവേണ്ടി ഒരു സീറ്റ് പാര്‍ട്ടി നേതാവ് ശരത് പവാര്‍ ആവശ്യപ്പെട്ടെങ്കിലും അതു സി.പി.എം നിരസിക്കുകയായിരുന്നു. കേന്ദ്ര നിയമ മന്ത്രാലയത്തിന്റെ ശുപാര്‍ശയെ തുടര്‍ന്നാണ് പ്രഖ്യാപിച്ച തിയതിയില്‍ നിന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ പിന്നോട്ടുപോയത്. ഇതിനെ ചോദ്യം ചെയ്താണ് സി.പി.എമ്മും നിയമസഭാ സെക്രട്ടറിയും കോടതിയെ സമീപിച്ചത്.
രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ഹൈക്കോടതി വിധി ജനാധിപത്യത്തിനു കരുത്താണെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം എം.എ ബേബി പറഞ്ഞു. ഭരണകക്ഷിയുടെ ആജ്ഞയനുസരിക്കേണ്ട സ്ഥാപനമല്ല തെരഞ്ഞെടുപ്പ് കമ്മിഷന്‍. നരേന്ദ്രമോദിയുടെ ഭരണത്തിലും ഭരണഘടനാ വ്യവസ്ഥകള്‍ ഉറപ്പാക്കാന്‍ കോടതികള്‍ക്കു കഴിയുമെന്നതിനു തെളിവാണ് വിധിയെന്നും അദ്ദേഹം പറഞ്ഞു. ഹൈക്കോടതി ഉത്തരവ് സ്വാഗതാര്‍ഹമാണെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ എ. വിജയരാഘവന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."