പാപ്പർ സർക്കാർ
അൻസാർ മുഹമ്മദ്
തിരുവനന്തപുരം
കഴിഞ്ഞ സാമ്പത്തികവർഷം അവസാനിച്ചത് സംസ്ഥാന ചരിത്രത്തിലെ ഏറ്റവും വലിയ റവന്യൂ കമ്മി രേഖപ്പെടുത്തിക്കൊണ്ട്. വരവും ചെലവും തമ്മിലുള്ള വ്യത്യാസം മൈനസ് 31,915 കോടി. പാപ്പരായ സർക്കാരിന് ഇനി ദൈനംദിന ചെലവുകൾക്ക് ഉൾപ്പെടെ കടമെടുക്കേണ്ടിവരും. പുതിയ വർഷം കേന്ദ്ര വിഹിതത്തിലെ കുറവ് അടക്കം കേരളത്തെ കാത്തിരിക്കുന്നത് വലിയ വെല്ലുവിളിയാണ്. സംസ്ഥാനത്തിൻ്റെ പൊതുകടം ഇപ്പോൾ മൂന്ന് ലക്ഷം കോടിക്ക് അടുത്തെത്തി.
ഇതോടെ ആളോഹരി കടം 90,000 രൂപയായി. നികുതി വരുമാനത്തിൽ വൻ തിരിച്ചടി നേരിട്ടപ്പോൾ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കടബാധ്യതയാണ് മാർച്ച് 31ന് അവസാനിച്ച സാമ്പത്തികവർഷം കേരളം വരുത്തിവച്ചത്.
സർക്കാർ ജീവനക്കാരുടെ ശമ്പളവും പെൻഷനും നൽകാനും സാമൂഹ്യക്ഷേമ പെൻഷൻ, മറ്റു പദ്ധതി ചെലവുകൾ എന്നിവയ്ക്കുമായി 27,000 കോടിയാണ് കടമെടുത്തത്. കഴിഞ്ഞയാഴ്ചയും 4,000 കോടി കടമെടുത്തു. സംസ്ഥാനത്തിനുള്ള കേന്ദ്ര വിഹിതത്തിൽ ഈ വർഷം മുതൽ കുറവുണ്ടാകും. ജൂലൈ മാസം കഴിഞ്ഞാൽ ജി.എസ്.ടി നഷ്ടപരിഹാരവുമില്ല. മറ്റ് ഗ്രാന്റുകളിൽ കൂടി ഉണ്ടാകുന്ന നഷ്ടം 17,000 കോടി രൂപയുമാണ്. ജി.എസ്.ടി വന്നതോടെ വരുമാനം വർധിപ്പിക്കാനുള്ള മാർഗങ്ങൾ അടഞ്ഞു. ചെക്ക് പോസ്റ്റുകൾ ഇല്ലാതായതോടെ നികുതി സംവിധാനങ്ങളും താളംതെറ്റി. സാമ്പത്തികവർഷം അവസാനം റെക്കോഡ് ചെലവഴിക്കലാണ് സംസ്ഥാനം നടത്തിയത്. മാർച്ച് മാസം ചെലവഴിച്ചത് 22,000 കോടി രൂപയാണ്. ഇതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് സംസ്ഥാനം ചെന്നെത്തുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."