ബജറ്റിൽ കേരളത്തിന് ഒന്നുമില്ല; കടമെടുക്കാനും വഴിയില്ല
തിരുവനന്തപുരം: മോദി സർക്കാരിന്റെ അവസാനത്തെ സമ്പുർണ ബജറ്റ് ഇന്നലെ ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ചപ്പോൾ കേരളത്തിന് സമ്മാനിച്ചത് നിരാശയുടെ കൈയ്പ്പുനീർ. ഈ ബജറ്റിലെങ്കിലും കേരളം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന എയിംസ് പടിക്കു പുറത്തായി. എന്തിനേറെ വികസനത്തിന് വഴിവയ്ക്കുന്ന പദ്ധതികളും കടമെടുപ്പിന്റെ പരിധി വർദ്ധനവും, ജി.എസ്.ടി വിഹിതം വേണമെന്ന ആവശ്യവും നിർമലയുടെ ബജറ്റിൽ വെളിച്ചം കണ്ടില്ല. നമ്മുടെ മുന്നോട്ടുള്ള കുതിപ്പിന് ഏറ്റവും വലിയ ചാലകശക്തിയാകേണ്ടതു റെയിൽ വികസനമാണെങ്കിലും അവഗണനയുടെ പാളങ്ങളിലൂടെ സഞ്ചരിക്കാനാണു കേരളത്തിന്റെ തുടർവിധി. കേരളത്തിലെ പ്രധാന പദ്ധതികളെല്ലാം തഴഞ്ഞ കേന്ദ്ര ബജറ്റിൽ റെയിൽവേ വിഹിതത്തിലും കാര്യമായി ഒന്നുമില്ല.
എട്ടു വർഷമായി എയിംസിനായി കാത്തിരിക്കുകയാണ് കേരളം. നേരത്തെ 2015ൽ കേരളത്തിൽ എയിംസ് സ്ഥാപിക്കുമെന്ന് കേന്ദ്രം പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇതിന് ശേഷം അവതരിപ്പിച്ച ബജറ്റുകളിലൊന്നിലും എയിംസ് നിർമാണത്തിന് അനുകൂലമായ നടപടി കേന്ദ്രസർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായില്ല. മോദിയുടെ അവസാന സമ്പൂർണ ബജറ്റിലെങ്കിലും എയിംസ് വെളിച്ചം കാണുമെന്നായിരുന്നു കേരളം പ്രതീക്ഷിച്ചത്. എന്നാൽ നിർമല ആ സ്വപ്നത്തിൽ കരിനിഴൽ വീഴ്ത്തി. കേരളത്തിൽ എയിംസ് വരുന്നത് മലബാറിലെയും ദക്ഷിണ കന്നഡയിലെയും കോയമ്പത്തൂർ, നീലഗിരി തുടങ്ങി തമിഴ്നാടിന്റെ അതിർത്തി ഭാഗങ്ങളിലുള്ളവർക്കും വിദഗ്ധ ചികിത്സക്ക് ഏറെ സഹായകമാകുമായിരുന്നു. കോഴിക്കോട് കിനാലൂരിലാണ് എയിംസിനായി സർക്കാർ സ്ഥലം കണ്ടെത്തിയിരിക്കുന്നത്. 150 ഏക്കറോളം വേണ്ടിവരുമെന്നാണ് സർക്കാർ കണക്കാക്കുന്നത്. വർഷങ്ങളായി നിരന്തരം ആവശ്യപ്പെട്ടിട്ടും എയിംസിനായുള്ള കേരളത്തിന്റെ അഭ്യർഥന കേന്ദ്രം പരിഗണിച്ചിട്ടില്ല.
വലിയ പ്രതീക്ഷകളോടെയാണു കേരളത്തിലെ പ്ലാന്റേഷൻ മേഖലയും കാത്തിരുന്നത്. പക്ഷേ കേന്ദ്ര ബജറ്റ് ഉത്പന്ന വിപണിയെ വലിയ തോതിൽത്തന്നെ നിരാശപ്പെടുത്തി. കോംപൗണ്ടഡ് റബറിന്റെ ഇറക്കുമതി തീരുവ കൂട്ടിയതൊഴിച്ചാൽ കേരളത്തിന് വലിയ നേട്ടങ്ങൾ ഇല്ലെന്നുതന്നെ പറയാം. കർഷകരുടെ വരുമാനം ഈ വർഷത്തോടെ ഇരട്ടിയാക്കാൻ സ്വീകരിക്കേണ്ട നടപടികൾ ശുപാർശ ചെയ്ത് അശോക് ദൽവായ് കമ്മിഷൻ ഏതാനും വർഷം മുമ്പു സമർപ്പിച്ച റിപ്പോർട്ടിനെപോലും ധന മന്ത്രി ബജറ്റിൽ തഴഞ്ഞു. കാപ്പി, തേയില, കേരോൽപന്നങ്ങൾ തുടങ്ങിവയുടെ ഉത്പാദനത്തെയും വിപണനത്തെയും പ്രോത്സാഹിപ്പിക്കാൻപോന്ന നാമമാത്രമായ നടപടികൾ പോലും നിർദേശിക്കപ്പെടാതെപോയി. കേരളം നിലവിൽ തിരഞ്ഞെടുപ്പിനു തൊട്ടുമുൻപിലല്ല എന്നുള്ളതും ഭരിക്കുന്ന പാർട്ടിക്ക് ഇവിടെ താൽപര്യങ്ങൾ കുറവാണെന്നുള്ളതും തന്നെയാകാം കേരളത്തെ പടിക്ക് പുറത്താക്കിയതിനുകാരണം. വന്ദേ ഭാരത് ട്രെയിനുകളിൽ ഏതെങ്കിലുമൊക്കെ കിട്ടുമെന്ന പ്രതീക്ഷ മാത്രമാണ് ബാക്കിയുള്ളത്. പക്ഷേ, അതിനും സാധ്യത വളരെ വളരെക്കുറവാണ്. തെരഞ്ഞെടുപ്പ് തൊട്ടടുത്തുള്ള സംസ്ഥാനങ്ങളിലേക്കാകും ട്രെയിനുകളിൽ കൂടുതലും ഓടുക.
കടമെടുപ്പിലും സംസ്ഥാനത്തെ പൂർണമായും തഴഞ്ഞു. സംസ്ഥാനങ്ങൾക്കു കടമെടുക്കാവുന്ന തുക സംസ്ഥാന മൊത്ത ആഭ്യന്തര ഉൽപാദനത്തിന്റെ മൂന്നു ശതമാനത്തിൽ നിന്ന് നാലു ശതമാനമാക്കി വർധിപ്പിക്കണമെന്നും, കിഫ്ബിയും പെൻഷൻ കമ്പനിയും എടുത്ത 14,312 കോടി വായ്പ സംസ്ഥാന സർക്കാരിന്റെ കടമെടുപ്പ് പരിധിയിൽ ഉൾപ്പെടുത്തിയത് പിൻവലിക്കണമെന്നുമായിരുന്നു സർക്കാർ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനോട് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ അതും തഴഞ്ഞു. സംസ്ഥാനങ്ങളുടെ 2023-24 സാമ്പത്തിക വർഷത്തിൽ ധനകമ്മി സംസ്ഥാനങ്ങളുടെ ആഭ്യന്തര വരുമാനത്തിന്റെ 3.5 ശതമാനമായിരിക്കുമെന്ന് കേന്ദ്ര ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു. പക്ഷേ മൂന്നു ശതമാനം സാധാരണ പരിധിയും 0.5 ശതമാനം വൈദ്യുതി വിതരണരംഗത്തെ പരിഷ്‌കരണങ്ങൾ നടപ്പാക്കണമെന്ന നിബന്ധനയുടെ പുറത്തുമാണ് ഇത്. 15ാം ധനകാര്യ കമ്മിഷന്റെ ശുപാർശകളിൽ ഉള്ളത് ഒരാവർത്തി കൂടി പറഞ്ഞതല്ലാതെ ഒരു ഇളവും പ്രഖ്യാപിച്ചില്ല.
കേന്ദ്ര ബജറ്റിൽ കേരളത്തിന്റെ പേരെടുത്തു പറഞ്ഞുള്ള ഒരു പ്രഖ്യാപനങ്ങളില്ല. സംസ്ഥാനങ്ങൾക്കുള്ള പലിശരഹിത വായ്പയിലൂടെ ലഭിക്കുന്ന തുകയും കേന്ദ്രാവിഷ്‌കൃത പദ്ധതികളുമാണ് സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യവികസനത്തിന് ഉപയോഗിക്കാൻ കഴിയുക. പിരിക്കുന്ന ജി.എസ്.ടിയുടെ 60 ശതമാനം വിഹിതം നൽകണമെന്ന് സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. ഇപ്പോൾ പകുതി വീതമാണ് കേന്ദ്രത്തിനും സംസ്ഥാനത്തിനും ലഭിക്കുന്നത്. ജി.എസ്.ടി നഷ്ടപരിഹാരം അഞ്ചു വർഷത്തേക്കു നീട്ടണമെന്നും സംസ്ഥാനം ആവശ്യപ്പെട്ടെങ്കിലും പരിഗണിച്ചില്ല. ജി.എസ്.ടി നടപ്പാക്കിയപ്പോൾ ഇരുന്നൂറിലേറെ ചരക്കുകൾക്ക് 28 ശതമാനമായിരുന്നു നികുതി. എന്നാൽ, 2017 ഒക്ടോബറിൽ നല്ലൊരു പങ്ക് ഉത്പന്നങ്ങളുടെയും നികുതി കുറച്ചു. കേരളത്തിന് 16 ശതമാനം നികുതി കിട്ടിയിരുന്നത് ഒറ്റയടിക്ക് 11 ശതമാനത്തിലേക്കു താഴ്ന്നു. ആഡംബര ഉത്പന്നങ്ങൾക്ക് ഉയർന്ന നികുതിയും നിത്യോപയോഗ സാധനങ്ങൾക്ക് കുറഞ്ഞ നികുതിയും ചുമത്തി സംസ്ഥാനങ്ങളുടെ നികുതി വരുമാന വർധന ഉറപ്പാക്കണമെന്നായിരുന്നു പ്രധാന ആവശ്യം. അതും അംഗീകരിക്കപ്പെട്ടില്ല.
കൊവിഡ് കാരണം മടങ്ങിയെത്തുന്ന പ്രവാസികൾക്കായി പ്രത്യേക പാക്കേജ് കേരളത്തിന്റെ ആവശ്യമായിരുന്നു. കഴിഞ്ഞ ബജറ്റിനു മുമ്പും ആവശ്യം ഉന്നയിച്ചിട്ടും കഴിഞ്ഞ ബജറ്റിലും ഈ ബജറ്റിലും ഇടംപിടിച്ചില്ല.
മൂന്നു ലക്ഷംപേർ ജോലി ചെയ്യുന്ന കശുവണ്ടി മേഖലയിൽ ജീവനക്കാരിൽ അധികവും സ്ത്രീകളാണ്. ഇവർക്കായി പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്നായിരുന്നു മറ്റൊരു പ്രധാന ആവശ്യം. ക്ഷേമ പെൻഷനുകളിൽ കേന്ദ്ര വിഹിതം വർധിപ്പിക്കണമെന്നും സംസ്ഥാനം ആവശ്യപ്പെട്ടു. സംസ്ഥാന സർക്കാർ 1 600 രൂപ വീതം 64 ലക്ഷം പേർക്കു നൽകുന്ന ക്ഷേമ പെൻഷനിൽ കേന്ദ്രത്തിന്റെ വിഹിതം വളരെ കുറവാണ്. വെറും ആറു ലക്ഷം പേർക്ക് 200രൂപ മുതൽ 500 രൂപ വരെയാണ് കേന്ദ്രം തരുന്നത്. കേന്ദ്ര വിഹിതം വർധിപ്പിക്കണമെന്നായിരുന്നു ആവശ്യം. ഈ ആവശ്യങ്ങൾ അംഗീകരിക്കപ്പെട്ടില്ല. കണ്ണൂരിൽ രാജ്യാന്തര ആയുർവേദ ഗവേഷണ സ്ഥാപനം, മാലിന്യ സംസ്‌കരണം, ജലാശയങ്ങൾ വൃത്തിയാക്കൽ, വനവത്ക്കരണം തുടങ്ങിയവയ്ക്ക് പ്രത്യേക ഫണ്ട്, വന്ദേ ഭാരത് സ്‌കീമിൽപ്പെടുത്തി കേരളത്തിനകത്തും പുറത്തേയ്ക്കും ട്രെയിൻ, കൊച്ചി മെട്രോ, നേമം കോച്ചിങ് ടെർമിനൽ, തലശേരി-മൈസൂർ ബ്രോഡ്ഗേജ് റെയിൽ എന്നിവയ്ക്കായി പ്രത്യേക സഹായം ലഭ്യമാക്കുക, കേരളത്തിലേയ്ക്ക് കൂടുതൽ വിമാന സർവിസ് എത്തിക്കുക തുടങ്ങിയ ആവശ്യങ്ങളും ധനമന്ത്രി കെ.എൻ ബാലഗോപാൽ നിർമല സീതാരാമനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആവശ്യങ്ങൾ മുഴുവനും പാടെ തള്ളി കേരളത്തെ പടിക്ക് പുറത്താക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."