രാജ്യ താല്‍പര്യമാണ് പ്രധാനം; അമേരിക്കയുടെ എതിര്‍പ്പ് മറികടന്ന് റഷ്യയില്‍ നിന്ന് ക്രൂഡോയില്‍ വാങ്ങി ഇന്ത്യ
ന്യൂഡല്‍ഹി: അമേരിക്കയുടെ എതിര്‍പ്പ് മറികടന്ന് റഷ്യയില്‍ നിന്ന് ക്രൂഡോയില്‍ വാങ്ങി ഇന്ത്യ. നാല് ദിവസത്തേക്ക് ഉപയോഗിക്കാനുള്ള എണ്ണ റഷ്യയില്‍ നിന്നും വാങ്ങിയെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ അറിയിച്ചു. റഷ്യയില്‍ നിന്നും കുറഞ്ഞവിലക്ക് ക്രൂഡോയില്‍ വാങ്ങുന്ന തീരുമാനത്തില്‍ നിന്നും പിന്നോട്ടില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
'റഷ്യയില്‍ നിന്നും എണ്ണ വാങ്ങാന്‍ ആരംഭിച്ചു. ഇപ്പോള്‍ വാങ്ങിയത് മൂന്ന്,നാല് ദിവസത്തേക്ക് തികയുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാജ്യത്തിന്റെ ഊര്‍ജ സുരക്ഷക്കാണ് ആദ്യം പ്രാധാന്യം നല്‍കുന്നത്. കുറഞ്ഞ നിരക്കില്‍ എണ്ണ ലഭിക്കുമെങ്കില്‍ അത് വാങ്ങുന്നത് എന്തിന് ഒഴിവാക്കണം. എന്റെ ജനങ്ങള്‍ക്ക് ഇപ്പോള്‍ അത് ആവശ്യമാണ്' അവര്‍ വ്യക്തമാക്കി.
തങ്ങള്‍ക്ക് മേല്‍ അന്താരാഷ്ട്ര സമൂഹം പ്രഖ്യാപിച്ച ഉപരോധത്തെ മറികടക്കാന്‍ ഇന്ത്യക്ക് വമ്പന്‍ ഡിസ്‌കൗണ്ടില്‍ അസംസ്‌കൃത എണ്ണ റഷ്യ വാഗ്ദാനം ചെയ്തിരുന്നു. യുക്രൈനിലെ റഷ്യന്‍ അധിനിവേശം ആരംഭിക്കുന്നതിന് മുമ്പുള്ള വിലയില്‍ ക്രൂഡ് ഓയില്‍ നല്‍കാമെന്നാണ് മോസ്‌കോ അറിയിച്ചിരുന്നത്.
അതേസമയം, റഷ്യന്‍ വിദേശകാര്യ മന്ത്രി ഇന്ത്യയിലെത്തിയിരിക്കേ റഷ്യയില്‍ നിന്ന് കൂടുതല്‍ എണ്ണ വാങ്ങരുതെന്ന് യു.എസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. അങ്ങനെ ചെയ്താല്‍ വലിയ ബുദ്ധിമുട്ടിലേക്ക് നീങ്ങുമെന്ന ഭീഷണിയും അവര്‍ ഉയര്‍ത്തിയിരുന്നു. എന്നാല്‍ എന്ത് നടപടിയാണെന്ന് വ്യക്തമാക്കിയിട്ടില്ല. റഷ്യയില്‍നിന്ന് എണ്ണ വാങ്ങുന്നതിന് ഉപരോധമേര്‍പ്പെടുത്താനാണ് യു.എസ് നീക്കമെന്ന് വാര്‍ത്തകളുണ്ട്. എന്നാല്‍ മുന്‍വര്‍ഷങ്ങളിലേത് പോലെ റഷ്യയില്‍ നിന്ന് വിലക്കിഴിവില്‍ ഇന്ത്യ എണ്ണ വാങ്ങുന്നതില്‍ യുഎസിന് വിരോധമില്ലെന്നും എന്നാല്‍ അത് വന്‍തോതില്‍ വര്‍ധിപ്പിക്കരുതെന്നാണ് അവരുടെ നിലപാടെന്നുമാണ് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്.
ഉക്രൈനില്‍ ഫെബ്രുവരി 23ന് റഷ്യന്‍ ആക്രമണം ആരംഭിക്കുന്ന വേളയില്‍ 97 യുഎസ് ഡോളറായിരുന്നു അസംസ്‌കൃത എണ്ണയുടെ വില. വില 14 വര്‍ഷത്തെ ഉയര്‍ന്ന നിരക്കായ 139 ഡോളര്‍ വരെ ഉയര്‍ന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയായി ഇന്ത്യയിലും ഇന്ധന വില കുതിച്ചുയര്‍ന്നു. തെരഞ്ഞെടുപ്പ് കാലത്ത് മരവിപ്പു നിര്‍ത്തിയ പെട്രോള്‍ഡീസല്‍ വില, മാര്‍ച്ച് 22 മുതല്‍ ഒമ്പതു തവണയാണ് വര്‍ധിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."