ചെമ്പൂച്ചിറ സ്‌കൂൾ അഴിമതി കേസെടുക്കാത്തത് സി.പി.എം നേതാക്കൾ പിന്നിലുള്ളതുകൊണ്ട്: സതീശൻ
തൃശൂർ
ചെമ്പൂച്ചിറ ഹയർ സെക്കൻഡറി സ്‌കൂളിൽ മൂന്നേമുക്കാൽ കോടി രൂപയ്ക്ക് നിർമിച്ച കെട്ടിട നിർമാണത്തിൽ വൻ അഴിമതി ഉണ്ടായിട്ടും കേസെടുക്കാത്തതിനു കാരണം സി.പി.എം നേതാക്കൾ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ പിന്നിലുള്ളതു കൊണ്ടാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. പൊളിച്ചുമാറ്റുന്ന സ്‌കൂൾ കെട്ടിടം സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെട്ടിട നിർമാണത്തിൽ ബലക്ഷയം ഇല്ലെന്നു പറഞ്ഞ് ക്ലാസുകൾ ആരംഭിക്കാനായിരുന്നു സർക്കാരിന്റെ തീരുമാനം.
അങ്ങനെ ക്ലാസ് നടന്നിരുന്നുവെങ്കിൽ നൂറുകണക്കിന് കുട്ടികൾ അപകടത്തിൽപ്പെട്ടേനെ. സാധാരണക്കാരന് പോലും മനസിലാകുന്ന തരത്തിലുള്ള അഴിമതിയാണ് കെട്ടിട നിർമാണത്തിൽ നടന്നത്. പാലാരിവട്ടം പാലത്തിന്റെ കാര്യത്തിൽ സ്വീകരിച്ചതിന് വിരുദ്ധമായ നിലപാടാണ് ചെമ്പൂച്ചിറ സ്‌കൂൾ കെട്ടിടത്തിന്റെ കാര്യത്തിൽ സ്വീകരിക്കുന്നത്.
കോൺട്രാക്ടർ പണിയുമെന്ന് പറഞ്ഞ് കിഫ്ബിക്ക് ഉത്തരവാദിത്തത്തിൽനിന്ന് ഒഴിഞ്ഞ് മാറാനാകില്ല.
ഉത്തരവാദികൾക്കെതിരേ കേസെടുക്കണമെന്ന് മുഖ്യമന്ത്രിയോടും പൊതുമരാമത്ത് മന്ത്രിയോടും ആവശ്യപ്പെടും. കേസെടുക്കാൻ മടിച്ചാൽ നിയമപരമായ വഴികൾ യു.ഡി.എഫ് തേടുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."