പരീക്ഷ തുടരാൻ ആരോഗ്യ സർവകലാശാല നിരാഹാര സമരം നടത്തി വിദ്യാർഥികൾ
അത്താണി
എം.ബി.ബി.എസ് അവസാന വർഷ പരീക്ഷ നടത്തിപ്പിനെച്ചൊല്ലി ആരോഗ്യ സർവകലാശാലയും വിദ്യാർഥികളും തമ്മിൽ പരസ്യമായ ഏറ്റുമുട്ടലിൽ. പരീക്ഷയിൽ മാറ്റമില്ലെന്ന് സർവകലാശാല പ്രഖ്യാപിച്ചതിന് പിന്നാലെ നിരാഹാര സമരവുമായി വിദ്യാർഥികളും രംഗത്തെത്തി.ഒരു വർഷത്തെ ക്ലാസുകളും പരിശീലനങ്ങളും ആറ് മാസത്തിനുള്ളിൽ തീർത്ത് പരീക്ഷ നടത്തുന്നതായി ആരോപിച്ചാണ് വിദ്യാർഥി പ്രതിഷേധം.
കോട്ടയം, തൃശൂർ , കൊല്ലം , എറണാംകുളം ജില്ലകളിലെ വിവിധ കോളജുളിലെ വിദ്യാർഥികൾ സർവകലാശാല കവാടത്തിൽ നിരാഹാര സമരം നടത്തി.
കോട്ടയം ഗവ. മെഡിക്കൽ കോളജിലെ അവസാന വർഷ എം.ബി.ബി.എസ് വിദ്യാർഥിയും തിരുവനന്തപുരം സ്വദേശിയുമായ എം.ജെ അനന്തനാരായണനാണ് നിരാഹാരമനുഷ്ഠിച്ചത്. ഓൾ ഇന്ത്യ മെഡിക്കൽ മാനേജ്മെൻ്റ് കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം അവസാന വർഷ വിദ്യാർഥിക്ക് 792 മണിക്കൂറിന്റെ ക്ലിനിക്കൽ പോസ്റ്റിങ് ആവശ്യമുണ്ട്. കൊവിഡ് സാഹചര്യത്തിൽ 530 മണിക്കൂറോളം മാത്രമേ പൂർത്തീകരിക്കാൻ സാധിച്ചിട്ടുള്ളൂ.
മറ്റുള്ള കോഴ്സുകളിൽ നിന്ന് വ്യത്യസ്തമായി ക്ലിനിക്കൽ അറിവുകൾ അത്യന്താപേക്ഷിതമായ എം.ബി.ബി.എസ് പോലൊരു കോഴ്സിൽ സിലബസ് പൂർത്തിയായതിന് ശേഷം മാത്രം പരീക്ഷ നടത്തുക എന്ന ന്യായമായ ആവശ്യത്തിന് മുന്നിൽ തീർത്തും നിഷേധാത്മകമായ നിലപാടാണ് സർവകലാശാല തുടക്കം മുതലേ സ്വീകരിച്ചു വരുന്നതെന്നും വിദ്യാർഥികൾ പറയുന്നു.
വിദ്യാർഥികളുടെ ആവശ്യം മുൻനിർത്തി ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന പരീക്ഷ നിർത്തിവച്ച് ക്ലിനിക്കൽ പോസ്റ്റിങ് ഉറപ്പുവരുത്തി മൂന്നുമാസത്തിനുശേഷം സ്പെഷ്യൽ പരീക്ഷ നടത്തണമെന്നും ഇവർ ആവശ്യപ്പെടുന്നു.
അതുവരെ സമരവുമായി മുന്നോട്ട് പോകുമെന്നും വിദ്യാർഥികൾ അറിയിച്ചു.
എന്നാൽ അവസാന വർഷ പരീക്ഷയിൽ മാറ്റമില്ലെന്നാണ് ആരോഗ്യ സർവകലാശാല കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. 3,600 വിദ്യാർഥികളിൽ 1,700 പേരും വ്യാഴാഴ്ചത്തെ പരീക്ഷ ബഹിഷ്കരിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."