പടക്ക നിര്‍മാണ ശാലയില്‍ ഇടിമിന്നലേറ്റു സ്ഫോടനം; രണ്ടു മരണം
നെടുമങ്ങാട്: പാലോട് നന്ദിയോടിന് സമീപം ചൂടലിലെ പടക്ക നിര്‍മാണ ശാലയില്‍ ഇടിമിന്നലേറ്റുണ്ടായ സ്ഫോടനത്തില്‍ രണ്ടുപേര്‍ മരിച്ചു. ഉടമസ്ഥനായ പാലുവള്ളി ചിത്രാ ഭവനില്‍ ശൈലസ് (65), തൊഴിലാളിയായ ചൂടല്‍ പൊയ്യാറ്റ് മണ്‍പുറത്ത് വീട്ടില്‍ സുശീല (55) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് മൂന്നോടെയായിരുന്നു സംഭവം. ശൈലസിന്റെ ഉടമസ്ഥതയില്‍ പത്തായക്കയത്തിലുള്ള പടക്കനിര്‍മാണ ശാലയിലായിരുന്നു പൊട്ടിത്തെറി. ഉച്ചതിരിഞ്ഞ് പ്രദേശത്ത് ശക്തമായ ഇടിയും മഴയുമായിരുന്നു. മറ്റ് തൊഴിലാളികളെല്ലാം ജോലി കഴിഞ്ഞ് മടങ്ങി.
ശൈലസും സുശീലയും സുശീലയുടെ ഭര്‍ത്താവ് സുകുമാരനും സാധന സാമഗ്രികള്‍ ഒതുക്കിയ ശേഷം മഴയായതിനാല്‍ അവിടെ തങ്ങി. ഇടിമിന്നലില്‍ പൊടുന്നനെ വെടിമരുന്നിന് തീപിടിച്ചു. പിന്നാലെ വന്‍ ശബ്ദത്തോടെ ഉഗ്രസ്ഫോടനമുണ്ടായി. പടക്കനിര്‍മാണ ശാല പൂര്‍ണമായും കത്തിനശിച്ചു. സുശീല സംഭവസ്ഥലത്ത് തന്നെ മരിച്ചു. ശൈലസിന് പൂര്‍ണമായും പൊള്ളലേറ്റു.
ഉടന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശൈലസ് രാത്രിയോടെ മരിച്ചു. ഓടി മാറിയതിനാല്‍ സുകുമാരന്‍ രക്ഷപെട്ടു. സമീപത്തുണ്ടായിരുന്ന ഇരുചക്ര വാഹനവും കത്തിനശിച്ചു. പാലോട് പൊലിസും വിതുര ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
അഞ്ച് വര്‍ഷമായി പത്തായക്കയത്തില്‍ ഫയര്‍ വര്‍ക്സ് എന്ന പേരില്‍ പടക്ക നിര്‍മാണശാല നടത്തി വരികയാണ് ശൈലസ്. ഇരുവരുടെയും മൃതദേഹങ്ങള്‍ സംസ്കരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."