'കൊവിഡ് തരംഗങ്ങളായി നിലനില്‍ക്കും'
കൊറോണ വൈറസിന്റെ സാന്നിധ്യം രാജ്യത്ത് ആദ്യം റിപ്പോര്‍ട്ട് ചെയ്തത് കേരളത്തിലാണ്. സര്‍ക്കാരും ജനങ്ങളും ഒറ്റക്കെട്ടായി തീര്‍ത്ത പ്രതിരോധത്തില്‍ കൊവിഡിനെ നിയന്ത്രിക്കാന്‍ തുടക്കത്തില്‍ കഴിഞ്ഞു. എന്നാല്‍, പൂര്‍വാധികം ശക്തിയായി രോഗവ്യാപനത്തിലേക്കാണ് നാം നീങ്ങുന്നത്. കേരളത്തില്‍ കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി നടപ്പിലാക്കുന്നതിന് മേല്‍നോട്ടം വഹിച്ചത് സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധസമിതിയായിരുന്നു. വിദഗ്ധസമിതി ചെയര്‍മാനും ആരോഗ്യവിദഗ്ധനുമായ
ഡോ. ബി. ഇഖ്ബാല്‍ സുപ്രഭാതം പ്രതിനിധി ജലീല്‍ അരൂക്കുറ്റിയുമായി രണ്ടാംഘട്ട കൊവിഡ് തരംഗത്തെക്കുറിച്ച് സംസാരിക്കുന്നു.
? കൊവിഡിന്റെ രണ്ടാംഘട്ട വ്യാപനത്തെ എങ്ങനെയാണ് വിലയിരുത്തുന്നത്
സ്വാഭാവികമായി പ്രതീക്ഷിച്ചിരുന്നതാണ് കൊവിഡിന്റെ അടുത്തഘട്ടം. ആദ്യഘട്ടം ഫലപ്രദമായി പ്രതിരോധിക്കാന്‍ നമുക്ക് കഴിഞ്ഞു. രണ്ടാംഘട്ടമാണ് തീവ്രസാഹചര്യം സൃഷ്ടിക്കുന്നത്. ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ രോഗം ബാധിച്ചവരുടെ എണ്ണത്തില്‍ ഇന്ത്യ രണ്ടാം സ്ഥാനത്തേക്ക് എത്തിയിരിക്കുന്നു. ദിനംപ്രതി റിപ്പോര്‍ട്ട് ചെയ്യുന്ന രോഗികളുടെ എണ്ണം ഒന്നര ലക്ഷത്തിന് മുകളിലായി. കേരളത്തിലും സ്വാഭാവികമായി വര്‍ധനവിനുള്ള സാഹചര്യമാണ്. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് രോഗം ബാധിക്കാത്തവരുടെ എണ്ണം കേരളത്തില്‍ കൂടുതലാണ്. അത് നമ്മുടെ ഒന്നാംഘട്ട പ്രതിരോധത്തിന്റെ വിജയവുമാണ്. കൊവിഡ് ബാധിതരുടെ എണ്ണം പല സംസ്ഥാനത്തും 40 ശതമാനം വരെയാകുമ്പോള്‍ കേരളത്തില്‍ 10 ശതമാനത്തോളം പേര്‍ക്ക് മാത്രമേ രോഗം ബാധിച്ചിട്ടുള്ളൂ. അതായത് 90 ശതമാനം പേരും രോഗം വരാന്‍ സാധ്യതയുള്ളവരാണ്. അതുകൊണ്ടാണ് വരുന്ന മൂന്നോ നാലോ മാസം വലിയ വെല്ലുവിളിയായി മാറുന്നത്.
?കൊവിഡ് വ്യാപനത്തെ ഘട്ടംഘട്ടമായി വിലയിരുത്തുന്നത് എങ്ങനെയാണ്
കൊവിഡ് മാത്രമല്ല പകര്‍ച്ചവ്യാധികളെല്ലാം തന്നെ പല തരംഗങ്ങളായിട്ടാണ് കടന്നുപോയിരിക്കുന്നതെന്ന് പരിശോധിച്ചാല്‍ മനസിലാകും. മഹാമാരികള്‍ പലപ്പോഴും നൂറ്റാണ്ടുകള്‍ പോലും നീളുന്ന പല തരംഗങ്ങളായാണ് ആവിര്‍ഭവിച്ചിട്ടുള്ളത്. പ്ലേഗ് രണ്ടാം നൂറ്റാണ്ട് (അന്റോണിയന്‍ പ്ലേഗ്), അഞ്ച് - ആറ് നൂറ്റാണ്ട് (കരിമരണ കാലം), 19ാം നൂറ്റാണ്ട് (ഏഷ്യന്‍ പ്ലേഗ്) എന്നിങ്ങനെ ആവര്‍ത്തിച്ച് പ്രത്യക്ഷപ്പെട്ടിരുന്നു. കോളറ 19ാം നൂറ്റാണ്ടില്‍ ആരംഭിച്ച് ഏഴു ഘട്ടങ്ങളിലായി ഇരുപതാം നൂറ്റാണ്ടുവരെ സാന്നിധ്യം അറിയിച്ചു. 19ാം നൂറ്റാണ്ടില്‍ ഏഷ്യാറ്റിക് അല്ലെങ്കില്‍ റഷ്യന്‍ ഫ്‌ളൂ ആയി അരംഭിച്ച് സ്പാനിഷ് ഫ്‌ളൂ (1918- 20), ഏഷ്യന്‍ ഫ്‌ളൂ (1957-58), ഹോങ്കോങ് ഫ്‌ളൂ(1968-69), പന്നിപ്പനി(2009) എന്നിങ്ങനെ അഞ്ചു തരംഗത്തിലൂടെയാണ് വന്നുപോയത്. അന്ന് രോഗനിര്‍ണയ ഉപാധികളുടെ അപര്യാപ്തതയും മരുന്നുകളും വാക്‌സിനുകളും ലഭ്യമാകാന്‍ വൈകിയതുമാണ് പഴയകാല മഹാമാരികള്‍ നീണ്ടുപോയത്. എന്നാല്‍, ഇന്ന് സാഹചര്യം മാറി. പ്രതിരോധ മരുന്നുകളും വാക്‌സിനുകളും വളരെ വേഗം വികസിപ്പിക്കാനും രോഗനിര്‍ണയം പെട്ടെന്ന് നടത്താനും കഴിയുന്നുണ്ട്. മനുഷ്യരില്‍ കാണുന്ന വൈറസുകളെ മാത്രമാണ് പൂര്‍ണമായും ഇല്ലായ്മ ചെയ്യാന്‍ കഴിയുകയുള്ളൂ. മൃഗങ്ങളില്‍നിന്ന് മനുഷ്യരിലേക്ക് വരുന്ന വൈറസുകളെ ഇല്ലായ്മ ചെയ്യാന്‍ കഴിയില്ല. കൊറോണ വൈറസ് മൃഗങ്ങളില്‍നിന്നാണ് വരുന്നത്. നാം പ്രതിരോധം ശക്തമാക്കി കഴിയുമ്പോള്‍ അവ പ്രകൃതിയിലെ മറ്റു ജീവികളിലേക്ക് മാറി നിലനില്‍ക്കും. കോളറയെ പ്രതിരോധിക്കാന്‍ കഴിഞ്ഞെങ്കിലും വൈറസ് ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. എന്നാല്‍, പോളിയോ മനുഷ്യരില്‍ മാത്രം നിലനില്‍ക്കുന്ന വൈറസായിരുന്നു. ഇപ്പോഴും കോളറയും പ്ലേഗുമെല്ലാം റിപ്പോര്‍ട്ടു ചെയ്യുന്നുണ്ട്. കാലക്രമത്തില്‍ കൊവിഡും പ്രാദേശികരോഗമായി മാറും.
?കൊവിഡ് രണ്ടാം വ്യാപനത്തില്‍ ഏത് രീതിയിലുള്ള പ്രതിരോധമാണ് തീര്‍ക്കാന്‍ കഴിയുക
കൊവിഡിനെ ഒരുപരിധിവരെ ഫലപ്രദമായി പ്രതിരോധിക്കാന്‍ നമുക്ക് കഴിയുന്നുണ്ട്. മൂന്ന് കാര്യങ്ങളാണ് ചെയ്യാന്‍ കഴിയുന്നത്. ഒന്ന്, എല്ലാവരെയും വളരെ വേഗത്തില്‍ വാക്‌സിനേഷന്‍ ചെയ്യുക. ജനസംഖ്യ ഏറെയുള്ള രാജ്യമായതിനാല്‍ ഘട്ടംഘട്ടമായി മാത്രമേ ഇത് സാധ്യമാകുകയുള്ളൂ. നിലവില്‍ 45 വയസിന് മുകളിലുള്ളവരെ വേഗത്തില്‍ വാക്‌സിന്‍ നല്‍കി സുരക്ഷിതരാക്കുക. രണ്ടാമത്, ശരീര ദൂരം, മാസ്‌ക് ധരിക്കുക, കൈ കഴുകുക (എസ്.എം.എസ്) എന്നീ നമ്മള്‍ തുടങ്ങിവച്ച പ്രതിരോധശീലങ്ങള്‍ തുടരുക. മൂന്നാമതായി ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുക. ഇവയിലെല്ലാം തുടര്‍ച്ചയായ ബോധവല്‍ക്കരണം ആവശ്യമാണ്. അതിനായി ഓരോരുത്തരും ആരോഗ്യപ്രവര്‍ത്തകരായി മാറണമെന്നാണ് എനിക്ക് പറയാനുള്ളത്. കുടുംബത്തിലും ഓഫിസിലും കൂട്ടുകാര്‍ക്കിടയിലുമെല്ലാം മറ്റുള്ളവരുടെ കാര്യത്തില്‍ കൂടി ജാഗ്രത പുലര്‍ത്തണം. ആഘോഷങ്ങളിലും ഉത്സവങ്ങളിലും സ്വയം നിയന്ത്രണങ്ങള്‍ കൊണ്ടുവരണം.
?45 വയസിന് മുകളിലുള്ളവരെ മാത്രമല്ലേ വാക്‌സിനേഷനില്‍ ഇപ്പോള്‍ ഉള്‍പ്പെടുത്തിയിട്ടുള്ളൂ. ഇത് വിമര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ടല്ലോ
ഡോക്ടര്‍മാരുടെ സംഘടനയുടെ ഉത്തരവാദിത്വപ്പെട്ട പദവിയില്‍ ഇരിക്കുന്നയാള്‍ അത്തരത്തില്‍ പറയുന്നത് ഞാന്‍ വായിച്ചു. ശുദ്ധ അസംബന്ധമായിട്ടാണ് തോന്നിയത്. പുതിയൊരു വാക്‌സിന്‍ കണ്ടെത്തി കഴിയുമ്പോള്‍ അതിന്റെ ദൗര്‍ലഭ്യത വലിയൊരു പ്രശ്‌നമാണ്. വാക്‌സിനുണ്ടെങ്കില്‍ എല്ലാവര്‍ക്കും നല്‍കണമെന്നാണ് എന്റെയും അഭിപ്രായം. അതിന് ആരും എതിരല്ല. കൂടുതല്‍ ജനസംഖ്യയുള്ള ഒരു രാജ്യമെന്ന നിലയില്‍ ഇപ്പോള്‍ ആവശ്യക്കാരെ അനിവാര്യതയനുസരിച്ച് തരംതിരിച്ച് മാത്രമേ നല്‍കാന്‍ കഴിയുകയുള്ളൂ. പ്രതിരോധശക്തി കൂടുതലുള്ളവര്‍ എന്ന നിലയിലാണ് 45 വയസിന് താഴെയുള്ളവരെ അടുത്ത ഘട്ടത്തിലേക്കായി മാറ്റിനിര്‍ത്തിയത്. വാക്‌സിനിന്റെ ഉല്‍പാദനം വര്‍ധിപ്പിച്ചും കൂടുതല്‍ കമ്പനികളുടെ വാക്‌സിന്‍ അനുവദിച്ചും മാത്രമേ ലഭ്യത വര്‍ധിപ്പിക്കാന്‍ കഴിയുകയുള്ളൂ.
?മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള വാക്‌സിന്‍ എടുത്തവരില്‍ രോഗം വന്നതും വാക്‌സിന്‍ എടുക്കുമ്പോഴുള്ള ആരോഗ്യപ്രശ്‌നങ്ങളുമെല്ലാം വാക്‌സിനേഷനെക്കുറിച്ച് ആളുകളില്‍ ആശങ്ക സൃഷ്ടിക്കുന്നുണ്ടല്ലോ
നാം നല്‍കുന്ന രണ്ട് വാക്‌സിനുകളും രണ്ടാമത്തെ ഡോസ് സ്വീകരിച്ചശേഷം രണ്ടാഴ്ച കഴിയുമ്പോള്‍ മാത്രമേ പൂര്‍ണ പ്രതിരോധശക്തി നേടുകയുള്ളൂ. മുഖ്യമന്ത്രി ആദ്യ ഡോസ് മാത്രമേ സ്വീകരിച്ചിട്ടുള്ളൂ. വാക്‌സിനിന്റെ പ്രതിരോധം പല ഘടകങ്ങളെ ആശ്രയിച്ചാണ് ഒരാളില്‍ നിലകൊള്ളുന്നത്. പ്രായം കൂടുംതോറും വാക്‌സിന്‍ പ്രതിരോധം തീര്‍ക്കുന്നതിനുള്ള സാധ്യത കുറയും. കൂടാതെ ഒരാള്‍ക്കുള്ള രോഗങ്ങള്‍, അയാള്‍ കഴിക്കുന്ന മരുന്നുകള്‍, ജീവിതശീലങ്ങള്‍ എന്നിവയെല്ലാം വാക്‌സിന്‍ നല്‍കുന്ന പ്രതിരോധത്തില്‍ ഏറ്റക്കുറച്ചില്‍ സൃഷ്ടിക്കും. പിന്നെ വാക്‌സിന്‍ സ്വീകരിക്കുമ്പോഴുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ സംബന്ധിച്ചുള്ള തെറ്റിദ്ധാരണ പരത്തുന്ന വാര്‍ത്തകള്‍ സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിക്കുന്നുണ്ട്. ഓരോരുത്തരുടെയും ആരോഗ്യസ്ഥിതി അനുസരിച്ചാണ് വാക്‌സിന് ശരീരത്തില്‍ ചെല്ലുമ്പോള്‍ പ്രതികരണങ്ങള്‍(പനി, ശരീര വേദന, ക്ഷീണം) ഉണ്ടാകുന്നത്. പ്രായം കുറഞ്ഞവരിലാണ് ഇത്തരം ലക്ഷണങ്ങള്‍ കൂടുതല്‍ കാണുക. അത് ഏത് വാക്‌സിന്‍ എടുക്കുമ്പോഴും സ്വാഭാവികമായി ശരീരത്തിലുണ്ടാകുന്നതാണ്. വാക്‌സിനിന്റെ ഉപയോഗംമൂലം വലിയ തോതില്‍ പ്രശ്‌നങ്ങളുണ്ടായിട്ടില്ല. ഹൃദയശസ്ത്രക്രിയ നടത്തുമ്പോള്‍ മരണം സംഭവിക്കുന്ന ഘട്ടങ്ങളുമില്ലേ, എന്നതുകൊണ്ട് ശസ്ത്രക്രിയ ഒഴിവാക്കാന്‍ കഴിയില്ലല്ലോ. എല്ലാ വാക്‌സിനും 70-80 ശതമാനം വിജയസാധ്യതയാണ് കല്‍പിച്ചിരിക്കുന്നത്. 30 ശതമാനം പേരില്‍ പ്രതിരോധം തീര്‍ക്കാതെയും വരും.
?കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കുന്നില്ല. സ്‌കൂളുകള്‍ പൂര്‍ണമായി തുറക്കാനാവാതെ എത്ര കാലം തുടരാനാവും
കുട്ടികളുടെ കാര്യത്തില്‍ വാക്‌സിനേഷന്‍ അനിവാര്യമായ അവസ്ഥയല്ല ഉള്ളത്. അമേരിക്കയില്‍ പോലും വാക്‌സിനേഷന്‍ കുട്ടികള്‍ക്ക് നല്‍കുന്നില്ല. ശരീരത്തിലെ പ്രത്യേകതരം കോശത്തിന്റെ പൂട്ട് തുറന്നാണ് വൈറസ് ശരീരത്തിനുള്ളില്‍ കയറുന്നത്. ഇതിന് വൈറസ് ഉപയോഗിക്കുന്ന താക്കോലാണ് പൈപ്രോട്ടീന്‍. വൈറസിന്റെ ഈ പ്രോട്ടീനാണ് വാക്‌സിനിലെ മുഖ്യഘടകം. കുട്ടികളില്‍ കോശത്തിന്റെ ഘടന വ്യത്യാസമുണ്ട്. അതുകൊണ്ട് സ്വാഭാവികമായ പ്രതിരോധശക്തി അവര്‍ക്ക് ഫലപ്രദമാണ്. എന്നാല്‍, ശരീരത്തിനുള്ളിലേക്ക് കയറുന്നില്ലെങ്കിലും അവരിലൂടെ വൈറസിന്റെ വ്യാപനം സാധ്യമാകും. ഇത് തടയാനാണ് സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും അവധി നല്‍കിയത്. 18 വയസിന് താഴെയുള്ളവര്‍ക്ക് വാക്‌സിനില്ലാതെ തന്നെ കൊവിഡിനെ പ്രതിരോധിക്കാന്‍ കഴിഞ്ഞേക്കും. എന്നാല്‍ ചില അസുഖങ്ങളുള്ളതും പ്രതിരോധശക്തി കുറഞ്ഞതുമായ കുട്ടികളില്‍ അപകടകരമായി മാറുകയും ചെയ്യും. കുട്ടികള്‍ക്ക് വേണ്ടിയുള്ള വാക്‌സിനുകളും ഗവേഷണശാലകള്‍ വികസിപ്പിക്കുന്നുണ്ട്.
?വീണ്ടും ലോക്ക്ഡൗണ്‍ പോലുള്ള നിയന്ത്രണങ്ങള്‍ വരുത്തേണ്ട സാഹചര്യമുണ്ടോ
ലോക്ക്ഡൗണ്‍ ദീര്‍ഘകാലയളവില്‍ പ്രായോഗികമായ രീതിയല്ല. രോഗത്തിന്റെ ആഗമനം വൈകിപ്പിക്കാന്‍ ലോക്ക്ഡൗണ്‍ ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ക്ക് കഴിഞ്ഞു. ജനങ്ങള്‍ കൂടുതല്‍ ബോധവാന്മാരായി. പ്രതിരോധരീതികള്‍ ശീലിച്ചു. ലോക്ക്ഡൗണ്‍ ഉണ്ടാക്കുന്ന സാമ്പത്തിക, സാമൂഹ്യ പ്രത്യാഘാതം വളരെ വലുതാണ്. വാക്‌സിനേഷന്‍ 60 ശതമാനം പേരിലും എത്തുന്നതുവരെ ചില നിയന്ത്രണങ്ങള്‍ വേണ്ടിവരും. തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ കൂടുതല്‍ പേരില്‍ രോഗം പടരുന്നതിനുള്ള സാധ്യത സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ബോധവല്‍ക്കരണം ശക്തിപ്പെടുത്തുകയുമാണ് ചെയ്യേണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."